സന്ദീപിന്റെ കുടുംബം അനാഥമാകില്ല; പാർട്ടി സംരക്ഷിക്കും: കോടിയേരി ബാലകൃഷ്ണൻ

0

തിരുവല്ലയിൽ സി.പി.എം നേതാവ് സന്ദീപിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ആർ.എസ്.എസാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സന്ദീപിന്റെ കുടുംബം അനാഥമാകില്ലെന്നു കോടിയേരി പറഞ്ഞു. കൊലപാതക സംഘത്തെ നിയോഗിച്ചത് ബി.ജെ.പിയാണ്. കൊലപാതകം വ്യക്തി വിരോധം മൂലമാണെന്ന് പോലീസ് പറഞ്ഞതായി അറിയില്ല. രാഷ്ട്രീയ കൊലപാതകം എന്ന് റിമാൻഡ് റിപ്പോർട്ട് ഉണ്ട്. കൊല്ലപ്പെട്ട സന്ദീപിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബത്തിന്റെ ഉത്തരവാദിത്തം പാർട്ടി ഏറ്റെടുക്കും. ഭാര്യ സുനിതയ്ക്ക് നിശ്ചിത വരുമാനം ഉറപ്പാക്കുന്ന ജോലി സിപിഎം ജില്ലാ നേതൃത്വം ഉറപ്പാക്കും. മക്കളുടെ പഠനത്തിന് ആവശ്യമായ സമ്പത്തിക സഹായം ഉറപ്പാക്കുമെന്നും കോടിയേരി പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വയലിന് സമീപത്ത് ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ബൈക്കിലെത്തിയ സംഘം വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. നെഞ്ചിൽ ഉൾപ്പെടെ ഒമ്പത് കുത്തുകളേറ്റാണ് മരണം സംഭവിച്ചത്. ആക്രമണം നടന്നയുടൻ സന്ദീപിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തുംമുമ്പ് തന്നെ മരിച്ചു. അക്രമികൾ ഉടൻ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സന്ദീപിന്‍റെ നെഞ്ചിന്‍റെ വലത് ഭാഗത്തായി ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഒമ്പത് കുത്തുകൾ ദേഹത്താകെ ഉണ്ടെന്നാണ് ആശുപത്രിയിൽ നിന്ന് വ്യക്തമാക്കിയത്.

സംഭവ ശേഷം ബൈക്കിൽ രക്ഷപ്പെട്ട ആദ്യ മൂന്നു പ്രതികളെ ഇന്നു പുലർച്ചെയോടെ മൊബൈൽ ടവർ ലൊക്കേഷൻ നോക്കി ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പിടികൂടിയത്. ഇന്നലെ രാത്രി എട്ടുമണിയോടെ ചാത്തങ്കരിയിൽ ഡോ. ജോസഫ് മണക്കിന്റെ വീടിന് സമീപമുള്ള ആദ്യത്തെ കലുങ്കിൽ വച്ചാണ് സന്ദീപിനെ കുത്തിക്കൊലപ്പെടുത്തിയത്. രണ്ടു ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് കൃത്യം നടത്തിയത്. കൃത്യം നടത്തുന്നതിന് മുൻപ് സന്ദീപ് കലുങ്കിൽ ഇരിക്കുന്നതായി പ്രതികൾ സമീപത്തെ മാടക്കടയിൽ ചെന്ന് ഉറപ്പു വരുത്തിയിരുന്നു. സാധാരണ രാത്രി 9.30 വരെ സന്ദീപും കൂട്ടുകാരും ഈ കലുങ്കിൽ വന്നിരിക്കാറുണ്ട്.

സംഭവത്തിന് ശേഷം ആദ്യം അവിടെയെത്തിയ രാകേഷ് എന്ന ചെറുപ്പക്കാരനെ കൊലയാളി സംഘം തടഞ്ഞിരുന്നു. സന്ദീപിനെ കുത്തി വീഴ്‌ത്തിയ ശേഷം ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെ നിൽക്കുമ്പോഴാണ് രാജേഷ് അവിടെ എത്തിയത്. സന്ദീപിനെ ഞങ്ങൾ കുത്തി കണ്ടത്തിലിട്ടിട്ടുണ്ട് എന്നായിരുന്നു ജിഷ്ണു പറഞ്ഞത്. രാജേഷിനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. രാജേഷ് ഓടി കൊലയാളി സംഘം പറഞ്ഞ സ്ഥലത്ത് ചെന്നപ്പോൾ സന്ദീപ് അവിടെ കുത്തിയിരിക്കുകയായിരുന്നു. ശ്വാസമെടുക്കാൻ പാടുപെടുകയും ചെയ്യുന്നുണ്ടായിരുന്നു. സുഹൃത്തുക്കളെ വിളിച്ചു വരുത്തി ബൈക്കിൽ കയറ്റിയാണ് മുറിവേറ്റ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അങ്ങു ചെന്നു കഴിഞ്ഞപ്പോഴേക്കും സന്ദീപ് മരിച്ചിരുന്നു. ജിഷ്ണുവും സന്ദീപുമായി വ്യക്തിവൈരാഗ്യം നില നിന്നിരുന്നു. പാർട്ടി പരമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും പറയുന്നു.

തിരുവല്ലയിൽ ലോക്കൽ സെക്രട്ടറി സന്ദീപിനെ വെട്ടിക്കൊന്ന സംഭവത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. നാടിനെ നടുക്കിയ കൊലപാതകമാണിത്. ആർഎസ്എസിന്റെ കൊലക്കത്തിയാൽ സിപിഐ എം പ്രവർത്തകർ നിരന്തരം രക്തസാക്ഷികളാവുകയാണ്. നാട്ടിലെ സമാധാന അന്തരീക്ഷം തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആർഎസ്എസ് ശ്രമം-സിപിഎം ആരോപിച്ചു. ഗൂഢാലോചന പുറത്തുകൊണ്ടുവരണം. ആർഎസ്എസ് സൃഷ്ടിക്കുന്ന പ്രകോപനങ്ങളിൽ കുടുങ്ങാതെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം ഉയർത്തണം. സമഗ്രമായി അന്വേഷിച്ച് മുഴുവൻ പ്രതികളേയും പിടികൂടി അർഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. തിരുവല്ലയിൽ സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപിന്റേത് ആസൂത്രിത കൊലപാതകമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. ജനകീയനായ പ്രവർത്തകനെയാണ് അരുംകൊല ചെയ്തത്. അങ്ങേയറ്റം പ്രതിഷേധാർഹമാണിത്. നാടിന്റെ സമാധാനം തകർക്കാനുള്ള ആർഎസ്എസ് ഗൂഢാലോചനയുടെ ഭാഗമാണിത്.

പത്തനംതിട്ട ജില്ലയിലും പെരിങ്ങരയിലും ബിജെപി വിട്ട് നിരവധിപേർ സിപിഐ എമ്മിനോട് അടുക്കുന്നു. സന്ദീപടക്കമുള്ള പ്രവർത്തകർ ഇതിന് നേതൃത്വം നൽകിയത് സംഘപരിവാറിനെ അലോസരപ്പെടുത്തി. ഗൂഢാലോചന നടത്തി സന്ദീപിനെ കൊലപ്പെടുത്തുകയായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനം നിരവധി അക്രമത്തെ അതിജീവിച്ചാണ് പ്രവർത്തിക്കുന്നത്. സമാധാനമാണ് സിപിഐ എം എക്കാലവും ആഗ്രഹിക്കുന്നത്. ആർഎസ്എസ് കൊലക്കത്തിക്ക് മുന്നിൽ കീഴടങ്ങാത്ത പ്രസ്ഥാനമാണ് സിപിഐ എം. കൊലപാതക രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണം. എല്ലാവിഭാഗം ജനങ്ങളും ഇതിനെതിരെ പ്രതിഷേധിക്കണം. സന്ദീപിന്റെ രക്തസാക്ഷിത്വത്തിൽ അനുശോചിക്കുന്നതായും വിജയരാഘവൻ പറഞ്ഞു.

Leave a Reply