മൊബൈൽഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥക്കെതിരേ കൂടുതൽ നടപടിയില്ല

0

മൊബൈൽഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥക്കെതിരേ കൂടുതൽ നടപടിയില്ല. സംഭവത്തിൽ ഉദ്യോഗസ്ഥക്കെതിരേ ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കാണിച്ച് ഡി.ഐ.ജി. റിപ്പോർട്ട് നൽകി. പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ രജിതയെ സ്ഥലംമാറ്റുകയും പരിശീലനത്തിന് അയക്കുകയും ചെയ്തിട്ടുണ്ടെന്നും അതേസമയം തെറ്റ് മനസിലായിട്ടും ഉദ്യോഗസ്ഥ മാപ്പ് പറയാതിരുന്നത് വീഴ്ചയാണെന്നും ഡി.ജി.പിക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു.

ഉദ്യോഗസ്ഥ മോശം ഭാഷ ഉപയോഗിച്ചതിനോ ജാതി അധിക്ഷേപം നടത്തിയതിനോ തെളിവില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ വിഷയം കൈകാര്യം ചെയ്യുന്നതിൽ ഇവർ ജാഗ്രത പുലർത്തിയില്ല. ഉദ്യോഗസ്ഥക്കെതിരേ ആവശ്യമായ നടപടികൾ സ്വീകരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഒന്നരമാസം മുമ്പാണ് പിങ്ക് പോലീസ് സ്ക്വാഡിലെ ഉദ്യോഗസ്ഥയായ സി.പി. രജിത തോന്നയ്ക്കൽ സ്വദേശിയായ ജയചന്ദ്രനെയും മകളെയും പൊതുജനമധ്യത്തിൽ അപമാനിച്ചത്. തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് ഇരുവരെയും പരസ്യമായി വിചാരണ ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ രജിതയെ റൂറൽ എസ്.പി. ഓഫീസിലേക്ക് സ്ഥലംമാറ്റി. സംഭവത്തിൽ പട്ടികജാതി-പട്ടികവർഗ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപെട്ടു. രജിതയെ യൂണിഫോമിലുള്ള ജോലിയിൽനിന്ന് ഒഴിവാക്കണമെന്ന് ഒരാഴ്ച മുമ്പ് പട്ടികജാതി-പട്ടികവർഗ കമ്മീഷൻ ഉത്തരവിട്ടിരുന്നു. പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികളിൽനിന്ന് ഉദ്യോഗസ്ഥയെ മാറ്റിനിർത്തണമെന്നായിരുന്നു നിർദേശം.

അന്ന് നടന്ന സംഭവം ഇങ്ങനെ…

ഐ.എസ്.ആർ.ഒ.യിലേക്കു ചേംബറുകളുമായി പോകുന്ന ട്രെയിലറുകൾ കാണാനാണ് ജയചന്ദ്രനും മകളും ആറ്റിങ്ങൽ മൂന്നുമുക്കിലെത്തിയത്. പിങ്ക് പോലീസിന്റെ കാർ നിർത്തിയിരുന്നതിന് അല്പമകലെയായി സ്കൂട്ടർ നിർത്തി മകൾക്ക് കടയിൽനിന്നു വെള്ളം വാങ്ങി കൊടുക്കുമ്പോൾ കാറിനടുത്തെത്തിയ പോലീസുകാരി ജയചന്ദ്രനോട് ഫോൺ ആവശ്യപ്പെടുകയായിരുന്നു. സ്വന്തം ഫോൺ നീട്ടിയപ്പോൾ കാറിൽനിന്ന് ഫോണെടുത്ത് ജയചന്ദ്രൻ മകളെ ഏൽപ്പിക്കുന്നതു കണ്ടുവെന്നും അത് നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ചോദ്യംചെയ്യലായി. അതോടെ ആളുകൾകൂടി.

ഫോണെടുത്തിട്ടില്ലെന്ന് ആണയിട്ടു പറഞ്ഞിട്ടും പോലീസുകാരി കേട്ടില്ലെന്ന് ജയചന്ദ്രൻ പറഞ്ഞു. അച്ഛനെയും മകളെയും ദേഹപരിശോധനയ്ക്ക് സ്റ്റേഷനിൽ കൊണ്ടുപോകണമെന്നായി. ഇതോടെ പേടിച്ച് കുട്ടി കരയാൻ തുടങ്ങി.

മോഷ്ടിക്കപ്പെട്ടുവെന്നു പറഞ്ഞ ഫോണിലേക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിതാ പോലീസ് ഉദ്യോഗസ്ഥ വിളിച്ചു. ബെൽ കേട്ട് നടത്തിയ തിരച്ചിലിൽ കാറിന്റെ സീറ്റുകവറിനുള്ളിൽ നിന്ന് ഫോൺ കണ്ടെടുത്തു. ഇവർ കുട്ടിയെ ആശ്വസിപ്പിച്ചെന്ന് ജയചന്ദ്രൻ പറയുന്നു. എന്നാൽ, പോലീസ് വാഹനത്തിൽനിന്നുതന്നെ മൊബൈൽഫോൺ കിട്ടിയിട്ടും രജിത ആക്ഷേപം തുടർന്നതായാണ് ആരോപണം. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു

Leave a Reply