തൃക്കാക്കര നഗരസഭയിലെ കൂട്ടത്തല്ല്; നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ ഉൾപ്പെടെയുള്ള ഭരണപക്ഷ അംഗങ്ങൾക്ക് മുൻകൂർ ജാമ്യം

0

കാക്കനാട്: തൃക്കാക്കര നഗരസഭയിലെ കൂട്ടത്തല്ലിൽ നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ (കോൺഗ്രസ്) ഉൾപ്പെടെയുള്ള ഭരണപക്ഷ അംഗങ്ങൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു. ചെയർപേഴ്‌സണ്‌ പുറമേ കോൺഗ്രസ് കൗൺസിലർമാരായ ഷാജി വാഴക്കാല, എം.ഒ. വർഗീസ്, ഉണ്ണി കാക്കനാട് എന്നിവർക്കാണ് ജില്ലാ കോടതി ജാമ്യം നൽകിയത്.

അഞ്ച് എൽ.ഡി.എഫ്. കൗൺസിലർമാരുടെ ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കും.

കൂട്ടത്തല്ലിനെ തുടർന്ന് നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പന്റെ പരാതിയിൽ എൽ.ഡി.എഫിലെ ആറ്്‌ കൗൺസിലർമാർക്കെതിരേയും സി.പി.എം. കൗൺസിലർ അജുന ഹാഷിമിന്റെ പരാതിയെ തുടർന്ന് യു.ഡി.എഫിലെ ചെയർപേഴ്‌സൺ ഉൾപ്പെടെ അഞ്ചുപേർക്കെതിരേയുമാണ് തൃക്കാക്കര പോലീസ് കേസെടുത്തത്. ഇതിൽ സി.പി.ഐ. കൗൺസിലർ എം.ജെ. ഡിക്സനെയും കോൺഗ്രസ് കൗൺസിലർ സി.സി. വിജുവിനെയും പോലീസ് അറസ്റ്റു ചെയ്തതോടെ, മറ്റുള്ള കൗൺസിലർമാർ ഒളിവിൽ പോകുകയായിരുന്നു. അറസ്റ്റിലായ രണ്ട് കൗൺസിലർമാർക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.

ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നതിൽ ചെയർപേഴ്‌സണെയും കൗൺസിലർ ഉണ്ണി കാക്കനാടിനെയും പോലീസ് അറസ്റ്റു ചെയ്തിരുന്നില്ല. ഇതിനിടെയാണ് ജാമ്യം ലഭിച്ചത്.

ഇടതുപക്ഷ അംഗങ്ങളായ ജിജോ ചിങ്ങംതറ, പി.സി. മനൂപ്, കെ.എക്സ്. സൈമൺ, അജുന ഹാഷിം, റസിയ നിഷാദ് എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകി കാത്തിരിക്കുന്നത്. ചെയർപേഴ്‌സന്റെ മുറിയുടെ പൂട്ട് തകർത്തതിനെ ചൊല്ലിയുള്ള അജൻഡയാണ് കൗൺസിൽ യോഗത്തിൽ കൈയാങ്കളിക്കിടയാക്കിയത്. ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, കൂട്ടംകൂടി ആക്രമിക്കൽ, മാനഹാനിയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇരുകൂട്ടരുടെയും പരാതിയെ തുടർന്ന് വിവിധ അംഗങ്ങൾക്കെതിരേ പോലീസ് ചുമത്തിയത്.

Leave a Reply