അതൊരു അബദ്ധം പറ്റിയതാണ്; സ്വിഫ്റ്റ് കമ്പനി യാഥാർഥ്യമായിട്ടില്ല; ഈ മാസം ഈ കാര്യത്തിൽ വ്യക്തത വരുമെന്നും കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ

0

കൊച്ചി: അതൊരു അബദ്ധം പറ്റിയതാണ്. ദീഘ ദൂര ബസുകൾ സ്വിഫ്റ്റ് പരിധിയിലേക്ക് പോകുന്നതിൽ ആർക്കും എതിർപ്പില്ല. സ്വിഫ്റ്റ് രൂപികരിച്ചു, പാൻ കിട്ടി , ജിഎസ്ടി കിട്ടി. പുതുതായി വരുന്ന നൂറു ബസും, ടാറ്റ ഡോണറെ ചെയ്യുന്ന ബസും കിഫ്ബിയുടെ ബസും സ്വിഫ്റ്റിന്റെ പേരിലായിരിക്കും രജിസ്റ്റർ ചെയ്യുക. ബോർഡ് ഇല്ലാത്തോണ്ട് നല്ല ബോർഡ് എടുത്ത് വെച്ചപ്പോൾ സ്വിഫ്റ്റ് എന്ന ബോർഡ് വന്നതാന്നെന്നും കെസ്ആർടിസി എം ഡി ബിജു പ്രഭാകർ.

കെ.എസ്.ആർ.ടിസിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി മാനേജിഗ് ഡയറക്ടർ ബിജു പ്രഭാകർ. മാനേജ്മെന്റിനെതിരെയുള്ള തെറ്റായ വാർത്തകൾ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും. കെ.എസ്.ആർ.ടിസിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. മിനിമം സർവീസ് നടത്താൻ 110 കോടി രൂപ വേണമെന്നും ബിജു പ്രഭാകർ പറഞ്ഞു.

തേവരയിൽ കെ.എസ്.ആർ.ടിസി ഡിപ്പോയിൽ വോൾവോ ബസുകൾ നശിക്കുന്നുവെന്ന സോഷ്യൽ മീഡിയ പ്രചാരണം തെറ്റാണ്. ജൻറം സ്കീം അനുസരിച്ച് 2009-12 കാലയളവിൽ 80 ലോഫ്ലോർ എ സി വോൾവോ ബസുകളാണ് ഇത്. വീതി കൂടിയ ബോഡിയാണ് ബസുകൾക്ക് ഉള്ളത്. സാധാരണ ഗതിയിൽ ഒരു ബസിന് ടേണിംഗ് റേഡിയസ് 8.73 മീറ്റർ ആണെങ്കിൽ ഇതിന്റെ റേഡിയസ് 9 മീറ്റർ ആണ്. സിറ്റി സർവീസിന് ഉപയോഗിക്കാൻ സാധിക്കില്ലെന്ന് കണ്ടപ്പോൾ ദീർഘ ദൂര സർവീസിന് വേണ്ടി ഇന്നും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് ആരംഭിച്ചതിന് ശേഷം എ.സി ബസുകളിൽ യാത്രക്കാർ കയറാത്തതും ഈ ബസുകൾ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലാക്കി. മൊത്തം 190 ബസുകളിൽ 80 എണ്ണം മാത്രമാണ് ഓഫ് റോഡ് ആയിട്ടുള്ളത്. 110 ബസും സർവീസ് നടത്താനുള്ള കണ്ടീഷനിൽ ഉള്ളവയാണ് ഓഫ് റോഡായി കിടക്കുന്ന 80 ബസുകളിലെ 3 എണ്ണം 2018 മുതലും, 20 എണ്ണം 2019 മുതലും, 5 എണ്ണം 2020 മുതലും ഓഫ് റോഡായി കിടക്കുന്നവയാണ്. 2020ന് മുൻപ് മുതൽ തന്നെ ഏതാണ്ട് 28 ബസുകൾ ഓഫ് റോഡായി കിടക്കുകയാണെന്നും ബിജു കൂട്ടിച്ചേർത്തു.

കെഎസ്ആർടിസി വരുമാനത്തിൽ 121 കോടി രൂപ ലഭിക്കുമ്പോൾ 5 കോടി രൂപ ബാങ്കുകൾ സ്വമേധയായി തിരിച്ചു പിടിച്ചു. ബാക്കി 116 കോടി രൂപയാണ് കഴിഞ്ഞ നവംബർ മാസം ഉണ്ടായിരുന്നത്. അതിൽ നിന്നും സർക്കാർ ശമ്പളത്തിനായി 60 കോടി നൽകിയാൽ ബാക്കി 56 കോടി രൂപയാണ് ഉള്ളത്. ആ 56 കോടിയിൽ നിന്നും ശമ്പളത്തിന്റെ ബാക്കി 24 കോടി കൂടി എടുത്ത് കഴിഞ്ഞാൽ ബാക്കി 34 കോടി രൂപ മാത്രമാണ്. ഈ 34 കോടി മാത്രമല്ല ഇന്ത്യൻ ഓയിൽ കോർപ്പറേഷന് നൽകേണ്ടത്. 121 കോടിയുടെ പകുതിയോളം ഡീസലിന് കൊടുക്കണം. അങ്ങനെയുള്ളപ്പോൾ എവിടെ നിന്ന് ബസുകൾ റിപ്പയർ ചെയ്യാൻ പണം കണ്ടെത്തുമെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം തൊഴിലാളികളെയും ജീവനക്കാരെയും പോലും അറിയിക്കാതെ കെഎസ്ആർടിസി ബസുകൾ സ്വിഫ്റ്റ് ആക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ മുതൽ ബസുകളിൽ സ്വിഫ്റ്റ് സ്റ്റിക്കർ ഒട്ടിക്കൽ നടന്നു. കെഎസ്ആർടിസി കമ്പനി രൂപീകരണത്തിനെതിരെ യൂണിയൻ വാങ്ങിയ സ്റ്റേ നിലനിൽക്കുന്നതിനിടെയാണ് ബസുകളിൽ സ്വിഫ്റ്റിന്റെ സ്റ്റിക്കർ പതിച്ചിരിക്കുന്നത്. കമ്പനി സിഎംഡി നാളെ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. എന്നാൽ അതിനു മുമ്പ് തന്നെ കെഎസ്ആർടിസി ഒരു സ്വകാര്യ കമ്പനിയായി മാറിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വസ്തുതയാണ് ഇപ്പോൾ പുറത്തുവരുന്നത്.

കെഎസ്ആർടിസി കോർപ്പറേഷന്റെ ഉപകമ്പനി ആയിട്ടാണ് സ്വിഫ്ട് രൂപീകരിച്ചത്. എന്നാൽ കെഎസ്ആർടിസിയെ അപ്പാടെ വിഴുങ്ങുന്ന രീതിയിലാണ് പുതിയ കമ്പനിയുടെ രീതി. കെ എസ് ആർ ടി സി യുടെ ജീവനക്കാരെയല്ലാതെ കരാർ അടിസ്ഥാനത്തിൽ ജോലിക്കാരെ വെച്ച് കമ്പനി നടത്താനായിരുന്നു പദ്ധതി. എന്നാൽ തൊഴിലാളികളും യൂണിയനുകളും ഇതിനെ ശക്തമായി എതിർക്കുകയും ഹൈക്കോടതിയിൽ നിന്ന് കമ്പനി രൂപീകരണത്തിനെതിരെ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങുകയും ചെയ്തു.

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ജീവനക്കാർ പണിമുടക്കിയ സമയത്ത് കമ്പനി സിഎംഡി യൂണിയനുകളോട് ഹൈക്കോടതിയിൽ കൊടുത്ത പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് സ്വിഫ്റ്റിനെ കെഎസ്ആർടിസിയിലെ ഒരു ഉപകമ്പനിയായി നിലനിർത്തി തുടങ്ങാം എന്ന നിർദ്ദേശം മുഖ്യമന്ത്രി മുമ്പോട്ട് വെച്ചത്. എന്നാൽ ഇന്ന് രാവിലെ മുതൽ സംസ്ഥാനത്തത്തൊട്ടാകെ ഓടുന്ന ബസുകളിൽ സ്വിഫ്റ്റിന്റെ സ്റ്റിക്കർ ഒട്ടിക്കുകയാണ്. സ്റ്റേ ഉള്ളതിനാൽ ജീവനക്കാരോ തൊഴിലാളികളോ ആരും തന്നെ ഇക്കാര്യം അറിഞ്ഞിട്ടില്ല. ദീർഘ ദൂര ബസുകൾ, എസി ബസുകൾ, ലോഫ്‌ളോർ ബസുകൾ തുടങ്ങി എല്ലാ ദീർഘ ദൂര ബസുകളിലും സ്റ്റിക്കർ ഒട്ടിച്ചിരിക്കുകയാണ്. തൊഴിലാളികൾ പോലുമറിയാതെയാണ് അവർ ഒരു സ്വകാര്യ കമ്പനിയായി മാറിയിരിക്കുന്നത്.

അതേസമയം കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിം​ഗ് ഡയറക്ടർ ബിജുപ്രഭാകർ നാളെ ഉച്ചയ്ക്ക് 2 മണിക്ക് വാർത്താ സമ്മേളനം നടത്തും. സിഎംഡിയുടെ ചേമ്പറിൽ വെച്ചാണ് വാർത്താസമ്മേളനം.

Leave a Reply