വിവാഹവീട്ടിലെ തര്‍ക്കത്തെത്തുടര്‍ന്നു ജിഷ്‌ണുവെന്ന യുവാവ്‌ കൊല്ലപ്പെട്ട ബോംബാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ അറസ്‌റ്റിലായ മിഥുനാണെന്നു പോലീസ്‌

0

കണ്ണൂര്‍: വിവാഹവീട്ടിലെ തര്‍ക്കത്തെത്തുടര്‍ന്നു ജിഷ്‌ണുവെന്ന യുവാവ്‌ കൊല്ലപ്പെട്ട ബോംബാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ അറസ്‌റ്റിലായ മിഥുനാണെന്നു പോലീസ്‌. ബോംബുണ്ടാക്കിയത്‌ താനാണെന്ന്‌ മിഥുന്‍ സമ്മതിച്ചതായി എ.സി.പി: പി. പി.സദാനന്ദന്‍ പറഞ്ഞു. മറ്റുപ്രതികളായ അക്ഷയ്‌, ഗോകുല്‍ എന്നിവര്‍ ബോംബ്‌ നിര്‍മാണത്തിന്‌ സഹായിച്ചെന്നും കണ്ടെത്തല്‍. മിഥുനെയും ഗോകുലിനെയും ഇന്നലെ തലശേരി കോടതിയില്‍ ഹാജരാക്കി.
സുഹൃത്തിന്റെ വിവാഹദിവസമായ ഞായറാഴ്‌ച തോട്ടട 12 കണ്ടിയില്‍ മിഥുനിന്റെ നേതൃത്വത്തിലുള്ള ഏച്ചൂര്‍ സംഘം എത്തിയതു കൃത്യമായ ആസൂത്രണത്തോടെയെന്നു പോലീസിസ്‌ കണ്ടെത്തിയിരുന്നു. ഏച്ചൂര്‍ സംഘം 3 ബോംബുകളാണു രാവിലെ മുതല്‍ കൈയില്‍ കരുതിയിരുന്നത്‌. മൂന്നും തോട്ടട സംഘത്തിനു നേരെ എറിഞ്ഞതായും സ്‌ഥിരീകരിച്ചു. ഒരു ബോംബ്‌ പൊട്ടിയില്ല. രണ്ടാമത്തെ ബോംബ്‌ പൊട്ടി. മൂന്നാമത്തേതാണു ലക്ഷ്യം തെറ്റി ജിഷ്‌ണുവിന്റെ തലയില്‍ പതിച്ചത്‌. പൊട്ടാത്ത ബോംബ്‌ സംഭവ സ്‌ഥലത്തു നിന്നു പോലീസ്‌ വീണ്ടെടുത്തിരുന്നു.
ഏച്ചൂര്‍ പാതിരപ്പറമ്പില്‍ പരേതനായ മോഹനന്റെ മകന്‍ ജിഷ്‌ണു (26) വിന്റെ മരണത്തിനിടയാക്കിയ ബോംബില്‍ ലോഹച്ചീളുകളുണ്ടായിരുന്നു. പൊട്ടാത്ത ബോംബില്‍ ലോഹത്തിന്റെ അംശമില്ലെന്നും പോലീസ്‌ സ്‌ഥിരീകരിച്ചു. രണ്ടാമത്തെ ബോംബ്‌ പൊട്ടിയെങ്കിലും ഇതില്‍ ലോഹച്ചീളുകളില്ലാത്തതു കൊണ്ടാണ്‌ ആര്‍ക്കും സാരമായി പരുക്കേല്‍ക്കാതിരുന്നതെന്നു പോലീസ്‌ കരുതുന്നു. വിവാഹവീട്ടില്‍ തലേന്നു രാത്രിയിലെ ആഘോഷത്തിനിടെ മിഥുനെ തോട്ടട സംഘത്തില്‍പ്പെട്ടയാള്‍ തല്ലിയെന്നും മിഥുന്‍ അയാളെ വാഹനത്തിന്റെ താക്കോല്‍ കൊണ്ട്‌ കുത്തിയെന്നുമുളള വിവരവുമുണ്ട്‌. ഇതിനു വിവാഹദിവസം തിരിച്ചടിയുണ്ടായാല്‍ ബോംബെറിഞ്ഞ്‌ എതിരാളികളെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഏച്ചൂര്‍ സംഘം കാര്യങ്ങള്‍ ആസൂത്രണം ചെയ്‌തതെന്നു പോലീസ്‌ കരുതുന്നു. മൂന്നു ബോംബുകളും സംഘം തന്നെയാണ്‌ ഉണ്ടാക്കിയതെന്നാണ്‌ ഇതുവരെ ലഭിച്ച മൊഴികളില്‍ നിന്നുള്ള സൂചന. മറ്റൊരു ഗുണ്ടാ സംഘത്തിന്റെ സഹായം ഏച്ചൂര്‍ സംഘം തേടിയിരുന്നു. കല്യാണവീട്ടിലേക്കു കയറാന്‍ അനുവദിക്കാതെ തടഞ്ഞതിനു പിന്നാലെ സംഘര്‍ഷമുണ്ടായെന്നും ബോംബ്‌ എറിഞ്ഞെന്നുമാണ്‌ പോലീസ്‌ പറയുന്നത്‌. മിഥുന്‍ ബോംബ്‌ നിര്‍മ്മാണ വിദഗ്‌ദ്ധനാണെന്നാണ്‌ സൂചന.
താഴെചൊവ്വയിലെ ചൈനീസ്‌ പടക്കക്കടയില്‍നിന്ന്‌ 4,000 രൂപയ്‌ക്കു പടക്കം വാങ്ങി അതില്‍നിന്നുള്ള വെടിമരുന്ന്‌ ഉപയോഗിച്ച്‌ നാടന്‍ ബോംബുണ്ടാക്കുകയായിരുന്നു. ബോംബ്‌ ആക്രമണം പരാജയപ്പെടുകയാണെങ്കില്‍ ആയുധം കൊണ്ട്‌ ആക്രമിക്കാനും സംഘം പദ്ധതിയിട്ടിരുന്നു. ആയുധവുമായി നാലുപേര്‍ കാറില്‍ സ്‌ഥലത്തെത്തുകയും വാള്‍ വീശുകയും ചെയ്‌തിരുന്നു. കാടാച്ചിറയിലെ സനാത്‌ എന്നയാളാണു ആയുധം എത്തിച്ചതെന്ന്‌ വ്യക്‌തമായിട്ടുണ്ട്‌. ഇവര്‍ എത്തിയ കാര്‍ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. ഇവര്‍ക്കൊപ്പം സനാത്‌ വടിവാളുമായി കാറില്‍ വിവാഹ വീട്ടിനു സമീപമെത്തിയതിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞതിനെത്തുടര്‍ന്നാണ്‌ ഇയാളെ പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌. സനാതിന്റെ കൈയില്‍നിന്നു മിഥുന്‍ വടിവാള്‍ വാങ്ങി തോട്ടട സ്വദേശികളായ യുവാക്കളെ അക്രമിക്കാന്‍ ശ്രമിച്ചുവെന്ന്‌ പോലീസ്‌ പറയുന്നു.
കൊല്ലപ്പെട്ട ജിഷ്‌ണുവിന്‌ ബോംബ്‌ നിര്‍മ്മാണവുമായി ബന്ധമില്ലെന്നാണ്‌ പോലീസിന്റെ നിഗമനം. പ്രതികള്‍ ബോംബ്‌ ഉണ്ടാക്കിയ സ്‌ഥലം കണ്ടെത്തിയെന്നും സംഭവദിവസത്തിനു തലേന്ന്‌ വീട്ടുപരിസരത്ത്‌വച്ച്‌ പൊട്ടിച്ച്‌ പരിശീലനം നടത്തിയെന്നും എ.സി.പി അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാവാകാന്‍ സാധ്യതയുണ്ട്‌.
കഴിഞ്ഞ ദിവസം രാവിലെ എടക്കാട്‌ പോലീസ്‌ സ്‌റ്റേഷനിലാണ്‌ മിഥുന്‍ കീഴടങ്ങിയത്‌. ഇയാള്‍ കേരളം വിട്ടെന്ന പ്രചാരണങ്ങള്‍ക്കിടെയായിരുന്നു കീഴടങ്ങല്‍. സി.പി.എമ്മിന്റെ സജീവപ്രവര്‍ത്തകനായ മിഥുനെ കേസില്‍നിന്ന്‌ ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ശക്‌തമായിരുന്നുവെങ്കിലും പോലീസ്‌ വഴങ്ങിയില്ല. കൊലപാതകം നടന്ന സ്‌ഥലത്തെ സി.സി.ടിവി ദൃശ്യങ്ങളില്‍ മിഥുന്റെ ചിത്രംപതിഞ്ഞിട്ടുണ്ടെന്നു പോലീസ്‌ പറഞ്ഞു.

Leave a Reply