സ്വര്‍ണക്കടത്തിലെ കള്ളപ്പണയിടപാടു കേസില്‍ സ്വപ്‌ന സുരേഷിനെ എന്‍ഫോഴ്‌സ്‌മന്റ്‌ ഡയറക്‌ടറേറ്റ്‌ മാപ്പുസാക്ഷിയാക്കും

0

കൊച്ചി നയതന്ത്ര സ്വര്‍ണക്കടത്തിലെ കള്ളപ്പണയിടപാടു കേസില്‍ സ്വപ്‌ന സുരേഷിനെ എന്‍ഫോഴ്‌സ്‌മന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി.) മാപ്പുസാക്ഷിയാക്കും. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്‌ഥന്‍ ഡല്‍ഹിയിലെ ഇ.ഡി. ഡയറക്‌ടറേറ്റിനെ അറിയിച്ചു. പ്രതിയെ മാപ്പുസാക്ഷിയാക്കാന്‍ അന്വേഷണ ഉദ്യോഗസ്‌ഥനു നിയമപരമായ അധികാരമുണ്ടെങ്കിലും ശ്രദ്ധേയമായ കേസായതിനാലാണു ഡയറക്‌ടറേറ്റിനെ അറിയിച്ചിരിക്കുന്നത്‌. ഡയറക്‌ടറേറ്റിന്റെ മറുപടിയെത്തിയശേഷം തുടര്‍നടപടി സ്വീകരിക്കും. മാപ്പുസാക്ഷിയാകാന്‍ സ്വപ്‌ന സമ്മതമറിയിച്ചിട്ടുണ്ട്‌. കൂട്ടുപ്രതി പി.എസ്‌. സരിത്തും ഇ.ഡിയുമായി സഹകരിക്കുമെന്നാണു സൂചന.
സ്വര്‍ണക്കടത്ത്‌, ലൈഫ്‌ മിഷന്‍, ഡോളര്‍കടത്തു കേസുകളില്‍ സ്വപ്‌നയും സരിത്തും ഒന്നിച്ചു നീങ്ങുമ്പോള്‍ മറ്റെല്ലാ പ്രതികളും മറ്റൊരു സംഘമായാണു നീങ്ങുന്നത്‌. പ്രതികള്‍ക്കിടയില്‍ വിള്ളലുണ്ടാക്കാന്‍ കഴിഞ്ഞതു അന്വേഷണ ഏജന്‍സികള്‍ക്കു നേട്ടമാണ്‌.
പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അശ്വത്ഥാമാവ്‌ വെറും ഒരാന എന്ന പുസ്‌തകം വിവാദമായ ശേഷമാണ്‌ പ്രതികരണവുമായി സ്വപ്‌ന രംഗത്തെത്തിയത്‌. എല്ലാവരും കൈവിട്ടെന്ന തോന്നലിലാണു സ്വപ്‌ന മാപ്പുസാക്ഷിയാകാന്‍ തയാറായതെന്നാണു സൂചന.
മുഖ്യമന്ത്രിക്കെതിരേ വ്യാജമൊഴി നല്‍കിയാല്‍, മാപ്പുസാക്ഷി ആക്കാമെന്ന്‌ ഇ.ഡി. സ്വപ്‌നയ്‌ക്കു വാഗ്‌ദാനം നല്‍കിയെന്നു സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസ്‌ ഉദ്യോഗസ്‌ഥ നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍, മാപ്പുസാക്ഷിയാകാന്‍ സ്വപ്‌ന അന്നു തയാറായിരുന്നില്ല. ഒളിവിലും ജയിലിലും കഴിഞ്ഞ കാലത്തു തന്റെ രണ്ടു ശബ്‌ദരേഖകള്‍ പുറത്തുവിട്ടത്‌ എം. ശിവശങ്കരന്‍ നിര്‍ദ്ദേശിച്ച പ്രകാരമാണെന്നു സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം ഇ.ഡിയുടെ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സ്വപ്‌നയ്‌ക്കൊപ്പം സരിത്തും എറണാകുളത്ത്‌ എത്തിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ അറിയിച്ചതോടെ പിന്നീടു ഹാജരാകാന്‍ സ്വപ്‌നയോടു ഇ.ഡി. ഉദ്യോഗസ്‌ഥര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ഡോളര്‍ കടത്തുകേസില്‍ സ്വപ്‌നയേയും സരിത്തിനെയും മാപ്പുസാക്ഷികളാക്കാന്‍ കസ്‌റ്റംസ്‌ നേരത്തെ ആലോചിച്ചിരുന്നു. ഈ കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുമില്ല. സ്വപ്‌നയുടെ രഹസ്യ മൊഴിയില്‍ ഉന്നതരെപ്പറ്റിയുള്ള വിവരങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണു അന്വേഷണ ഏജന്‍സികളുടെ നിര്‍ണായക നീക്കം. കസ്‌റ്റംസിനു നല്‍കിയ രഹസ്യമൊഴിയില്‍ പല പ്രമുഖരുടെയും പേരു പരാമര്‍ശിക്കുന്നുണ്ടെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു.

Leave a Reply