ഉഡുപ്പിയിലെ ഡിഗ്രി കോളജിൽ ഹിജാബ് ധരിച്ച 60 വിദ്യാർഥിനികളെ ക്ലാസിൽ കയറ്റിയില്ല

0

ബെംഗളൂരു∙ കർണാടകയിലെ ഡിഗ്രി കോളജുകളിൽ മതപരമായ വേഷത്തിനു വിലക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും ഉഡുപ്പിയിലെ ഡിഗ്രി കോളജിൽ ഹിജാബ് ധരിച്ച 60 വിദ്യാർഥിനികളെ ക്ലാസിൽ കയറ്റിയില്ല. സംസ്ഥാനത്തു പലയിടങ്ങളിലായി ഒട്ടേറെ പ്രീയൂണിവേഴ്സിറ്റി (പിയു) കോളജുകളിൽ വിദ്യാർഥിനികളെ മടക്കിയയച്ചത് സംഘർഷാവസ്ഥയുണ്ടാക്കി. അതിനിടെ, ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിലുള്ള സ്കൂളുകളിലും ഹൈക്കോടതിയുടെ അന്തിമ വിധിവരും വരെ മതവേഷ വിലക്ക് ബാധകമാണെന്ന് സർക്കാർ സർക്കുലർ പുറത്തിറക്കി. ഇത്തരം സ്കൂളുകളിൽ ഹിജാബ് അനുവദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണു നടപടി.

ജി.ശങ്കർ മെമ്മോറിയൽ വനിതാ ഫസ്റ്റ് ഗ്രേഡ് കോളജിലാണ് ഹിജാബ് ധരിച്ചവരെ തടഞ്ഞത്. ബെളഗാവി പാരാ മെഡിക്കൽ കോളജിൽ ഹിജാബ് വിലക്ക് ചോദ്യം ചെയ്യാനെത്തിയ 6 പേരെ കസ്റ്റഡിയിലെടുത്തു. ശിവമൊഗ്ഗയിൽ 20 വിദ്യാർഥിനികൾ കോളജിലേക്കു തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. വിജയപുര പിയു കോളജിൽ 20 വിദ്യാർഥിനികൾ പരീക്ഷയെഴുതാതെ മടങ്ങി. ഒരു കോളജിൽ പിയു പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു. ചില കോളജുകൾക്ക് അവധി നൽകി. രാമനഗരയിലും ഹുബ്ബള്ളിയിലും വിദ്യാലയങ്ങൾക്കു ചുറ്റും നിരോധനാജ്ഞ ഏർപ്പെടുത്തി. മിക്കയിടത്തും രക്ഷിതാക്കൾക്കൊപ്പമാണ് വിദ്യാർഥികൾ എത്തിയത്. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു വിദ്യാലയങ്ങൾ.

വെള്ളിയാഴ്ചയെങ്കിലും ഹിജാബ് ധരിച്ച് ക്ലാസിലെത്താൻ അനുവദിക്കണമെന്ന് വിലക്കിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ മുസ്‌ലിം വിദ്യാർഥിനികൾ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. വാദം പരിഗണനയിലെടുക്കാമെന്നു കോടതി അറിയിച്ചു. ഹിജാബ് വിലക്കിനെ അപലപിച്ച് ജഡ്ജിമാരും അഭിഭാഷകരും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെ 765 പേർ ഒപ്പിട്ട തുറന്ന കത്ത് പുറത്തിറക്കി

Leave a Reply