ബാങ്ക്‌ വായ്‌പാ കെണി : വീട്‌ നഷ്‌ടപ്പെട്ട ബിന്നിയുടെ ജീവിതം സിനിമയില്‍ ; ബാല താരമായി മകന്‍തന്നെ

0

കുന്നംകുളം: ബാങ്ക്‌ വായ്‌പാ കെണിയില്‍പ്പെട്ട്‌ കോടികള്‍ വിലമതിക്കുന്ന ബംഗ്ലാവും ഭൂമിയും നഷ്‌ടപ്പെട്ട കുന്നംകുളം സ്വദേശി ബിന്നിയുടെ ദാരുണമായ കുടുംബജീവിത കഥ സിനിമയായി പുറത്തിറങ്ങുന്നു. സിനിമയില്‍ ബാലതാരമായി ബിന്നിയുടെ മകന്‍ ആദിത്യന്‍ സ്വന്തം ജീവിതാനുഭവങ്ങളുമായി അഭിനയിക്കുന്നു.
ആദിത്യനെ ഒരുപക്ഷേ പലരും മറന്നുകാണും. തൃശൂര്‍ റോഡില്‍ പഴയ നിര്‍മല നഴ്‌സിങ്‌ ഹോമില്‍ താമസിച്ചിരുന്ന ബിന്നി- സില്ലി ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടാമനാണു സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന ആദിത്യന്‍. താന്‍ ജനിച്ചുവളര്‍ന്ന വീട്ടില്‍നിന്നു കുടിയിറക്കപ്പെട്ടപ്പോള്‍ ഏറെ സ്‌നേഹിച്ചിരുന്ന കിളിയെ ഹൃദയത്തോട്‌ ചേര്‍ത്തുപിടിച്ച്‌ നിസഹായതയോടെ പടിയിറങ്ങുന്ന ചിത്രം അക്കാലത്ത്‌ നവമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സഹകരണ ബാങ്കില്‍ നിന്നെടുത്ത വായ്‌പ തിരിച്ചടയ്‌ക്കാന്‍ കഴിയാതെ വീടും പറമ്പും ജാമ്യം നല്‍കി വായ്‌പ തിരിച്ചടച്ചെങ്കിലും അതേ വീടും ഭൂമിയും ജാമ്യക്കാരന്‍ മറ്റൊരു ബാങ്കില്‍ പണയംവച്ച്‌ വീട്ടുകാര്‍ അറിയാതെ ലക്ഷങ്ങള്‍ തട്ടിയെടുത്തശേഷം ജപ്‌തിയില്‍ എല്ലാം നഷ്‌ടപ്പെട്ട ബിന്നിയുടെ കുടുംബത്തിന്റെ കഥ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.
കോടതി വിധി സമ്പാദിച്ചാണ്‌ വീടും പറമ്പും ഭൂമാഫിയ സംഘം കൈവശപ്പെടുത്തിയത്‌. ഓരോ തവണ ബിന്നിയുടെ കുടുംബത്തെ കുടിയൊഴിപ്പിക്കാന്‍ പോലീസ്‌ സഹായത്തോടെ സംഘം വരുമ്പോഴും നാട്ടുകാര്‍ പ്രതിരോധവും ചെറുത്ത്‌ നില്‍പ്പും സംഘടിപ്പിക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെ ബാങ്കില്‍നിന്നും വീടും പറമ്പും സ്വന്തമാക്കിയ സംഘം തിരിച്ചു പോകും. 2019 ഒക്‌ടോബര്‍ 15ന്‌ ഭൂമാഫിയ സംഘം എല്ലാ തയാറെടുപ്പോടെയും എത്തി. കോടതിയുടെ കര്‍ശന ഉത്തരവ്‌ പാലിക്കാന്‍ പോലീസ്‌ സംഘവും രംഗത്തുണ്ടായിരുന്നു. വീട്ടില്‍ നിന്നും കുടിയൊഴിപ്പിക്കുമ്പോള്‍ ഒട്ടേറെ നാടകീയ രംഗങ്ങളാണ്‌ ഉണ്ടായത്‌. മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്താനും ശ്രമം നടന്നിരുന്നു. വലിയ ആള്‍ക്കൂട്ടം റോഡരികില്‍ കാഴ്‌ചക്കാരായി നില്‍ക്കുന്നത്‌ കണ്ട ഒരു പ്രസ്‌ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണു സിനിമയുടെ തിരക്കഥയ്‌ക്കാധാരം. സംസ്‌ഥാന അവാര്‍ഡ്‌ ജേതാവ്‌ വി.കെ. പ്രകാശനാണ്‌ ഒരുത്തീ സംവിധാനം ചെയ്‌തിട്ടുള്ളത്‌.
ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ബാലതാരത്തെ അവതരിപ്പിച്ചിരിക്കുന്നത്‌ ആദിത്യനാണ്‌. സൈജു കുറുപ്പ്‌, നവ്യ നായര്‍, വിനായകന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ്‌ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ നവ്യ നായര്‍ക്കാണ്‌ അയച്ചുകൊടുത്തത്‌.ഈ ചിത്രങ്ങള്‍ കണ്ടിട്ടാണ്‌ സുരേഷ്‌ ബാബു സിനിമയ്‌ക്ക്‌ തിരക്കഥയെഴുതിയത്‌. എല്ലാ നഷ്‌ടപ്പെട്ട ബിന്നിയുടെ കുടുംബം പഴഞ്ഞിയിലെ ബന്ധുവീട്ടിലാണ്‌ ഇപ്പോള്‍ താമസം. കരിങ്കല്ലുകൊണ്ട്‌ കെട്ടിയുയര്‍ത്തിയ കൂറ്റന്‍ കെട്ടിടം സ്വന്തമാക്കിയ ഭൂമാഫിയ സംഘം വീട്‌ പൊളിച്ച്‌ അസ്‌ഥിവാരംവരെ തോണ്ടി ഭൂമി ഉഴുത്‌ മറിച്ച്‌ വില്‍പ്പനക്കായി വച്ചിരിക്കുകയാണ്‌.സ്വന്തം ജീവിതദുരിതം അഭ്രപാളിയില്‍ നിറഞ്ഞു നില്‍ക്കുന്നതും അതില്‍ മകന്റെ അഭിനയവും കാണുവാനുള്ള തയാറെടുപ്പിലാണ്‌ ബിന്നിയുടെ കുടുംബം.

Leave a Reply