ഭാര്യയെ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രതിയെ ഹൈക്കോടതിയുടെ പേരിൽ അഭിഭാഷകൻ വ്യാജരേഖ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽനിന്നു മോചിപ്പിച്ചെന്നു പരാതി

0

കൊച്ചി ∙ ഭാര്യയെ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രതിയെ ഹൈക്കോടതിയുടെ പേരിൽ അഭിഭാഷകൻ വ്യാജരേഖ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽനിന്നു മോചിപ്പിച്ചെന്നു പരാതി. തിരുവനന്തപുരം കരമന പൊലീസ് സ്റ്റേഷനിലെ കേസിൽ പ്രതിയായ തൈക്കാട് മേലാറന്നൂർ സ്വദേശി പ്രശാന്ത് കുമാറിനെ മോചിപ്പിച്ചതു സംബന്ധിച്ചാണ് അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി. നാരായണൻ ഹൈക്കോടതി റജിസ്ട്രാർ ജനറലിനു പരാതി നൽകിയത്

പ്രശാന്ത്‌ കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ജനുവരി 21 നു പരിഗണിച്ച ജസ്റ്റിസ് പി. ഗോപിനാഥ് സർക്കാരിന്റെ വിശദീകരണം തേടി ഹർജി ഫെബ്രുവരി രണ്ടിനു പരിഗണിക്കാൻ മാറ്റിയെങ്കിലും പ്രതിയുടെ അറസ്റ്റ് തടഞ്ഞ് ഉത്തരവൊന്നുമുണ്ടായില്ല. പക്ഷേ, 2നു കേസ് പരിഗണനയിൽ വന്നില്ല. കേസന്വേഷിച്ച കരമന പൊലീസ് ഇൻസ്പെക്ടർ 12നു 12.30 നു പ്രശാന്തിനെ പിടികൂടി. എന്നാൽ അന്ന് അര മണിക്കൂറിനകം അഡ്വ. ഷാനു എന്നു പേരു പറഞ്ഞയാൾ സ്റ്റേഷനിലെത്തുകയും പ്രതിക്കെതിരെ നടപടി തടഞ്ഞു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടെന്ന് അറിയിക്കുകയും ചെയ്തു.

ഹൈക്കോടതിയുടെ വെബ്സൈറ്റിലെ പേജിന്റെ പകർപ്പെന്ന് അവകാശപ്പെട്ട് ഒരു രേഖ സ്റ്റേഷൻ ഹൗസ് ഓഫിസർക്കു വാട്സാപ്പിലൂടെ നൽകിയതിനെത്തുടർന്നു പ്രതിയെ പൊലീസ് വിട്ടയച്ചു. എന്നാൽ പിന്നീട് അന്വേഷണത്തിൽ പ്രതിക്കെതിരെയുള്ള നടപടികൾ തടഞ്ഞിട്ടില്ലെന്നു വ്യക്തമായി. ഇതോടെ പൊലീസ് പ്രതിയെ വീണ്ടും പിടികൂടി. വ്യാജരേഖയുടെ പേരിൽ നടപടി ആവശ്യപ്പെട്ടാണ് അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പരാതി നൽകിയത്.

Leave a Reply