കണ്ണൂർ ∙ തോട്ടടയിൽ വിവാഹ പാർട്ടിക്കു നേരെയുണ്ടായ ബോംബേറിൽ യുവാവു കൊല്ലപ്പെട്ട കേസിൽ ഒരാളെക്കൂടി എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കാടാച്ചിറ സ്വദേശി അരുണിനെ (25) ആണ് അറസ്റ്റ് ചെയ്തത്.
ഏച്ചൂർ സംഘത്തെ സഹായിക്കാനെത്തിയ കടമ്പൂർ സ്വദേശി പി.സനാഥിനു വടിവാൾ നൽകിയത് അരുൺ ആണെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. 2 വടിവാളുകൾ അരുണിന്റെ വീടിനു സമീപത്തെ കാടുമൂടിയ പറമ്പിൽ നിന്നു കണ്ടെടുത്തു.
പൊടിക്കുണ്ട് സ്വദേശി അനൂപ് ആണു ബോംബുകളുണ്ടാക്കാൻ ഉപയോഗിച്ച സ്ഫോടകവസ്തുക്കൾ നൽകിയതെന്നു പ്രതികൾ മൊഴി നൽകി. അതേസമയം, സനാഥിനെ തലശ്ശേരി സിജെഎം കോടതി റിമാൻഡ് ചെയ്തു.
കേസിലെ പ്രധാന പ്രതിയും ഏച്ചൂർ സംഘത്തിന്റെ നേതാവുമായ പി.മിഥുൻ ആവശ്യപ്പെട്ടതനുസരിച്ചാണു സനാഥ് വടിവാളുമായി എത്തിയതെന്നു പൊലീസ് പറയുന്നു. സനാഥിന്റെ സഹായിയായ അരുൺ മിഥുന്റെയും സുഹൃത്താണ്. വടിവാൾ എത്തിച്ചു നൽകിയതു താനാണെന്ന് അരുൺ സമ്മതിച്ചതായും തോട്ടടയിൽ ഞായറാഴ്ച ജീപ്പിലെത്തിയ സനാഥിന്റെ സംഘത്തിൽ അരുണും ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.