മാറനല്ലൂർ: സ്കൂട്ടറിൽ സഞ്ചരിച്ചയാളിനെ കാറിടിച്ചു വീഴ്ത്തിയശേഷം തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേർ പിടിയിലായതായി സൂചന. മണ്ണടിക്കോണം പാപ്പാകോടിനു സമീപമാണ് സംഭവം.
പ്രതികളെ സഹായിച്ചവരാണിവർ. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ വെള്ളറടയിൽ നിന്ന് പോലീസ് കണ്ടെത്തി. പ്രതികളുടെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് കാർ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് നാലിനാണ് സംഭവം നടന്നത്. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന നെയ്യാർ ഡാം സ്വദേശി ഷാജിയെയാണ് കാറിടിച്ചു വീഴ്ത്തിയശേഷം തട്ടിക്കൊണ്ടുപോയത്. ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ പോലീസ് പരിശോധിച്ചപ്പോൾ ഇയാൾ ക്രിമിനൽക്കേസുകളിലെ പ്രതിയെന്ന് വ്യക്തമായി.
പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് മാറനല്ലൂർ പോലീസ് പറഞ്ഞു.
English summary
Three arrested for abducting scooter passenger