വൈദ്യുതിബോര്‍ഡ്‌ ചെയര്‍മാന്‍ ബി. അശോകിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റില്‍ ഷോക്കടിച്ചു വൈദ്യുതിവകുപ്പും ഇടതുയൂണിയനുകളും

0

തിരുവനന്തപുരം : വൈദ്യുതിബോര്‍ഡ്‌ ചെയര്‍മാന്‍ ബി. അശോകിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റില്‍ ഷോക്കടിച്ചു വൈദ്യുതിവകുപ്പും ഇടതുയൂണിയനുകളും. മുന്‍ ഇടതു സര്‍ക്കാരിന്റെ ഭരണകാലത്ത്‌ ബോര്‍ഡില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നെന്നും ഇടതുയൂണിയനുകള്‍ക്ക്‌ സജീവ പങ്കാളിത്തമുണ്ടെന്നുമായിരുന്നു ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലൂടെ ചെയര്‍മാന്റെ ആരോപണം.
മന്ത്രിയുടെ അഭിപ്രായം ചെയര്‍മാന്‍ പറഞ്ഞതാണോയെന്ന്‌ അന്വേഷിക്കണമെന്ന ആവശ്യവുമായി മുന്‍ വൈദ്യുതിമന്ത്രി എം.എം. മണി രംഗത്തെത്തി. ആരോപണങ്ങള്‍ തന്റെ അറിവോടെയല്ലെന്നാണു വൈദ്യുതി മന്ത്രി കെ. കൃഷ്‌ണന്‍കുട്ടിയുടെ പ്രതികരണം.
ബോര്‍ഡ്‌ ആസ്‌ഥാനത്തെ സുരക്ഷയ്‌ക്കു വ്യവസായ സുരക്ഷാസേനയെ വിനിയോഗിച്ചതിനെതിരേ ഇടതുസംഘടനകള്‍ സമരം തുടരുന്നതിനിടെയാണ്‌ പഴയ ക്രമക്കേടുകള്‍ ആരോപിച്ച്‌ ചെയര്‍മാന്‍ ഡോ. ബി. അശോക്‌ രംഗത്തെത്തിയത്‌. “കടയ്‌ക്കു തീ പിടിച്ചിട്ടില്ല.. നാട്ടുകാര്‍ ഓടിവരേണ്ടതുമില്ല…” എന്ന തലക്കെട്ടിലാണ്‌ ഫെയ്‌സ്‌ബുക്കില്‍ അദ്ദേഹം കുറിപ്പിട്ടത്‌.
ബോര്‍ഡില്‍നിന്നു സുപ്രധാന വിവരങ്ങള്‍ ചോരുന്നതുകൊണ്ടാണ്‌ സുരക്ഷാച്ചുമതല വ്യവസായിക സുരക്ഷാസേനയെ ഏല്‍പ്പിച്ചത്‌. കരാര്‍ വിവരങ്ങള്‍ ഉള്‍പ്പെടെ പല സുപ്രധാന വിവരങ്ങളും ആസ്‌ഥാനത്തു നിന്നു ചോരുന്നുവെന്ന്‌ പോസ്‌റ്റില്‍ ആരോപിച്ചു. കഴിഞ്ഞ ശമ്പള പരിഷ്‌കരണം സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ്‌. ഇക്കാര്യം എ.ജി. ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.
ഫുള്‍ ബോര്‍ഡോ മാനേജിങ്‌ ഡയറക്‌ടറോ അറിയാതെ വര്‍ഷം 12 കോടി രൂപ ചെലവില്‍ 90 ഉദ്യോഗസ്‌ഥരെ വാട്‌സ്‌ആപ്പ്‌ സന്ദേശം നല്‍കി നിയമിച്ചത്‌ അച്ചടക്ക നടപടിയിലെത്തിനില്‍ക്കുന്നു. മൂന്നാറിലെ സൊസൈറ്റിക്ക്‌ കെ.എസ്‌.ഇ.ബിയുടെ ഭൂമി പതിച്ചു കൊടുക്കാന്‍ ശ്രമം നടന്നു. ടൂറിസം വികസനത്തിന്‌ പല സൊസൈറ്റികള്‍ക്കും ബോര്‍ഡ്‌ അനുമതിയോ സര്‍ക്കാര്‍ അനുമതിയോ ഇല്ലാതെ സ്‌ഥലം വിട്ടുനല്‍കി. വൈദ്യുതി വാങ്ങാന്‍ മറ്റു കമ്പനികളുമായുണ്ടാക്കിയ കരാര്‍ പോലും ബാധ്യതയായി. വൈദ്യുതി ബോര്‍ഡിന്‌ വര്‍ഷം 500 കോടിയുടെ നഷ്‌ടമുണ്ടാകുന്നതായാണ്‌ 2021 ലെ സി.എ.ജി. റിപ്പോര്‍ട്ട്‌. നിലവില്‍ ഒരുയൂണിറ്റ്‌ വൈദ്യുതി രണ്ടുരൂപ മുതല്‍ 2.50 രൂപവരെ നിരക്കില്‍ ലഭ്യമാകും.
എന്നാല്‍, കെ.എസ്‌.ഇ.ബി.യുടെ വൈദ്യുതി വിതരണ ചിലവ്‌ യൂണിറ്റിന്‌ 6.50 രൂപ മുതല്‍ 6.80 രൂപ വരെയാണ്‌. ബോര്‍ഡ്‌ മറ്റു കമ്പനികളില്‍നിന്ന്‌ യൂണിറ്റിന്‌ 3.25 രൂപ മുതല്‍ 4.25 രൂപ വരെ നിരക്കിലാണ്‌ വൈദ്യുതി വാങ്ങുന്നത്‌. ഒരു യൂണിറ്റ്‌ വൈദ്യുതി കേരളത്തില്‍ ഉത്‌പാദിപ്പിക്കാന്‍ ചെലവാകുന്നത്‌ 0.90 രൂപ മാത്രമാണ്‌. വാങ്ങിയ വിലയുടെ ഇരട്ടിവിലയ്‌ക്ക്‌ വൈദ്യുതി വിറ്റിട്ടും ബോര്‍ഡ്‌ നഷ്‌ടത്തിലാകുന്നത്‌ ജീവനക്കാര്‍ക്ക്‌ ഉയര്‍ന്ന ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും നല്‍കുന്നതിനാലാണ്‌. നിലവിലെ ജീവനക്കാരെ ഫലപ്രദമായി ഉപയോഗിച്ചാല്‍ മികച്ച സേവനം ലഭ്യമാക്കാനാകുമെന്നും ചെയര്‍മാന്‍ പറയുന്നു.

Leave a Reply