മലയാളം വേണോ കന്നഡ വേണോ?ഒന്നുകിൽ തൊട്ടടുത്തുള്ള കന്നഡ വിദ്യാലയത്തിൽ അഞ്ചാം ക്ലാസിൽ ചേരണം, അല്ലെങ്കിൽ 12 കിലോമീറ്റർ അപ്പുറത്തുള്ള മലയാളം മീഡിയത്തിൽ; നാലാംതരം കഴിഞ്ഞാൽ ചള്ളങ്കയത്തെ കുട്ടികൾക്ക്‌ സംശയമാണ്

0

പുത്തിഗെ: നാലാംതരം കഴിഞ്ഞാൽ ചള്ളങ്കയത്തെ കുട്ടികൾക്ക്‌ സംശയമാണ്. മലയാളം വേണോ കന്നഡ വേണോ. പുത്തിഗെ പഞ്ചായത്തിലെ ചള്ളങ്കയം സ്കൂളിലെയും പൈവളിഗെ പഞ്ചായത്തിലെ കൂടാൽ മർക്കള സ്കൂളിലെയും കുട്ടികൾക്ക് മലയാളം മാധ്യമത്തിൽ തുടർപഠനത്തിന് സൗകര്യമില്ല. ഒന്നുകിൽ തൊട്ടടുത്തുള്ള കന്നഡ വിദ്യാലയത്തിൽ അഞ്ചാം ക്ലാസിൽ ചേരണം. അല്ലെങ്കിൽ 12 കിലോമീറ്റർ അപ്പുറത്തുള്ള ഹേരൂർ സ്കൂളിലോ അംഗഡിമുഗർ സ്കൂളിലോ ചേർന്ന് പഠിക്കണം.

മലയാളം തുടർപഠനത്തിന് സൗകര്യമില്ലാത്ത ഇവിടത്തുക്കാരുടെ സംശയത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. യാത്രാസൗകര്യം നാമമാത്രമായ ഈ പ്രദേശത്ത് ഏറെ ദൂരം സഞ്ചരിച്ച് തുടർപഠനം നടത്തുകയെന്നത് ദുഷ്കരമാണ്. പലരും, പ്രത്യേകിച്ച് പെൺകുട്ടികൾ നാലാംതരത്തിൽ പഠനം അവസാനിപ്പിക്കുന്നതിനും ഇത് കാരണമാകുന്നു.

ഓരോ വർഷവും നൂറുകണക്കിന് വിദ്യാർഥികളാണ് മാതൃഭാഷാപഠന സൗകര്യമില്ലാത്തതിനാൽ മറ്റു മാധ്യമങ്ങളിലേക്ക് മാറേണ്ടിവരുന്നത്. ഒന്നാം ക്ലാസിൽ പഠിച്ച മലയാളം അക്ഷരങ്ങൾ മറന്ന് അഞ്ചാം ക്ലാസിൽ കന്നഡ അക്ഷരങ്ങൾ പഠിക്കാൻ അവർ നിർബന്ധിക്കപ്പെടുകയാണ്. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കിയ രാജ്യത്താണിത് സംഭവിക്കുന്നത്. അതിർത്തി ഗ്രാമങ്ങളായതിനാൽ ധർമത്തടുക്ക, പെർമുദ, കനിയാല, ചള്ളങ്കയം, കൂടാൽ മെർക്കള, ചേവാർ തുടങ്ങിയിടങ്ങളിൽ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം, മലയാളം തുടർന്ന് പഠിക്കണമെങ്കിൽ ഒട്ടേറെ കടമ്പകൾ കടക്കണം. മാതൃഭാഷയിൽ പഠനം നടത്തുന്നതിനുള്ള സൗകര്യമൊരുക്കണമെന്നാണ് മലയാളത്തെ സ്നേഹിക്കുന്ന നാട്ടുകാർ ആവശ്യപ്പെടുന്നത്.

സ്വപ്നം പൂവണിയുമോ

:പുത്തിഗെ, പൈവളിഗെ പഞ്ചായത്തുകളിൽ അതിർത്തിപ്രദേശങ്ങളിലെ വിദ്യാർഥികൾ മലയാളഭാഷാ തുടർപഠനത്തിന് സൗകര്യമില്ലാതെ ഏറെ ബുദ്ധിമുട്ടുകയാണ്. നൂറ്റാണ്ട്‌ പഴക്കമുള്ള ചള്ളങ്കയം, കൂഡാൽ മേർക്കള എൽ.പി. സ്കൂളുകളിൽ നാലാംതരം വരെ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് പഠനം നിർത്തുകയോ അല്ലെങ്കിൽ കന്നഡമാധ്യമ വിദ്യാലയങ്ങളിലേക്ക് മാറുകയോ ചെയ്യേണ്ട വളരെ ഖേദകരമായ അവസ്ഥയാണ്.

അബ്ദുൾ റഹ്‌മാൻ,

അധ്യാപകൻ, കൂടാൽ മെർക്കള എൽ.പി. സ്കൂൾ

Leave a Reply