കണിച്ചുകുളങ്ങരയില്‍ കഞ്ചാവ്‌ വേട്ട. ആറ്‌ കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയില്‍

0

ചേര്‍ത്തല: കണിച്ചുകുളങ്ങരയില്‍ കഞ്ചാവ്‌ വേട്ട. ആറ്‌ കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയില്‍. ബുധനാഴ്‌ച രാവിലെ ദേശീയപാതയില്‍ നടത്തിയ പരിശോധനയില്‍ യുവതിയടക്കം രണ്ട്‌ പേരെ പോലീസ്‌ പിടികൂടിയിരുന്നു. പോലീസിനെ കണ്ട്‌ ഓടി രക്ഷപ്പെട്ട ഇവരോടൊപ്പം ഉണ്ടായിരുന്ന മലപ്പുറം കോയ്‌നിപറമ്പില്‍ റിന്‍ഷാദ്‌ (28) നെയാണ്‌ ഇന്നലെ കണിച്ചുകുളങ്ങരയില്‍ നിന്ന്‌ പിടികൂടിയത്‌. ഇതോടെ രണ്ട്‌ ദിവസങ്ങളിലായി പോലീസ്‌ പിടികൂടിയ പ്രതികളുടെ എണ്ണം മൂന്നായി.
എട്ട്‌ കിലോ കഞ്ചാവും ഇവരുടെ പക്കല്‍ നിന്ന്‌ കണ്ടെത്തി. ആലപ്പുഴ ഡാന്‍സാഫ്‌ സ്‌ക്വാഡും മാരാരിക്കുളം പോലീസും ചേര്‍ന്ന്‌ ചേര്‍ത്തല മതിലകം ആശുപത്രി സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ്‌ കാറില്‍ കഞ്ചാവുമായി എത്തിയ സംഘം വലയിലായത്‌. എറണാകുളം ഞാറയ്‌ക്കല്‍ കളത്തില്‍ വീട്ടില്‍ സുകന്യ (25), മലപ്പുറം അണ്ടിക്കാട്ട്‌ മേല്‍മുറി ജൂനൈദ്‌ (26) എന്നിവരെ പിടികൂടിയിരുന്നു. പോലീസിനെ കണ്ട റിന്‍ഷാദ്‌ കഞ്ചാവ്‌ സൂക്ഷിച്ചിരുന്ന ബാഗുമായി രക്ഷപ്പെടുകയായിരുന്നു. ഇയാളെ കണിച്ചുകുളങ്ങര ഭാഗത്തുനിന്നു പിടികൂടുകയായിരുന്നു.
ജൂനൈദ്‌ ആന്ധ്രയില്‍ നിന്ന്‌ കഞ്ചാവ്‌ വാങ്ങി മലപ്പുറത്ത്‌ ശേഖരിച്ച്‌ ഇവിടെ നിന്നും എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലെ മൊത്ത വില്‍പ്പനക്കാര്‍ക്ക്‌ കൈമാറുകയാണ്‌ ചെയ്‌തിരുന്നതെന്നും സംഘത്തിലെ മറ്റുള്ളവരെ കുറിച്ച്‌ അനേ്വഷണം ആരംഭിച്ചതായും പോലീസ്‌ പറഞ്ഞു. പ്രതികളെ കോവിഡ്‌ പരിശോധനക്ക്‌ ശേഷം കോടതിയില്‍ ഹാജരാക്കും. മാരാരിക്കുളം ഇന്‍സ്‌പെക്‌ടര്‍ എസ്‌. രാജേഷ്‌, സബ്‌ ഇന്‍സ്‌പെക്‌ടര്‍ സെസില്‍ ക്രിസ്‌റ്റ്‌ രാജ്‌, ഗ്രേഡ്‌ എസ്‌.ഐ ജോഷി, അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ പിടികൂടിയത്‌.

Leave a Reply