ഒമൈക്രോണ്‍: കുട്ടികളിലെ കോവിഡ് വ്യാപനം കൂടുന്നു, ആശങ്കയെന്ന് ദക്ഷിണ ആഫ്രിക്കന്‍ വിദഗ്ധര്‍

0

ജോഹന്നസ്ബര്‍ഗ്: ഒമൈക്രോണ്‍ വ്യാപനം രൂക്ഷമാവുന്നതിനിടെ ദക്ഷിണ ആഫ്രിക്കയില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ കൂടുതലായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നുണ്ടെന്നും ഇത് ആശങ്കയുണ്ടാക്കുന്നതുമാണെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഒമൈക്രോണ്‍ സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ആകെ ആളുകളുടെ പത്ത് ശതമാനവും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പതിനഞ്ചു മുതല്‍ പത്തൊന്‍പതു വയസ്സു വരെയുള്ളവരുടെ വിഭാഗത്തിലും ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്.

ദക്ഷിണാഫ്രിക്കയില്‍ അതിവേഗമാണ് ഒമൈക്രോണ്‍ വകഭേദം വ്യാപിക്കുന്നത്. കോവിഡിന്റെ കഴിഞ്ഞ മൂന്ന് തരംഗത്തേക്കാളും അതിവ്യാപനശേഷിയാണ് ഈ വകഭേദത്തിനുള്ളത് എന്നാണ് ആരോഗ്യവിദഗ്ധരും വിലയിരുത്തുന്നത്. ആദ്യ രണ്ടു തരംഗത്തിലും കുട്ടികളും കൗമാരക്കാരും ഇത്രയധികം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ രണ്ടാമതാണ് അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍. 6 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് ആദ്യ വിഭാഗം എന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കബിള്‍ ഡിസീസില്‍ നിന്നുള്ള ഗവേഷക വസീല ജസത് പറഞ്ഞു.

12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാന്‍ അര്‍ഹത ഇല്ലാത്തതാണ് കുട്ടികളിലെ കോവിഡ് നിരക്കില്‍ വര്‍ധനവുണ്ടാവുന്നതിന് ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

രാജ്യത്ത് ഇന്നലെ 16,055 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഏറെയും ഒമൈക്രോണ്‍ വകഭേദത്തിന്റെ പ്രഭവകേന്ദ്രമായ ഗൗഡെങ്ങിലാണ് സ്ഥിരീകരിച്ചത്

Leave a Reply