ഫോർട്ടുകൊച്ചി കടപ്പുറത്ത് കൗതുകക്കാഴ്ചകളാണിപ്പോൾ…

0

ഫോർട്ടുകൊച്ചി: ഫോർട്ടുകൊച്ചി കടപ്പുറത്ത് കൗതുകക്കാഴ്ചകളാണിപ്പോൾ… കടപ്പുറത്തെ ചില ഭാഗങ്ങളിൽ ഇടയ്ക്കിടെ തീരം തെളിയുന്നു. രാവിലെ വെള്ളം നിറഞ്ഞുകിടക്കുന്ന ചില ഭാഗങ്ങളിൽ ഉച്ചയോടെ തീരം തെളിയും, പുലർച്ചെ വീണ്ടും അപ്രത്യക്ഷമാകും. തീരം തെളിയുന്ന ഭാഗങ്ങളിലേക്ക് ജനം കയറുന്നതും പതിവുകാഴ്ചയാകുന്നു.

കടപ്പുറത്ത് അടിഞ്ഞുകൂടുന്ന പായൽ ഇപ്പോഴും വലിയ പ്രശ്നംതന്നെ. പായൽ ചീഞ്ഞുകിടക്കുന്നതിനാൽ ആ ഭാഗത്തൊന്നും ജനത്തിന് കാലുറപ്പിക്കാൻ കഴിയുന്നില്ല. പാമ്പുശല്യവുമുണ്ട്. പക്ഷേ, ജനം ഇതൊന്നും കൂട്ടാക്കുന്നില്ല. കടപ്പുറത്തേക്ക് ആളുകളുടെ ഒഴുക്കാണ്. എന്നാൽ, അധികംപേരും വെള്ളത്തിലേക്ക് ഇറങ്ങാതെ നടപ്പാതകളിൽത്തന്നെ നിൽക്കുകയാണ്.

പായൽമാലിന്യം നീക്കുന്നതിന് നഗരസഭയുടെ നേതൃത്വത്തിൽ വലിയ ശ്രമങ്ങൾ നടന്നിരുന്നു. പക്ഷേ, വേമ്പനാട്ടുകായലിൽ നിന്ന് വീണ്ടും പായൽ ഒഴുകിയെത്തുകയാണ്. നീക്കുന്തോറും പായൽ കൂടുന്നു. പായലുകൾക്കിടയിലാണ് പാമ്പുകളെ കാണുന്നത്.

കോവിഡ്കാലത്തെ അടച്ചുപൂട്ടലിനുശേഷം കടപ്പുറത്തേക്ക് എത്താൻ കഴിഞ്ഞതിന്റെ ആശ്വാസമാണ് ജനത്തിന്. ശനി, ഞായർ ദിവസങ്ങളിൽ പഴയതുപോലെ വലിയ ജനക്കൂട്ടമാണ് കടപ്പുറത്ത്. കച്ചവടക്കാരും ധാരാളമുണ്ട്.

സാധാരണ ഡിസംബറിലാണ് ഫോർട്ടുകൊച്ചിയിലേക്ക് ആളുകൾ കൂടുതൽ വരുന്നത്. ജനത്തിന്റെ എണ്ണം കൂടുന്നുണ്ടെങ്കിലും ടൂറിസവുമായി ബന്ധപ്പെട്ട് ഫോർട്ടുകൊച്ചിയിൽ നടത്താൻ തീരുമാനിച്ചിരുന്ന ജോലികളൊന്നും തുടങ്ങിയിട്ടില്ല. വരുംദിവസങ്ങളിൽ കടപ്പുറത്ത് തിരക്ക് കൂടിവരാനാണ് സാധ്യത

Leave a Reply