ആലപ്പുഴയില്‍ വിഭാഗീയത തുടരുന്നെന്നു സി.പി.എം. : ചേര്‍ത്തല, കുട്ടനാട്‌ സ്‌ഥാനാര്‍ഥി നിര്‍ണയം: സി.പി.ഐക്കും എന്‍.സി.പിക്കും വിമര്‍ശനം

0

ആലപ്പുഴ : നിയമസഭാ തെരഞ്ഞെടുപ്പിലെ സ്‌ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ എല്‍.ഡി.എഫ്‌. ഘടകകക്ഷികളായ സി.പി.ഐക്കും എന്‍.സി.പിക്കും സി.പി.എമ്മിന്റെ വിമര്‍ശനം. ഇന്നലെ ആരംഭിച്ച സി.പി.എം. ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറി ആര്‍. നാസര്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ്‌ രണ്ടു മണ്ഡലത്തിലും ഇടതു സ്‌ഥാനാര്‍ഥികള്‍ വിജയിച്ചെന്നതു പോലും കണക്കിലെടുക്കാതെ വിമര്‍ശനം ചൊരിയുന്നത്‌.
ആലപ്പുഴ ജില്ലയില്‍ സി.പി.എമ്മിന്‌ വ്യക്‌തമായ ജനപിന്തുണയുള്ള മണ്ഡലങ്ങളാണ്‌ ചേര്‍ത്തലയും കുട്ടനാടുമെന്നും ചേര്‍ത്തലയില്‍ സി.പി.ഐ. നിര്‍ത്തിയ സ്‌ഥാനാര്‍ഥിക്കെതിരേ അവര്‍ക്കിടയില്‍ത്തന്നെ വലിയ പ്രതിഷേധം നിലനിന്നിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചേര്‍ത്തലയില്‍ മണ്ഡലത്തിനു പുറത്തുനിന്നുള്ള പി. പ്രസാദിനെ സ്‌ഥാനാര്‍ഥിയാക്കിയതിലായിരുന്നു പാര്‍ട്ടിക്കുള്ളിലെ പ്രതിഷേധം. പ്രചാരണത്തിന്റെ അവസാന നിമിഷത്തിലും സജീവമാകാത്ത നിരവധി പ്രവര്‍ത്തകരുണ്ടായിരുന്നു. കുട്ടനാട്ടില്‍ എന്‍.സി.പി. സ്‌ഥാനാര്‍ഥിയാക്കിയ തോമസ്‌ കെ. തോമസിനു മുന്‍ എം.എല്‍.എ, അന്തരിച്ച തോമസ്‌ ചാണ്ടിയുടെ അനുജനാണെന്ന പരിഗണന മാത്രമാണുണ്ടായിരുന്നത്‌. കുട്ടനാട്‌ മണ്ഡലത്തില്‍ എന്‍.സി.പിക്കാര്‍ വിരലിലെണ്ണാവുന്നവരെയുള്ളൂ. തോമസ്‌ കെ. തോമസ്‌ ജനകീയ പൊതുപ്രവര്‍ത്തകനായിരുന്നില്ല.
തോമസ്‌ ചാണ്ടിയുടെ മരണശേഷം ഉപതെരഞ്ഞെടുപ്പ്‌ നടന്നിരുന്നെങ്കില്‍ ഇദ്ദേഹമാണ്‌ സ്‌ഥനാര്‍ഥിയായി വരുന്നതെങ്കില്‍ പരാജയപ്പെടുമെന്ന പ്രചാരണവും അക്കാലഘട്ടത്തില്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ എന്‍.സി.പി ഇദ്ദേഹത്തെ തന്നെയാണു സ്‌ഥാനാര്‍ഥിയായി നിശ്‌ചയിച്ചത്‌.മുന്‍ മന്ത്രിമാരായ ജി. സുധാകരനും തോമസ്‌ ഐസക്കിനും പകരം അമ്പലപ്പുഴ, ആലപ്പുഴ മണ്ഡലങ്ങളില്‍ സ്‌ഥാനാര്‍ഥികളെ നിശ്‌ചയിച്ചപ്പോഴുണ്ടായ പരസ്യ പ്രതിഷേധങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്‌.
അമ്പലപ്പുഴയില്‍ എച്ച്‌. സലാമിനെ സ്‌ഥാനാര്‍ഥിയാക്കിയപ്പോഴുണ്ടായ പോസ്‌റ്റര്‍ പ്രതിഷേധവും ആലപ്പുഴയില്‍ പി.പി. ചിത്തരഞ്‌ജനെ പ്രഖ്യാപിച്ചപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടന്ന പ്രചാരണവും റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്‌.
കായംകുളത്ത്‌ സിറ്റിങ്‌ എം.എല്‍.എ: യു. പ്രതിഭയ്‌ക്കെതിരേ ഒരു വിഭാഗം നടത്തിയ നീക്കവും റിപ്പോര്‍ട്ടിലുണ്ട്‌. കായംകുളത്ത്‌ ഏറെക്കാലമായി മണ്ഡലത്തിനു പുറത്തുനിന്നുള്ളയാളാണു മത്സരിക്കുന്നതെന്നും ഇത്തവണ മണ്ഡലത്തിലുള്ള ഒരു സഖാവ്‌ തന്നെ മത്സരിക്കണമെന്ന അഭിപ്രായം കായംകുളത്തെ നേതാക്കളില്‍നിന്ന്‌ ഉയര്‍ന്നിരുന്നു. എന്നാല്‍ ഒരു ടേണ്‍ മാത്രമേ പൂര്‍ത്തീകരിച്ചിട്ടുള്ളൂവെന്നതുകൊണ്ടും എം.എല്‍.എ. എന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ നല്ല മതിപ്പുളവാക്കിയുകൊണ്ടും പ്രതിഭയെ വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആലപ്പുഴ ജില്ലയില്‍ വിവിധ ഏരിയകളില്‍ വിഭാഗീയത നിലനില്‍ക്കുന്നുവെന്ന ആത്മവിമര്‍ശനം റിപ്പോര്‍ട്ടില്‍ വിശദമായുണ്ട്‌.
വ്യക്‌തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങള്‍ പാര്‍ട്ടിയെ സ്വാധീനിക്കരുതെന്ന മുന്നറിയിപ്പ്‌ പി.ബി. അംഗം എസ്‌. രാമചന്ദ്രന്‍പിള്ള സമ്മേളന പ്രതിനിധികള്‍ക്കു നല്‍കി. ആരെയും ചാരിനില്‍ക്കരുത്‌, അക്കാലം കഴിഞ്ഞു. പാര്‍ട്ടിയായി നില്‍ക്കാന്‍ പഠിക്കണം.
വ്യക്‌തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങള്‍ സ്വാധീനിക്കരുത്‌. അണികള്‍ക്കിടയിലും നേതാക്കള്‍ക്ക്‌ ഇടയിലും മാനസിക ഐക്യം തകര്‍ന്നതു പ്രകടമാണെന്നും എസ്‌.ആര്‍.പി. പറഞ്ഞു. ഇതിനു പിന്നാലെ ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ്‌ ആലപ്പുഴയിലെ സി.പി.എമ്മില്‍ വിഭാഗീയത തുടരുന്നതായി വ്യക്‌തമാക്കിയത്‌.

Leave a Reply