ആൾമാറാട്ടം നടത്തി കോടതിയെ കബളിപ്പിച്ച സംഭവത്തിൽ എസ്എഫ്‌ഐ പ്രവർത്തകരുൾപ്പെടെയുള്ള പ്രതികൾക്ക് 2000 രൂപയും പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ചു

0

ആൾമാറാട്ടം നടത്തി കോടതിയെ കബളിപ്പിച്ച സംഭവത്തിൽ എസ്എഫ്‌ഐ പ്രവർത്തകരുൾപ്പെടെയുള്ള പ്രതികൾക്ക് 2000 രൂപയും പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ചു. കോട്ടയം തൃപ്പാക്കൽ അഭിജിത്ത് കുമാർ, കല്ലൂർക്കാട് താന്നിക്കാപ്പാറയിൽ ടി.എസ്. വിഷ്ണു, മുട്ടം വടശ്ശേരിയിൽ ആൽബിൻ ജോസ്, കണ്ണൂർ കുറ്റിയേത്ത് നിഖിൽ, പുത്തൻപുരയ്ക്കൽ മണിയമ്മ, തുടങ്ങനാട് കുളത്തിങ്കൽ ഫ്രാൻസിസ് എന്നിവർക്കാണ് മുട്ടം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ശിക്ഷ വിധിച്ചത്.

അടിപിടിക്കേസിലെ പ്രതിക്ക് പകരം മറ്റൊരാൾ കോടതിയിൽ ഹാജരായ സംഭവത്തിലാണ് 4 എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെയും ഇവർക്കു ജാമ്യം നിന്ന മുട്ടം സ്വദേശികൾക്കെതിരെയും കേസെടുത്തത്. മുട്ടം എൻജിനീയറിങ് കോളജിൽ 2016ൽ നടന്ന എസ്എഫ്‌ഐ- എബിവിപി സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ എസ്എഫ്‌ഐക്കാരായ അഭിജിത്ത് കുമാർ, ടിഎസ്. വിഷ്ണു, മുനീഷ്, ആൽബിൻ ജോസ് എന്നിവർ പ്രതികളായിരുന്നു. കോടതി സമൻസ് അയച്ചെങ്കിലും ഇവർ ആ കോടതിയിൽ ഹാജരായില്ല. ഇതോടെ വാറന്റ് പുറപ്പെടുവിച്ചു. ഇതിനിടെ 3-ാം പ്രതി മുനീഷ് വിദേശത്തു പോയി. പിന്നീട് 4 പ്രതികൾ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു.

ഈ സമയത്ത് വിദേശത്തായിരുന്ന മുനീഷിനു പകരം നിഖിലാണ് കോടതിയിൽ ഹാജരായത്. ഇയാൾ മുനീഷിന്റെ തിരിച്ചറിയൽ കാർഡും കരുതിയിരുന്നു. ഈ സംഭവമാണ് കേസിനു കാരണം. ഇതേസമയം കോടതിയിൽ ഹാജരായിരുന്ന മുട്ടം പൊലീസും ആൾമാറാട്ടം അറിഞ്ഞില്ല. പിന്നീട് ഇക്കാര്യം മനസ്സിലാക്കിയ കോടതി 4 പ്രതികളെയും കോടതിയിൽ ജാമ്യം നിന്ന മുട്ടം പുത്തൻപുരയ്ക്കൽ മണിയമ്മ, തുടങ്ങനാട് കുളത്തിങ്കൽ ഫ്രാൻസിസ് എന്നിവരെയും അടിയന്തരമായി അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിടുകയായിരുന്നു. ആൾമാറാട്ടം നടത്തിയ കേസിൽ മുനീഷ് പ്രതിയല്ല. ആൾമാറാട്ടം,വഞ്ചന, ചതി എന്നിവയുൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരുന്നു കേസെടുത്തിരുന്നത്.

Leave a Reply