കാഞ്ഞങ്ങാട്: കൃഷിമന്ത്രി പി.പ്രസാദിന്റെ കാറിന് അകമ്പടിപോയ സർക്കാർ ജീപ്പിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു. കോഴിക്കോട് ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. സ്ഥാപനത്തിലെ ജീവനക്കാരൻ പട്ടാമ്പി സ്വദേശി ഉണ്ണികൃഷ്ണൻ (45), ജീപ്പ് ഡ്രൈവർ കോഴിക്കോട് ബാലുശ്ശേരിയിലെ അഭിലാഷ് (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
കാഞ്ഞങ്ങാട് ടൗണിലായിരുന്നു അപകടം. ജീപ്പിലുണ്ടായിരുന്ന ഫാം ഇൻഫർമേഷൻ ബ്യൂറോ അസി. ഡയരക്ടർ നിഷ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.