മിഥുൻ പുല്ലുവഴി
കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ മദ്യം വിൽപ്പന തുടങ്ങിയാൽ അതിൻ്റെ ക്രെഡിറ്റ് പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിളളിക്ക്. കെ.എസ്.ആർ.ടി.സി ബസുകളിൽ ബവ്കോയുടെ ഔട്ട് ലെറ്റുകൾ തുടങ്ങുന്ന തരത്തിലുള്ള പദ്ധതിയായിരുന്നു കുന്നപ്പിളളിയുടെ മനസ്സിൽ. ബസിൽ മദ്യപാനം പാടില്ലെന്നും ബിയറും വൈനും മാത്രമെ വിൽക്കാൻ പാടുള്ളു എന്നും നിർദ്ദേശത്തിൽ പറഞ്ഞിരുന്നു.
ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജുവുമായി ആശയം പങ്കുവെച്ച അന്നു തന്നെ പ്രത്യേക അഭിനന്ദനവും എൽദോസ് കുന്നപ്പിള്ളി നേടിയിരുന്നു. നൂതന ആശയം നിയമസഭയിൽ കൊണ്ടുവരാമെന്നും അത് പ്രാവർത്തികമാക്കാമെന്നും മന്ത്രി ആൻറണി രാജുഉറപ്പുനൽകുകയും ചെയ്തു.
മന്ത്രി ആൻ്റണി രാജുവിൻ്റെ നേതൃത്വത്തിൽ എറണാകുളത്ത് വച്ച്നടന്ന ജില്ലയിലെ എം.എൽ.എമാരുടെ യോഗത്തിലാണ് കെ.എസ്.ആർ.ടി.സിയെ കരകയറ്റാൻ പോന്ന നൂതന ആശയം കുന്നപ്പിള്ളി അവതരിപ്പിച്ചത്.
തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തതോടെ ബസുകൾ റൂട്ടിലോടിക്കാൻ നിർദേശം നൽകിയതും ഗ്രാമ വണ്ടി എന്ന് പേര് നൽകിയതും എൽദോസ് കുന്നപ്പിളളി ആയിരുന്നു.
കട്ടപ്പുറത്തിരിക്കുന്ന വാഹനങ്ങൾ കെ.എസ്.ആർ.ടി.സിക്ക് പണചെലവ് ഇല്ലാതെ ലാഭത്തിലാക്കാം എന്നതായിരുന്നു ആശയത്തിൻ്റെ പ്രത്യേകത.ഇതിനൊപ്പമാണ് ബസിൽ ബിയറും വൈനും വിൽക്കാമെന്ന നിർദേശം സമർപ്പിച്ചത്.
എന്നാൽ കുന്നപ്പിള്ളിയുടെ ആശയം മന്ത്രി ആൻറണി രാജു ചെറുതായി തിരുത്തി. കെ.എസ്.ആർ.ടി.സി ബസുകളിലെ മദ്യവിൽപ്പന ബസ് സ്റ്റാൻ്റിലേക്ക് മാറ്റി.
പക്ഷെ ബെവ്കോ ഒൗട്ട്ലെറ്റുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പും പൊതു ഗതാഗത വകുപ്പും രണ്ടു വഴിക്കാണ്. കെഎസ്ആർടി സി ഡിപ്പോകളിലോ ഒഴിഞ്ഞു കിടക്കുന്ന ഭൂമിയിലോ ഷോപ്പുകൾ തുറക്കണമെന്നാണ് പൊതു ഗതാഗത വകുപ്പിന്റെ ആഗ്രഹം.
എന്നാൽ ഇത് പ്രാവർത്തികമല്ലെന്ന നിലപാടാണ് എക്സൈസിനുള്ളത്. കെസ്ആർടിസിയുടെ ഭൂമിയും കെട്ടിടങ്ങളും ദീർഘകാല പാട്ടത്തിന് ബെവ്കോയ്ക്ക് നൽകണമെന്ന നിലപാടാണ പൊതു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനുള്ളത്. ഇതിൽ ബെവ്കോയ്ക്കും എതിർപ്പില്ല.
കോടതി കണ്ണുരുട്ടുമോ?
എന്നാൽ, ജനങ്ങൾ ഏറെ വന്നു പോകുന്ന കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യ ഷോപ്പുകൾ തുറന്നാൽ അത് കോടതിയു ടെ രൂക്ഷ വിമർശനത്തിനിടയാക്കുമെന്നാണ് എക്സൈസ് വകുപ്പ് പറയുന്നത്.
ആത് മന്ത്രി എം.വി.ഗോവിന്ദൻ ഇന്നലെ വ്യക്തമാക്കുകയും ചെയ്തു. ഇപ്പോഴേ പലയിടത്തുനിന്നും പ്രതിഷേധം ഉയർന്നു കഴിഞ്ഞു.
അതേസമയം കേരളത്തിൽ ഏറ്റവും വരുമാനമുള്ള ബെവ്കോയുടെ കൈ പിടിച്ച് കരകയറാനുള്ള ശ്രമത്തിലാണ് കെഎസ്ആർടിസി. എന്നാൽ ഇതിന് നിലവിലെ സാഹചര്യത്തിൽ എക്സൈസ് തയാറല്ല.
പക്ഷെ പൊതു ഗതാഗത വകുപ്പിന്റെ ആശയത്തോട് ബെവ്കോ എംഡിക്കുൾപ്പെടെ പൂർണ യോജിപ്പാണ് ഉള്ളത്.വലിയ വാടക കൊടുത്താണ് പലയിടത്തും ബെവ്കോ ഒൗട്ട് ലെറ്റുകൾ പ്രവർത്തിക്കുന്നത്.
കെഎസ്ആർടിസിയുമായി കൈകോർക്കുന്പോൾ ഇതിൽ വലിയ വ്യത്യാസം ഉണ്ടാകുമെന്ന് അധികൃതർ കരുതുന്നു.