മന്ത്രി വി ശിവന്‍കുട്ടി ഇന്നും നിയമസഭയിലെത്തിയില്ല

0

തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരിക്കെ
മന്ത്രി വി ശിവന്‍കുട്ടി ഇന്നും നിയമസഭയിലെത്തിയില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം മൂന്ന് ദിവസത്തേക്ക് അവധി എടുത്തതായാണ് വിവരം. ഇന്നലെയും മന്ത്രി സഭയില്‍ ഹാജരായിരുന്നില്ല.

സുപ്രീംകോടതി വിധി നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. കോണ്‍ഗ്രസിലെ പിടി തോമസ് ആണ് നോട്ടീസ് നല്‍കിയത്.

ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. മന്ത്രിയുടെ രാജി ആവശ്യമുന്നയിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. ബിജെപിയും ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്.

അതേസമയം ശിവന്‍കുട്ടിയെ പ്രതിരോധിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചേക്കും. നിയമസഭ കയ്യാങ്കളിക്കേസില്‍ മന്ത്രി ശിവന്‍കുട്ടിയും കെടി ജലീല്‍ എംഎല്‍എയും മുന്‍ മന്ത്രി ഇ പി ജയരാജനും അടക്കം ആറ് ഇടതുനേതാക്കള്‍ വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതി വിധിച്ചത്.

English summary

Minister V Sivankutty is still not in the assembly

Leave a Reply