കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്നു പേര് വാഹനാപകടത്തില്‍ മരിച്ച കേസിന്റെ അനേ്വഷണത്തിനിടെ കൊച്ചിയിലെ ഫ്ളാറ്റില്‍ വന്‍കിട ചൂതാട്ടകേന്ദ്രം കണ്ടെത്തി.
ലക്ഷങ്ങള്‍ വാതുവയ്ക്കുന്ന വിദേശ ചൂതാട്ടകേന്ദ്രങ്ങള്ക്കു സമാനമായ സംവിധാനങ്ങളാണ് ചിലവന്നൂരിലെ ഹീര വാട്ടേഴ്സ് ബഹുനില ഫ്ളാറ്റില്‍ ഒരുക്കിയിരുന്നത്. നടത്തിപ്പുകാരന് പറവൂര്‍ എളന്തിക്കര സ്വദേശി ടിപ്സണ്‍ ഫ്രാന്‍സിസി(33)നെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.
ലോകത്ത് വന്‍ പ്രചാരമുള്ള പോക്കര് ചീട്ടുകളിയാണ് ഇവിടെ നടത്തിയിരുന്നത്. പണത്തിനു പകരം പ്രത്യേക കോയിനുകളാണ് ഉപയോഗിച്ചിരുന്നത്. 5,000 മുതല്‍ 10,000 രൂപവരെയാണ് ഒരു ടോക്കണിന്റെ വില. മദ്യശാലയും പ്രവര്‍ത്തിപ്പിച്ചിരുന്നു. ഇതിന് അനുമതിയുണ്ടായിരുന്നോയെന്ന് പരിശോധിക്കും. കളിക്കാരില്‍ നിന്ന് മുന്‍കൂറായി പണം വാങ്ങിയാണ് ചൂതാട്ടത്തില്‍ പങ്കെടുപ്പിച്ചിരുന്നത്. ചൂതാട്ടത്തിനുപയോഗിച്ചിരുന്ന കോയിനുകളും ചീട്ടും മറ്റ് സാമഗ്രികളും പിടിച്ചെടുത്തു. അഞ്ചു ഗ്രാം കഞ്ചാവും കണ്ടെടുത്തു.
എറണാകുളം സൗത്ത് പോലീസ്, ഡാന്‍സാഫ്, ഡോഗ് സ്ക്വാഡ് എന്നിവ സംയുക്തമായാണ് ഇന്നലെ പരിശോധന നടത്തിയത്. കേന്ദ്രത്തിലെത്തിയ ഏഴുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും.
മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചിലവന്നൂരില്‍ സലഹാദീന്റെ ഫ്ളാറ്റിലാണ് ആദ്യം പോലീസ് പരിശോധിച്ചത്. അവിടെ കാര്യമായിട്ടൊന്നും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ഈ ചൂതാട്ട കേന്ദ്രത്തെക്കുറിച്ച് അറിഞ്ഞത്.
അറസ്റ്റിലായ ടിപ്സന്റെ ബാങ്ക് അക്കൗണ്ട് പരിശോധിക്കും. തൃക്കാക്കര ഓയോ റൂം, മരട് ഏദന്‍സ്, പനങ്ങാട് ചാത്യാത് ലെയ്ക് സിംഫണി എന്നിവിടങ്ങളിലും റെയ്ഡ് നടത്തി.