അണക്കപ്പാറ സ്പിരിറ്റ് കേസിൽ നാല് പേർ ഹാജരാകാൻ എക്‌സൈസ് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകി

0

അണക്കപ്പാറ സ്പിരിറ്റ് കേസിൽ നാല് പേർ ഹാജരാകാൻ എക്‌സൈസ് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകി. അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഏഴ് പേരിൽ മൂന്ന്, നാല്, ആറ്്‌, ഏഴ് പ്രതികളായ തൃശ്ശൂർ കണ്ടശ്ശാംകടവ് സ്വദേശി ചന്ദ്രൻ, കുഴൽമന്ദം തോട്ടിങ്കൽ സ്വദേശി ശശി, വണ്ടിത്താവളം സ്വദേശി ശിവശങ്കരൻ, വടക്കഞ്ചേരി സ്വദേശി വാസുദേവൻ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ എറണാകുളം ഓഫീസിൽ തിങ്കളാഴ്ച ഹാജരാകാനാണ് നിർദേശം.

ആലത്തൂർ ജയിലിൽ കഴിഞ്ഞിരുന്ന ഇവരെ കഴിഞ്ഞ തിങ്കളാഴ്ച ജയിലിലെത്തി ചോദ്യം ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇതിന് മുമ്പ് ഇവർക്ക് ജാമ്യം ലഭിച്ചു. ഇതോടെയാണ് ഹാജരാകാൻ നോട്ടീസയച്ചത്. മുഖ്യപ്രതി സോമശേഖരൻ നായരിൽ നിന്ന് ലഭിച്ച ചില വിവരങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് ഇവരെ ചോദ്യം ചെയ്യുന്നത്. അണക്കപ്പാറയിലെ അനധികൃത കള്ളുസംഭരണശാലയിൽ നിന്ന് 1,312 ലിറ്റർ സ്പിരിറ്റും 2,220 ലിറ്റർ വ്യാജക്കള്ളുമാണ് ജൂൺ 27-ന് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. സ്പിരിറ്റ് എവിടെനിന്ന് കൊണ്ടുവന്നു, സ്പിരിറ്റ് ചേർത്ത കള്ള് എവിടെയെല്ലാം വിതരണം നടത്തി എന്നതാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. 23 പേർക്കെതിരെ നിലവിൽ കേസെടുത്തിട്ടുണ്ട്. മുഖ്യപ്രതികളായ സോമശേഖരൻ നായരും എ. സുബീഷും അറസ്റ്റിലായി ജയിലിലാണ്. ഇവർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ബാങ്കിടപാടുകളിൽ സൂക്ഷ്മ പരിശോധന

കഴിഞ്ഞ ദിവസം കേസിൽ അറസ്റ്റിലായ രണ്ട് പേരുടെ ബാങ്ക് ഇടപാടുകൾ ക്രൈംബ്രാഞ്ച് സംഘം സൂക്ഷ്മമായി പരിശോധിക്കുന്നു. പ്രാഥമിക പരിശോധനയിൽ സംശയിക്കുന്ന പല ഇടപാടുകളും കണ്ടെത്തി. സ്പിരിറ്റെത്തിച്ചതിലും സ്പിരിറ്റ് ചേർത്ത കള്ള് വിതരണത്തിലും കൂടുതൽ പങ്കാളികൾ ഉണ്ടാകാനുള്ള സാധ്യതയാണ് ബാങ്കിടപാടുകൾ സൂചിപ്പിക്കുന്നതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന എക്സൈസ് അസി. കമ്മിഷണർ ടി.എം. കാസിം പറഞ്ഞു. തൃശ്ശൂർ ചാവക്കാട് സ്വദേശി വി. അനിൽകുമാർ, വിയ്യൂർ സ്വദേശി ബിജു തുടങ്ങിയവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ടുപേർ. ഇവർ റിമാൻഡിലാണ്.

English summary

the Excise Crime Branch has issued notice to four persons to appear in the Anakkappara Spirit case

Leave a Reply