നാടിന്റെ ചരിത്രവും പൈതൃകവുമായി രണ്ട് നൂറ്റാണ്ടും ഒരു പതിറ്റാണ്ടും പിന്നിട്ട് പറവൂർ കോടതി

0

നാടിന്റെ ചരിത്രവും പൈതൃകവുമായി രണ്ട് നൂറ്റാണ്ടും ഒരു പതിറ്റാണ്ടും പിന്നിട്ട് പറവൂർ കോടതി. കോടതിയുടെ 210-ാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ് നാട്.

തിങ്കളാഴ്ച വൈകീട്ട് നാലിന് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി മുരളിഗോപാല പണ്ടാലയുടെ നേതൃത്വത്തിൽ ജില്ലാ കോടതി ബാർ അസോസിയേഷൻ സംഘാടക സമിതി യോഗം വിളിച്ചിട്ടുണ്ട്.

അഞ്ചേക്കർ വിസ്‌തൃതിയുള്ള നഗരമധ്യത്തിലെ കച്ചേരിമൈതാനിയിലാണ് 1875-ൽ പണിതീർത്ത കോടതി മന്ദിരത്തിൽ പ്രധാന കോടതികൾ പ്രവർത്തിക്കുന്നത്. പറവൂരിൽ 1811-ൽ അന്നത്തെ തിരുവിതാംകൂർ മഹാറാണിയുടെ വിളംബരപ്രകാരം ആലങ്ങാടും ആലുവയും ഉൾപ്പെടുന്ന ‘ആലങ്ങാട് മുഖം’ പ്രവിശ്യയ്ക്കു വേണ്ടിയാണ് കോടതി സ്ഥാപിതമായത്. ആലുവ യു.സി. കോളേജിലെ പൈതൃക ചരിത്രമന്ദിരമായ കച്ചേരിമാളികയിലാണ് 1873 വരെ കോടതി പ്രവർത്തിച്ചിരുന്നത്. പിന്നീട്, 1873-ലാണ് കോടതിയുടെ പ്രവർത്തനം പറവൂർ നഗരത്തിലേക്ക് മാറ്റിയത്. 1888 മുതൽ 1890 വരെ വീരരാഘവ അയ്യരായിരുന്നു ജഡ്ജി. ഈ കാലയളവിൽ നാല് ബ്രാഹ്മണർ, ഒരു നായർ, ഒരു പിള്ള, ഒരു ക്രിസ്ത്യാനി എന്നീ ക്രമത്തിൽ ഏഴ് വക്കീലൻമാരാണ് ഉണ്ടായിരുന്നത്. ദൂരസ്ഥലങ്ങളിൽ നിന്ന് കാളവണ്ടിയിലും കാൽനടയായും കേസിന് എത്തിയിരുന്ന കക്ഷികൾ അഭിഭാഷകരായ ബ്രാഹ്മണൻമാരുടെ ഊട്ടുപുരയിൽ താമസിച്ച് കേസ് കഴിഞ്ഞാണ് മടങ്ങുക പതിവ്. നിയമബിരുദമുള്ള വക്കീലൻമാരെ കൂടാതെ ആറ് ബി.എൽ.എസുകാരും അക്കാലത്ത് കോടതിയിൽ ഉണ്ടായിരുന്നു. തിരുവിതാംകൂർ ദിവാന് ഒരു അപേക്ഷ നൽകിയാൽ അനുവദിച്ചുനൽകുന്ന പ്ലീഡർഷിപ്പ് പദവിയാണ് ബി.എൽ.എസ്. ഇവരെ സെക്കൻഡ് ഗ്രേഡ് പ്ലീഡർമാർ എന്നാണ് അറിയപ്പെട്ടിരുന്നത്. കോടതി തുടങ്ങിയ കാലത്ത്‌ ഡെഫേദാർ (ശിപായി) അണിഞ്ഞിരുന്ന തിരുവിതാംകൂർ ചിഹ്നം കോടതിമന്ദിരത്തിന്റെ മുഖപ്പിൽ ഇപ്പോഴുമുണ്ട്.

കോട്ടയം ജില്ല, മൂവാറ്റുപുഴ, തൊടുപുഴ, പെരുമ്പാവൂർ, ദേവികുളം കോടതികൾ പറവൂർ കോടതിയുടെ കീഴിലായിരുന്നു. 1956-ൽ കേരളം രൂപവത്‌കരിച്ചപ്പോൾ ജില്ലാ കോടതി എറണാകുളത്തേക്ക്‌ മാറ്റി. ഇതിൽ പ്രതിഷേധിച്ച് ദിവസങ്ങളോളം അഭിഭാഷക സമരങ്ങളുണ്ടായി. പ്രക്ഷോഭത്തിന്റെ ഫലമായി 1957-ൽ ഫയലിങ് അധികാരമുള്ള അഡീഷണൽ ജില്ലാ കോടതി പറവൂരിൽ അനുവദിച്ചു.

ഇന്ത്യയിൽ ആദ്യത്തെ നീതിമേള പറവൂരിൽ

1984-ൽ ഇന്ത്യയിൽത്തന്നെ ആദ്യത്തെ നീതിമേള പറവൂരിലാണ് നടക്കുന്നത്. ‘മാലോകർ നീതിമേള’ എന്നാണ് അതിന് പേരിട്ടത്. വി.ആർ. കൃഷ്ണയ്യർ സുപ്രീം കോടതി ജഡ്ജിയായിരിക്കെ നീതിമേള ഉദ്ഘാടനം ചെയ്യുന്നതിന് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന വൈ.ബി. ചന്ദ്രചൂഡ് ആണ് എത്തിയത്.

വിവിധ സർക്കാർ വകുപ്പുകളിൽ പരിഹാരം കാണാതെ കിടന്ന ഒട്ടനവധി കേസുകളിൽ ഈ നീതിമേളയിലൂടെ തീർപ്പുണ്ടായതായി പറവൂരിലെ ഏറ്റവും മുതിർന്ന അഭിഭാഷകനായ അഡ്വ. ജെ.സി. ബോസ് അദ്ദേഹം പ്രസിദ്ധീകരിച്ച ‘സ്മരണകൾ’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനുശേഷമാണ് പിന്നീട് കീഴ്‌ക്കോടതികളിലും ഇപ്പോൾ അദാലത്തുകൾ നടത്തിവരുന്നത്. 1989-ൽ ലോക് അദാലത്ത് നടന്നതും പറവൂരിലാണ്. പൊതുസമൂഹത്തിനും വിദ്യാർഥികൾക്കും നിയമ അവബോധം നൽകാൻ നിയമങ്ങളെപ്പറ്റി മലയാളത്തിൽ നിയമപാഠം തയ്യാറാക്കി അത് പ്രകാശനം ചെയ്തതും ഇവിടെവെച്ചാണ്. ചീഫ് ജസ്റ്റിസായിരുന്ന ബി.എൽ. കൃപാലും അന്നത്തെ നിയുക്ത ചീഫ് ജസ്റ്റിസായിരുന്ന ബി.എം. പട്‌നായിക്കും അതിൽ പങ്കെടുത്തിരുന്നു. കോടതിയുടെ ശതവത്സരം വർഷങ്ങൾക്കുശേഷമാണെങ്കിലും 1990 മാർച്ച് 24 മുതൽ 26 വരെ പറവൂരിൽ ആഘോഷിച്ചിരുന്നു. അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് സവ്യസാചി മുഖർജി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.എസ്. മളീമഠ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. രണ്ട് ജില്ലാ സെഷൻസ് കോടതി, രണ്ട് സബ് കോടതി, ഒരു മുൻസിഫ് കോടതി, ഒരു മജിസ്‌ട്രേറ്റ് കോടതി, ഒരു മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ഉൾപ്പെടെ ഏഴ് കോടതികൾ കച്ചേരിമൈതാനിയിൽ പ്രവർത്തിക്കുന്നു. പൈതൃകമന്ദിരമായ കോടതി സമുച്ചയം സംരക്ഷിച്ച്‌ നിലനിർത്തുന്നതിനെക്കുറിച്ചും ആലോചനാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് ബാർ അസോസിയേഷൻ സെക്രട്ടറി എം.എ. കൃഷ്ണകുമാർ പറഞ്ഞു.

Leave a Reply