തൃശൂര്‍ : കോവിഡില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായ വിതരണത്തിന്റെ ഭാഗമായി 103 കുട്ടികള്‍ക്കു രണ്ടു ഘട്ടങ്ങളിലായി സഹായം നല്കി. രണ്ടാംഘട്ട വിതരണത്തില്‍ 10 ജില്ലകളില്‍നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ ഭാഗമായി 47 കുട്ടികള്‍ക്കായി 1.48 കോടി രൂപ അനുവദിച്ചു.
ഇതില്‍ ഫിക്സഡ് ഡിപ്പോസിറ്റായി ഒരുകുട്ടിക്ക് ഒറ്റത്തവണ സഹായമായ മൂന്നുലക്ഷം രൂപ വച്ച് 1.41 കോടിയും 2000 രൂപ നിരക്കില്‍ പ്രതിമാസ ധനസഹായമായി 7,64,000 രൂപയും ഉള്‍പ്പെടും.
ഫിക്സഡ് ഡിപ്പോസിറ്റ് 18 വയസിനു ശേഷം കുട്ടിക്കു പിന്‍വലിക്കാം. 18 വയസ് പൂര്‍ത്തിയാകുന്നതുവരെ പ്രതിമാസ തുക അനുവദിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 12 ജില്ലകളില്‍ നിന്നായി 56 കുട്ടികള്‍ക്ക് സ്ഥിര നിക്ഷേപമായും പ്രതിമാസ ധനസഹായമായും 1.73 കോടി രൂപ അനുവദിച്ചു.
രണ്ടാംഘട്ടത്തില്‍ കൊല്ലം ജില്ലയില്‍ എട്ട് കുട്ടികള്‍ക്കായി 24.16 ലക്ഷം രൂപയും, പത്തനംതിട്ടയില്‍ ഒരു കുട്ടിക്ക് 3.18 ലക്ഷവും ആലപ്പുഴയിലും എറണാകുളത്തും അഞ്ച് കുട്ടികള്‍ക്ക് വീതം 16.42, 15.96 ലക്ഷവും, തൃശൂരില്‍ എട്ട് കുട്ടികള്‍ക്കായി 24.08, പാലക്കാട് രണ്ട് കുട്ടികള്‍ക്ക് 6.60, ഇടുക്കിയില്‍ ആറ് കുട്ടികള്‍ക്കായി 19.08, മലപ്പുറത്ത് നാല് കുട്ടികള്‍ക്ക് 12.72, കണ്ണൂരില്‍ മൂന്ന് കുട്ടികള്‍ക്ക് 9.36, കാസര്‍ഗോഡ് അഞ്ച് കുട്ടികള്‍ക്കായി 15.64 ലക്ഷവും ആണ് വിതരണം ചെയ്യുന്നത്. ജില്ലാ കലക്ടര്‍ മുഖേന കുട്ടികളുടെ വെരിഫിക്കേഷന് നടത്തി പി.എം. കെയര്‍ പോര്‍ട്ടലില്‍ അപ്രൂവല്‍ രേഖപ്പെടുത്തിയവര്‍ക്കാണ് ധനസഹായം.
കുട്ടികളുടെ വിവരം ജില്ലകളില്‍ ശേഖരിക്കുകയും കേന്ദ്ര ബാലാവകാശ സംരക്ഷണ കമ്മിഷന് തയാറാക്കിയ ബാല്സ്വരാജ് പോര്‍ട്ടലില്‍ രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്. കൂടാതെ ഈ കുട്ടികളുടെ ബിരുദം വരെയുള്ള പഠനച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു വഹിക്കും.