യുഎഇയിൽ റോഡ് അടച്ച് ‘ആയിഷ’; മഞ്ജുവാര്യര്‍ ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നു

0

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രമാണ് ആയിഷ’ (Ayisha). നിലവിൽ സിനിമയുടെ ചിത്രീകരണം റാസല്‍ ഖൈമയില്‍ പുരോഗമിക്കുകയാണ്. ഈ അവസരത്തിൽ കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രീകരണ വീഡിയോ ശ്രദ്ധനേടുകയാണ്.

യുഎഇയിൽ പ്രധാന റോഡ് അടച്ച് ചിത്രീകരണം നടത്തുന്നതിന്റെ വീഡിയോയാണ് പുറത്തു വന്നത്. മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് ‘ആയിഷ’ ഒരുങ്ങുന്നത്. അതിനാൽ തന്നെ ആയിഷയെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങൾ എല്ലാം തന്നെ ശ്രദ്ധനേടുകയാണ്. ക്ലാസ്മേറ്റ്സിലൂടെ ഏറേ ശ്രദ്ധേയയായ നടി രാധികയും ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്‍റെ രചന. മഞ്ജു വാര്യര്‍ക്കു പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് നിര്‍മ്മാണം. ഫെതര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ശംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി എന്നിവരാണ് ഈ ചിത്രത്തിന്‍റെ സഹ നിർമ്മാതാക്കൾ.

Leave a Reply