പൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവം; ‘ചെറിയവിളക്ക്’ ഇന്ന്; ‘വലിയവിളക്ക്’ നാളെ

0

തൃപ്പൂണിത്തുറ: പൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിന്റെ ഭാഗമായുള്ള ‘ചെറിയവിളക്ക്’ ആറാം ഉത്സവദിവസമായ തിങ്കളാഴ്ചയും ‘വലിയവിളക്ക്’ ഏഴാം ദിവസമായ ചൊവ്വാഴ്ചയും ആഘോഷിക്കും. സന്ധ്യയ്ക്ക് ദീപാരാധന സമയത്ത് ദീപക്കാഴ്ചയുണ്ടാകും. രണ്ടു ദിവസവും രാത്രി 8 മുതൽ 10 വരെ ഭഗവാന്റെ എഴുന്നള്ളിപ്പിന് മുന്നിൽ ഭക്തർക്ക് സ്വർണക്കുടത്തിൽ കാണിക്കയർപ്പിക്കാം.

തിങ്കളാഴ്ച ചെറിയവിളക്ക്‌ ദിവസം രാവിലെ പന്തീരടിപ്പൂജയടക്കമുള്ള പൂജകൾക്ക്‌ ശേഷം 7.30 മുതൽ 11.30 വരെയായി ശീവേലി നടക്കും. 11 ആനകൾ അണിനിരക്കും. പഴുവിൽ രഘു മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളവും ഉണ്ടാകും. ഉച്ചയ്ക്ക് രണ്ടിന് ഉത്സവബലിയും ഉണ്ട്. ദീപാരാധനയ്ക്കു ശേഷം രാത്രി 7 മുതൽ ഒരുമണി വരെയായി മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴൽപ്പറ്റ്, പഞ്ചാരി മേളങ്ങളോടുകൂടി വിളക്കിനെഴുന്നള്ളിപ്പും നടക്കും.

വലിയവിളക്ക് ദിവസമായ ചൊവ്വാഴ്ച രാവിലെ 7.30 മുതൽ 12 വരെയാണ് 11 ആനകളുടെ അകമ്പടിയോടെ ഭഗവാന്റെ ശീവേലി. കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിലാണ് പഞ്ചാരിമേളം. തുടർന്ന് ആക്കിവേലയും ഉണ്ട്. രാത്രി 7 മുതൽ ഒരുമണി വരെയായിട്ടാണ് മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴൽപ്പറ്റ്, പഞ്ചാരി മേളങ്ങളോടുകൂടി വിളക്കിനെഴുന്നള്ളിപ്പ് നടക്കുക. ഓട്ടൻതുള്ളൽ, സംഗീതക്കച്ചേരി, കഥകളി തുടങ്ങിയ കലാപരിപാടികൾ രണ്ടുദിവസങ്ങളിലും ഉണ്ട്.

സ്വർണക്കുടത്തിൽ കാണിക്ക 10.76 ലക്ഷം രൂപ

: തൃക്കേട്ടപുറപ്പാട് ദർശിച്ച് ഭഗവാന് മുന്നിലെ സ്വർണക്കുടത്തിൽ ഭക്തർ കാണിക്കയായി അർപ്പിച്ചത് 10,76,449 രൂപ. കൂടാതെ 26 ഗ്രാം 100 മില്ലിഗ്രാം സ്വർണവും 10 വിദേശ നോട്ടുകളും 94 വിദേശ നാണയങ്ങളും ഉൾപ്പെടുന്നുണ്ടെന്ന് ദേവസ്വം ഓഫീസർ സുധീർ മേലേപ്പാട്ട് അറിയിച്ചു. ശനിയാഴ്ച രാത്രി 8 മുതൽ 12.20 വരെയുള്ള സമയത്താണ് ഇത്രയും തുകയുൾപ്പെടെ സ്വർണക്കുടത്തിൽ കാണിക്ക സമർപ്പിക്കപ്പെട്ടത്. ഉത്സവത്തിന്റെ ചെറിയവിളക്കായ തിങ്കളാഴ്ചയും വലിയവിളക്കായ ചൊവ്വാഴ്ചയും രാത്രി 8 മുതൽ 10 വരെയായി എഴുന്നള്ളിപ്പിന് മുന്നിൽ സ്വർണക്കുടത്തിൽ കാണിക്ക സമർപ്പണം നടക്കും.

Leave a Reply