ഇവിടെ എങ്ങനെ കാത്തിരിക്കും?

0

കോതമംഗലം: കാലപ്പഴക്കത്തിൽ നിലംപതിക്കാറായ കാത്തിരിപ്പുകേന്ദ്രം യാത്രക്കാരെ അപകടഭീഷണിയിലാക്കുന്നതായി പരാതി. ചിലയിടത്ത് ലക്ഷങ്ങൾ മുടക്കി പണിത കാത്തിരിപ്പുകേന്ദ്രം യാത്രക്കാർ കയറാതെ നോക്കുകുത്തിയാകുമ്പോൾ, യാത്രക്കാർ ഉപയോഗിച്ചിരുന്ന വെയിറ്റിങ് ഷെഡ്ഡ്‌ ഭാഗികമായി തകർന്ന് നിലംപതിക്കാറായ അവസ്ഥയിൽ. ഇത്തരത്തിൽ നിരവധി വെയിറ്റിങ് ഷെഡുകൾ യാത്രക്കാരെ വെല്ലുവിളിച്ച് നിൽക്കുന്നത് കാണാം. ചേലാട് റോഡിലെ മില്ലുംപടിയിൽ നഗരസഭ 25 വർഷം മുമ്പ് പണിത കാത്തിരിപ്പുകേന്ദ്രത്തിന്റെ അവസ്ഥ തീർത്തും പരിതാപകരമാണ്.

ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ മേൽക്കൂരയുടെ ഷീറ്റും മുൻഭാഗത്തെ ഷെഡ്ഡും ഒരുവർഷം മുമ്പ് ഭാഗികമായി തകർന്നതാണ്. മേൽക്കൂരയുടെ ബാക്കി ഭാഗങ്ങൾ എപ്പോൾവേണമെങ്കിലും അടർന്ന് താഴേക്കു പതിക്കാവുന്ന നിലയിലാണ്. യാത്രക്കാർക്കുമേൽ വീണ് അപകടമുണ്ടാകാനും സാധ്യതയുണ്ട്.

പതിവായി യാത്രക്കാർ ഉപയോഗിച്ചിരുന്ന കാത്തിരിപ്പുകേന്ദ്രമാണിത്. മഴയത്ത് ചോർച്ചയും കൂടിയായതോടെ യാത്രക്കാർ സമീപത്തെ കടകൾക്കു മുന്നിലേക്ക് കാത്തിരിപ്പ് മാറ്റി. നഗരസഭ അഞ്ചാം വാർഡിലുള്ള ഈ കാത്തിരിപ്പുകേന്ദ്രം ഇപ്പോൾ നാടിനുതന്നെ നാണക്കേടായി മാറിയ അവസ്ഥയിലാണ്. വർഷങ്ങൾ ഏറെയായിട്ടും വെയിറ്റിങ് ഷെഡ്ഡ് പുനർനിർമിക്കാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധവുമുണ്ട്.

Leave a Reply