ഹെലികോപ്റ്റർ അപകടം; സഹായവുമായെത്തിയ ബിജിയെ നേരിൽ കണ്ട് നന്ദിയറിയിച്ച് എം എ യൂസഫലി

0

കൊച്ചി: സാങ്കേതിക തകരാർ മൂലം ഹെലികോപ്റ്റർ അപകടത്തിൽപെട്ട തന്നെ സഹായിച്ച കുമ്പളം സ്വദേശി എവി ബിജിക്ക് നന്ദിയറിയിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. വനിതാ പൊലീസ് ഓഫീസര്‍ കൂടിയായ ബിജിയുടെ വീട്ടിലെത്തിയാണ് യൂസഫലി നന്ദി പറഞ്ഞത്. ഏപ്രില്‍ 11 നായിരുന്നു എംഎ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്.

കടവന്ത്രയിലെ വീട്ടിൽ നിന്ന് ലേക്ഷോർ ആശുപത്രിയിലേക്ക് പോവുന്നതിനിടെയാണ് സാങ്കേതിക തകരാര്‍ കാരണം ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കിയത്. യൂസഫലിയും ഭാര്യയും മൂന്ന് ജീവനക്കാരും അടക്കം ആറുപേരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

ഈ സമയം ആശുപത്രിയിലെത്തിക്കും മുമ്പ് ഇവർക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയത് ബിജിയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈ എടുത്ത ബിജിയെ കേരളാ പൊലീസും ആദരിച്ചിരുന്നു. ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയപ്പോള്‍ അവരെ രക്ഷിക്കാന്‍ സീനിയർ സിവില്‍ പൊലീസ് ഓഫീസര്‍ എവി ബിജി കാണിച്ച ധീരതയാര്‍ന്ന പ്രവര്‍ത്തനത്തിന് സര്‍ട്ടിഫിക്കറ്റും പാരിതോഷികവും നല്‍കിയിരുന്നു.

Leave a Reply