മാധ്യമങ്ങളോട് മിണ്ടരുത്; വിവരങ്ങള്‍ നല്‍കുന്നതിനു കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി ആരോഗ്യവകുപ്പ്‌

0

തിരുവനന്തപുരം : ഡി.എം.ഒമാരും സര്‍ക്കാര്‍ ഡോക്‌ടര്‍മാരും ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ മാധ്യമങ്ങള്‍ക്കു വിവരങ്ങള്‍ നല്‍കുന്നതിനു കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി സംസ്‌ഥാന ആരോഗ്യവകുപ്പ്‌.
മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷമേ വിവരങ്ങള്‍ നല്‍കാവൂവെന്ന്‌ ആരോഗ്യവകുപ്പ്‌ ഡയറക്‌ടര്‍ ഡോ. വി.ആര്‍ രാജു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കോവിഡ്‌ പ്രതിരോധത്തില്‍ അടക്കം പറ്റിയ വീഴ്‌ചകളെക്കുറിച്ച്‌ ഡോക്‌ടര്‍മാര്‍ ഉന്നയിച്ച പരാതികള്‍ വാര്‍ത്തയായ സാഹചര്യത്തിലാണ്‌ പുതിയ ഉത്തരവ്‌.” ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍, വകുപ്പ്‌ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച്‌ മാധ്യമങ്ങളില്‍ നിരവധി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്‌. എന്നാല്‍ പലപ്പോഴും ഇത്തരം വാര്‍ത്തകള്‍ ആധികാരികമായല്ല പൊതുജനങ്ങള്‍ക്ക്‌ ലഭിക്കുന്നത്‌. ഇത്തരം ആധികാരികമല്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്‌ വകുപ്പിന്റെ പ്രവര്‍ത്തനം സംബന്ധിച്ച്‌ പൊതുജനങ്ങള്‍ക്ക്‌ തെറ്റിധാരണ ജനിപ്പിക്കുവാനും രോഗവ്യാപനം സംബന്ധിച്ച്‌ അനാവശ്യ ഭീതി ഉണ്ടാവുവാനും ഇടയാക്കും. വകുപ്പിന്റെ യശസിന്‌ കളങ്കം വരുത്താനും ഇത്തരം ആധികാരികമല്ലാത്ത വാര്‍ത്തകള്‍ കാരണമാകുന്നുണ്ട്‌. ഈ സാഹചര്യത്തില്‍ പസ്യമായി വിവരങ്ങള്‍ നല്‍കുന്നതില്‍ എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ജീവനക്കാരും ജാഗ്രത പാലിക്കണം. പൊതുവായ വിവരങ്ങള്‍ നല്‍കേണ്ടി വരുന്നപക്ഷം അതിന്റെ ആധികാരികത ഉറപ്പു വരുത്തണം. വിവരങ്ങള്‍ വെളിപ്പെടുത്തും മുമ്പ്‌ വകുപ്പിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം.” – ഉത്തരവില്‍ പറയുന്നു.
അതേസമയം ആരോഗ്യമന്ത്രി അട്ടപ്പാടിയില്‍ നടത്തിയ മിന്നല്‍ പരിശോധനയെക്കുറിച്ച്‌ ഡോ പ്രഭുദാസ്‌ പറഞ്ഞതും വിവാദ ഉത്തരവിനു പിന്നിലുണ്ടെന്നാണ്‌ അറിയുന്നത്‌.

Leave a Reply