ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

0

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ലോകനേതാക്കളിലൊരാൾ കൂടിയാണ് പ്രധാനമന്ത്രി.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങിയത്. 2009ലായിരുന്നു ഇത്. 2010 ഒരുലക്ഷം ആളുകളായിരുന്നു അദ്ദേഹത്തെ പിന്തുടർന്നിരുന്നത്. 2011ൽ ഇത് നാലുലക്ഷമായി ഉയർന്നു. 2020ൽ അത് 60 ദശലക്ഷം പിന്നിട്ടിരുന്നു. രാഷ്‌ട്രീയപരമായ നിലപാടുകൾ വ്യക്തമാക്കി അക്കൗണ്ടിൽ സജീവമായി കൈകാര്യം ചെയ്യുന്ന വ്യക്തി കൂടിയാണ് പ്രധാനമന്ത്രി.

സ്വച്ഛ് ഭാരത്, സ്ത്രീ സുരക്ഷ, ഗ്യാസ് സബ്‌സിഡി ഉപേക്ഷിക്കൽ തുടങ്ങിയ നിരവധി പദ്ധതികളെക്കുറിച്ച് ട്വിറ്റർ അക്കൗണ്ടിലൂടെ പ്രധാനമന്ത്രി നിരന്തരമായി സംവദിച്ചിരുന്നു. രാജ്യത്തിന്റെ വികസനത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ, പുതിയ നേട്ടങ്ങൾ ഉയർത്തിക്കാട്ടുക, സർക്കാരിന്റെ ക്ഷേമപദ്ധതികൾ പ്രചരിപ്പിക്കുക, കൊറോണ നിയന്ത്രണങ്ങൾക്കായി സ്വീകരിച്ച ചുവടുകൾ തുടങ്ങിയവ പ്രധാനമന്ത്രി സജീവമായി ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു.

പ്രധാനമന്ത്രി മോദിക്കുശേഷം, ഫ്രാൻസിസ് മാർപാപ്പയുടെ ട്വിറ്റർ പേജാണ് ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ട്വിറ്റർ അക്കൗണ്ട്. 53 ദശലക്ഷത്തിലധികം പേർ പിന്തുടരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് ട്വിറ്ററിൽ 30.9 ദശലക്ഷം ഫോളോവേഴ്‌സും മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയ്‌ക്ക് ട്വിറ്ററിൽ 129.8 ദശലക്ഷം ഫോളോവേഴ്‌സുമുണ്ട്.

Leave a Reply