ഹൈറേഞ്ച്‌ മേഖലയിലെ 18 ഓളം മോഷണക്കേസുകളിലെ പ്രതി പിടിയില്‍

0

കട്ടപ്പന: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ അന്തര്‍ ജില്ലാ മോഷ്‌ടാവ്‌ പിടിയില്‍. തിരുവനന്തപുരം പാറശാല പൂവരക്‌വിള സജു (36) ആണ്‌ അറസ്‌റ്റിലായത്‌. ജില്ലാ പോലീസ്‌ മേധാവി ആര്‍. കറുപ്പസ്വാമിയുടെ നിര്‍ദേശപ്രകാരം കട്ടപ്പന ഡിവൈ.എസ്‌.പി. വി.എ. നിഷാദ്‌ മോന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. ഹൈറേഞ്ച്‌ മേഖലയിലെ 18 ഓളം മോഷണക്കേസുകളിലെ പ്രതിയാണ്‌ ഇയാള്‍.
കട്ടപ്പന പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ 13, പെരുവന്താനം പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട്‌, മുരിക്കാശേരി പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ മൂന്ന്‌ കേസുകളിലും ഇയാള്‍ പ്രതിയാണ്‌. കോട്ടയം പൊന്‍കുന്നം പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ ഒരു കേസും ഇയാള്‍ക്കെതിരെ തെളിഞ്ഞിട്ടുണ്ട്‌. മാലപൊട്ടിക്കല്‍ കേസില്‍ 2020 നവംബറില്‍ പൊന്‍കുന്നം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത ഇയാള്‍ 2021 ജനുവരിയില്‍ ജയിലില്‍നിന്നും പുറത്തിറങ്ങിയശേഷം വെള്ളിലാംകണ്ടം ഭാഗത്ത്‌ വാടകയ്‌ക്ക്‌ താമസിക്കുകയായിരുന്നു. ഈ സമയത്താണ്‌ ഹൈറേഞ്ച്‌ മേഖലയില്‍ മോഷണം വ്യാപകമാക്കിയത്‌. ഭവനഭേദനത്തിനായി പ്രത്യേകം ആയുധങ്ങള്‍ നിര്‍മിച്ച്‌ തിരിച്ചറിയാത്ത വിധം മുഖംമൂടിയും കൈയുറകളും ധരിച്ചായിരുന്നു മോഷണം. ആയുധങ്ങള്‍ ബാഗിലാക്കി രാത്രിയില്‍ ബൈക്കില്‍ സഞ്ചരിച്ചാണ്‌ മോഷണത്തിനെത്തിയിരുന്നത്‌. പ്രധാന റോഡുകളോടുചേര്‍ന്ന ഒറ്റപ്പെട്ട വീടുകളാണ്‌ പ്രതി മോഷണത്തിനായി തെരഞ്ഞെടുത്തിരുന്നത്‌.
2013 ല്‍ തിരുവനന്തപുരം പൂവാറില്‍നിന്ന്‌ വിഗ്രഹം മോഷ്‌ടിച്ച കേസിലും ടെക്‌നോപാര്‍ക്കില്‍നിന്ന്‌ ബൈക്ക്‌ മോഷ്‌ടിച്ച കേസിലും പന്തളത്തുനിന്ന്‌ കാര്‍ മോഷ്‌ടിച്ച കേസിലും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌. ഇയാളെക്കുറിച്ച്‌ അന്വേഷണം തുടരുകയാണെന്ന്‌ കട്ടപ്പന പോലീസ്‌ അറിയിച്ചു. പ്രതിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും. കട്ടപ്പന ഐ.പി. വിശാല്‍ ജോണ്‍സണ്‍, എസ്‌.ഐമാരായ ദിലീപ്‌ കുമാര്‍, സജിമോന്‍ ജോസഫ്‌, എ.എസ്‌.ഐമാരായ ബേസില്‍ പി. ഐസക്‌, സുബൈര്‍, ഉദ്യോഗസ്‌ഥരായ ടോണി ജോണ്‍, വി.കെ. അനീഷ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്‌.

Leave a Reply