പെരുമ്പാവൂരിൽ 19 ബാറുകൾ; എക്സൈസിന് മാസപ്പടി 35,000; പോലീസിന് 25,000; രാഷ്ട്രീയ പാർട്ടികൾക്ക് മാസപ്പടിയും വാർഷിക പിരിവും; ഗതിക്കെട്ട് കച്ചവടം പിടിക്കാൻ പുതിയ ഓഫറുകളുമായി ബാറുടമകൾ; അൽ ഫാം 60 രൂപ, ബോട്ടി 10 രൂപ, ലിവർ 10 രൂപ, മീൻ കറി ഊണ് 30 രൂപ, ബിരിയാണി 40 രൂപ, ബീഫ് 30 രൂപ, ദോശ 5 രൂപ, പൊറോട്ട അഞ്ച് രൂപ…. വിലക്കുറവ് കണ്ട് ഞെട്ടി ഹോട്ടലുടമകൾ

0

ചിലയിടത്ത് ഫ്രീ, ചിലയിടത്ത് തുച്ഛമായ വില. കോവിഡ് പ്രതിസന്ധി മറികടക്കാൻ പുതിയ ബിസിനസ് തന്ത്രവുമായി ബാറുടമകൾ. ഭക്ഷണ സാധനങ്ങൾ വൻ വിലക്കുറവിലും സൗജന്യമായും നൽകി മദ്യപാനികളെ ബാറുകളിലേക്ക് ആകർഷിക്കാനാണ് നീക്കം. ബാർ ഹോട്ടൽ ലൈസൻസിൻ്റെ മറവിൽ തട്ടുകടകളും മറ്റും തുറന്നാണ് വിൽപ്പന.
അൽ ഫാം 60 രൂപ, ബോട്ടി 10 രൂപ, ലിവർ 10 രൂപ, മീൻ കറി ഊണ് 30 രൂപ, ബിരിയാണി 40 രൂപ, ബീഫ് 30 രൂപ, ദോശ 5 രൂപ, പൊറോട്ട അഞ്ച് രൂപ…. എന്നിങ്ങനെ നീളുന്നു പെരുമ്പാവൂരിലെ ഒരു ഹോട്ടലിലെ വില നിലവാരം. മറ്റൊരു ബാറിൽ ബോട്ടിയും ലിവറും കപ്പയും ഇറച്ചിയും എല്ലാം സൗജന്യമായാണ് നൽകുന്നത്. ഇതിന് പുറമേ അപ്പവും മുട്ടക്കറിയും സൗജന്യമായി നൽകുന്ന ഇടങ്ങളുമുണ്ട്. ഭക്ഷണ സാധനങ്ങൾക്ക് വൻ വിലക്കുറവ് നൽകി മദ്യക്കച്ചവടം കൊഴുപ്പിക്കാനാണ് നീക്കം.

മദ്യത്തിനും ഓഫറുകളുണ്ട്. ഗ്രാമത്തിലെ ബാറിൽ പെഗ്ഗിന് 92 രൂപയ്ക്ക് വിൽക്കുന്ന ജനപ്രിയ ബ്രാൻഡ് 80 രൂപയ്ക്കാണ് നഗരത്തിലെ ബാറിൽ വിൽക്കുന്നത്. ഇത്തരത്തിൽ എല്ലാ മദ്യത്തിനും പെരുമ്പാവൂരിൽ വില കുറച്ചിട്ടുണ്ട്. നഗരത്തിൽ പുതിയ ബാർ തുടങ്ങിയപ്പോൾ വൻ വിലക്കുറവ് നൽകി. ഇതോടെയാണ് കൂടുതൽ ബാറുകൾ ഓഫറുകളുമായി രംഗത്തെത്തിയത്. ആഹാരസാധനങ്ങൾക്ക് വില കുറച്ചതോടെ പ്രതിസന്ധിയിലായിരുക്കുന്നത് ചെറുകിട ഹോട്ടൽ ഉടമകളാണ്. ബാറുകളുടെ ഓഫർ ആത്മഹത്യയുടെ വക്കിലെത്തിച്ചെന്ന് ഹോട്ടലുടമകൾ പറയുന്നു. കോവിഡിന് പിന്നാലെയേറ്റ കനത്ത പ്രഹരമാണ് ഇതെന്നാണ് ഹോട്ടലുടമകൾ പറയുന്നത്.

പെരുമ്പാവൂർ എക്സൈസ് ഓഫീസിനു കീഴിൽ19 ബാർ ഹോട്ടലുകളാണ് ഉള്ളത്. ഓരോ ബാർ ഹോട്ടലും എക്സൈസിന് നൽകേണ്ട മാസപ്പടി 35,000 രൂപയാണ്. പോലീസിന് 25,000. രാഷ്ട്രീയ പാർട്ടികൾക്ക് മാസപ്പടിയും വാർഷിക പിരിവും. കുറുപ്പംപടിയിലെ ബാറുടയുടെ വെളിപ്പെടുത്തൽ ആണ് ഇത്.
ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ നേരത്തേ മാസപ്പടിയുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നു. 25 എക്സൈസ് ഉദ്യോഗസ്ഥരാണ് പ്രതികൂട്ടിലായത്.

മാസപ്പടി വാങ്ങുന്നതിനാൽ പെരുമ്പാവൂരിലെ ബാറുടമകളോട് എക്സൈസ് അധികൃതർക്ക് മൃദു സമീപനമാണ്. കോവിഡ് പ്രതിസന്ധി നിയന്ത്രണങ്ങൾ കൊണ്ടുവന്നപ്പോൾ പെരുമ്പാവൂരിൽ ബാറുകൾക്ക് മാത്രം ഇളവുകൾ നൽകി. രണ്ടുഡോസ് വാക്സിൻ എടുത്തവർക്ക് മാത്രം പ്രവേശനമുള്ളപ്പോൾ വാക്സിനെടുക്കാത്തവരേയും അകത്ത് പ്രവേശിപ്പിക്കാൻ അനുമതി നൽകിയിരുന്നു. ദിവസവും എഴുതേണ്ട മദ്യ രജിസ്റ്റർ തിരുത്തുന്നതും നിത്യ സംഭവമാണ്.

മാസങ്ങൾക്ക് മുമ്പ് കുറുപ്പംപടിയിലെ ഒരു ബാറിൽ അനധികൃത മദ്യവിൽപ്പന നടത്തിയതിൻ്റെ ദൃശ്യങ്ങൾ പകർത്തിയ ആളെ ഭീഷണിപ്പെടുത്താൻ ആദ്യം വിളിച്ചത് ഉന്നത പോലീസ് ഉദ്യോഗസ്ഥനായിരുന്നു.

ബാറുകളിൽ കച്ചവടം കുറയുമ്പോൾ പ്രത്യുപകാരമായി ബിവറേജസിനു മുന്നിൽ പോലീസ് എത്തും. മദ്യപിച്ച് വാഹനത്തിൽ എത്തുന്നവരെ പിടികൂടാനാണ് ബിവറേജസിന് മുന്നിൽ എത്തുന്നത്. എന്നാൽ ബാറുകൾക്ക് മുന്നിൽ നിന്ന് മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടുകയുമില്ല.

Leave a Reply