വധഗൂഢാലോചന: നാദിർഷയുടെയും ദിലീപിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും മൊഴിയെടുത്തു

0

കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ നടൻ ദിലീപ് ഉൾപ്പടെയുള്ളവർ ഗൂഢാലോചന നടത്തിയെന്ന കേസിൽ സംവിധായകൻ നാദിർഷയെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തു. ദിലീപിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയും രേഖപ്പെടുത്തി. നാദിർഷയെ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തെന്നാണ് വിവരം. ദിലീപിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചാർട്ടേഡ് അക്കൗണ്ടന്റിൽനിന്നും ചോദിച്ചറിഞ്ഞതെന്നാണ് സൂചന.

ഗൂഢാലോചനക്കേസിൽ ചോദ്യം ചെയ്യാനുള്ളവരുടെ പട്ടിക നേരത്തെ അന്വേഷണ സംഘം തയാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പട്ടികയിലുള്ളവരുടെ ചോദ്യം ചെയ്യലാണ് നടന്നതെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. രണ്ടാഴ്ചയ്ക്കു മുൻപു ചോദ്യംചെയ്യലിനു ഹാജരാകാൻ നാദിർഷയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ താൻ വിദേശത്താണെന്ന് അറിയിച്ചു. തുടർന്നു മടങ്ങി എത്തിയ ശേഷം ചോദ്യം ചെയ്യലിനു ഹാജരാകുകയായിരുന്നു. 2017ൽ നടന്നെന്ന് ആരോപിക്കുന്ന ഗൂഢാലോചനയുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ നാദിർഷയ്ക്ക് അറിയുമോ എന്നാണ് പ്രധാനമായും ചോദിച്ചത്.

ദിലീപും നാദിർഷയും ഈ കാലയളവിൽ പല സ്ഥലങ്ങളിൽ ഒന്നിച്ചു യാത്ര ചെയ്തതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നാദിർഷയെ ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് എന്നാണ് ഉദ്യോഗസ്ഥരിൽനിന്നു ലഭിക്കുന്ന വിവരം. എന്തെങ്കിലും നിർണായക വിവരം ലഭിച്ചോ എന്നു വെളിപ്പെടുത്താൻ ഉദ്യോഗസ്ഥർ തയാറായിട്ടില്ല. ദിലീപുമായി സൗഹൃദവും സിനിമാ, സാമ്പത്തിക ഇടപാടുകളും ഉണ്ടെന്നൊഴിച്ചാൽ മറ്റ് ഇടപെടലുമായി ബന്ധമില്ലെന്നാണ് നാദിർഷ നൽകിയ മൊഴി എന്നാണ് അറിയുന്നത്.

കേസിൽ നടൻ ദിലീപിന്റെ സഹോദരന്‍ അനൂപിനെ ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയിരുന്നു. തിങ്കളാഴ്ച കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ നേരിട്ടു ഹാജരാകാനാണ് അന്വേഷണ സംഘം അനൂപിനോട് ആവശ്യപ്പെട്ടത്. അനൂപിന്റെ ഫോണ്‍ പരിശോധനഫലം ലഭിച്ചശേഷമാണ് നടപടി. ദിലീപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ് എന്നിവരുടെ ഫോൺ വിവരങ്ങൾ സൈബർ ഫൊറൻസിക് പരിശോധനകൾക്കു ശേഷം ഇന്നോ നാളെയോ ലഭിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു. കേസിലെ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ ഫോണിൽ നിന്നു ലഭിച്ചാൽ ഇവരെയും അടുത്ത ദിവസങ്ങളിൽ വീണ്ടും ചോദ്യം ചെയ്യും.

കേസിലെ മുഴുവൻ പ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പ്രതിഭാഗം ഹൈക്കോടതിയിൽ ഹാജരാക്കിയ ഫോണുകളാണു ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചത്. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട 2 ഫോണുകൾ പ്രതിഭാഗം നൽകിയിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി അവ പിടിച്ചെടുക്കാൻ പൊലീസിന് അധികാരമുണ്ടെന്നു ഹൈക്കോടതി വാക്കാൽ പറഞ്ഞെങ്കിലും പ്രതികൾക്കു മുൻകൂർ ജാമ്യം നൽകിയ സാഹചര്യത്തിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്തു ഫോണുകൾ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് ഇതുവരെ കഴിഞ്ഞില്ല.

Leave a Reply