നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വീടിന്റെ വാതിൽ തകർത്ത് ഗൃഹോപകരണങ്ങൾ അടിച്ചുതകർത്തു

0

വലിയതുറ:നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വീടിന്റെ വാതിൽ തകർത്ത് ഗൃഹോപകരണങ്ങൾ അടിച്ചുതകർത്തു.
സ്ത്രീകളും കുട്ടികളും മാത്രം താമസിക്കുന്ന വീട്ടിൽ അർധരാത്രിയോടെ എത്തിയ അക്രമികൾ എത്തിയത്. അക്രമികൾ എത്തുമെന്നറിഞ്ഞ് വീട്ടിൽനിന്നു മാറിയതിനാൽ വീട്ടുകാർക്ക് അപായമുണ്ടായില്ല. വലിയതുറ കുഴിവിളാകത്ത് എക്‌സ് സർവീസ്‌മെൻ റോഡിൽ ടി.സി. 35/923ൽ ബാർബറ ആന്റണിയുടെ(57) വീട്ടിലാണ് ഇവരുടെ ബന്ധുവും ഗുണ്ടകളും ചേർന്ന് അക്രമം കാട്ടിയത്.

ബാർബറയും രണ്ട് മരുമക്കളും മൂന്ന് പേരക്കുട്ടികളുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബാർബറയുടെ സഹോദരിയുടെ മകൻ, വലിയതുറ കുഴിവിളാകം സ്വദേശി റോബിൻസണെ അറസ്റ്റ് ചെയ്തു. ഇയാൾ മെഡിക്കൽ കോളേജിൽ ചികിത്സിയിലാണെന്ന് പോലീസ് അറിയിച്ചു.

ഫ്രിഡ്ജ്, പാത്രങ്ങൾ, പലവ്യഞ്ജനങ്ങൾ, കിടക്കകൾ, കട്ടിലുകൾ, ടി.വി., വാഷിങ് മെഷീൻ തുടങ്ങിയവ തല്ലിപ്പൊട്ടിച്ചു.

അഞ്ച് നാടൻ ബോംബുകളാണ് വീട്ടിലേക്ക് വലിച്ചെറിഞ്ഞത്. ഇതിലൊരണ്ണം പൊട്ടാതെ വീട്ടുമുറ്റത്തുനിന്നു കണ്ടെടുത്തു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്നാണ് പോലീസെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:

ബന്ധുവായ റോബിൻസണിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ബാർബറ തെറ്റായ അഭിപ്രായം പറഞ്ഞുപരത്തിയെന്നാരോപിച്ച് ഇവർ തമ്മിൽ കുടുംബവഴക്കുണ്ടായിരുന്നു. റോബിൻസൺ ബാർബറയെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തുമായിരുന്നു.

ഇതിനെത്തുടർന്ന് ബാർബറയുടെ മകൻ റോയിയും കൂട്ടരും ചേർന്ന് റോബിൻസണെ മർദിച്ചിരുന്നു. ബെംഗളൂരുവിലെ ഹോട്ടലിൽ ജോലിചെയ്യുന്ന ബാർബറയുടെ മകൻ റോയിയെ ചൊവ്വാഴ്ച ഉച്ചയോടെ റോബിൻസണും സംഘവും ഫോണിൽ വിളിച്ച് വീട് അടിച്ചുതകർക്കുമെന്നും വീട്ടിലുള്ളവരെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

ഇക്കാര്യം റോയി വിളിച്ചറിയിച്ചപ്പോഴാണ് ഇയാളുടെ ഭാര്യയടക്കമുള്ളവർ മറ്റൊരു വീട്ടിലേക്ക് താത്കാലികമായി മാറിയത്. അർധരാത്രിയോടെ റോബിൻസണും സുഹൃത്തുക്കളായ ഗുണ്ടകളുമെത്തി ബോംബെറിഞ്ഞശേഷം വീടിനുള്ളിൽ കയറി എല്ലാം അടിച്ചുതകർത്തു. ഭീഷണിമുഴക്കിയാണ് സംഘം സ്ഥലംവിട്ടതെന്ന് നാട്ടുകാർ പറഞ്ഞു.

ഫൊറൻസിക് വിദഗ്ധരും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. പോലീസ് അറസ്റ്റുചെയ്ത റോബിൻസണും കുടുംബവും പരാതി നൽകിയിട്ടുണ്ട്. വീട്ടിൽ അക്രമം കാട്ടിയതിന് ബാർബറയും പരാതി നൽകിയിട്ടുണ്ടെന്ന് വലിയതുറ ഇൻസ്‌പെക്ടർ ഡി.ഗിരിലാൽ അറിയിച്ചു. എസ്.ഐ. അഭിലാഷ് കെ.വി., അസി. സബ് ഇൻസ്‌പെക്ടർ ശ്രീകുമാർ, പോലീസുകാരായ ടിനു, അരുൺ, ഷാബു എന്നിവരാണ് റോബിൻസണിനെ അറസ്റ്റുചെയ്തത്. മറ്റുള്ളവർക്കായി തിരച്ചിലാരംഭിച്ചുവെന്നും പോലീസ് അറിയിച്ചു.

English summary

The bomber struck shortly after noon in front of a house, smashing doors and smashing furniture.

Leave a Reply