ഒരേ മോഡൽ, ഒരേ കളർ, നമ്പറും ഒരുപോലെ, ഒറ്റ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഓടിയിരുന്ന രണ്ട് കാറുകൾ മോട്ടോർവാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു

0

അടിമാലി: ഒരേ മോഡൽ, ഒരേ കളർ, നമ്പറും ഒരുപോലെ, ഒറ്റ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഓടിയിരുന്ന രണ്ട് കാറുകൾ മോട്ടോർവാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച അടിമാലി മോട്ടോർവെഹിക്കിൾ ഉദ്യോഗസ്ഥർ പട്രോളിങ്ങിനിടെ ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ നമ്പർ ശ്രദ്ധിച്ചിരുന്നു.

തുടർന്ന് നേര്യമംഗലം കാഞ്ഞിരവേലിയിൽ എത്തിയപ്പോൾ ഇതേ നമ്പറിലുള്ള ഇതേ മോഡൽ കാർ കാഞ്ഞിരവേലി സ്വദേശിയുടെ വീട്ടിൽ പാർക്കുചെയ്തിരിക്കുന്നത് കണ്ടെത്തി. ഇതോടെ രണ്ട് വാഹനവും ഉടമയെയും മോട്ടോർവാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ ഒരുകാർ തന്റേതാണെന്നും മറ്റേ വാഹനം നെല്ലിക്കുഴി സ്വദേശിനിയിൽനിന്ന്‌ വാങ്ങിയതാണെന്നും കാഞ്ഞിരവേലി സ്വദേശി മൊഴിനൽകി. എന്നാൽ, വ്യാജരജിസ്ട്രേഷൻ നമ്പരിലുള്ള വാഹനം വാങ്ങിയതിന് തെളിവുണ്ടായിരുന്നില്ല. കാഞ്ഞിരവേലി സ്വദേശിയുടെ വീട്ടിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന് രേഖകളുണ്ട്. തുടർന്ന് മോട്ടോർ വാഹനവകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ ദേശീയ പാതയോരത്ത് നിർത്തിയിട്ടിരുന്ന വാഹനം നെല്ലിക്കുഴി സ്വദേശിനിയുടേതാണെന്നും ഈ വാഹനത്തിന് മൂന്നുലക്ഷം രൂപയുടെ വായ്പ കുടിശികയുള്ളതായും കണ്ടെത്തി.

കൂടുതൽ പരിശോധനയിൽ വാഹനത്തിന്റെ യഥാർഥ നമ്പർ മനസ്സിലാക്കിയെങ്കിലും രേഖകൾ കണ്ടെത്താനായില്ല. തുടർന്ന് മോട്ടോർവാഹന നിയമപ്രകാരം കേസ് രജിസ്റ്റർചെയ്തു. സംഭവത്തിൽ അടിമാലി പോലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജ നമ്പരിലുള്ള വാഹനം കാഞ്ഞിരവേലി സ്വദേശി വാടകയ്ക്ക് നൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വെഹിക്കിൾ ഇൻസ്‌പെക്ടർ മുജീബ്, എ.എം.വി.ഐ.മാരായ സതീഷ് ഗോപി, മനീഷ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.

English summary

The Department of Motor Vehicles has taken into custody two cars of the same model, same color and number, with the same registration number.

Leave a Reply