കോവിഡ് വ്യാപനത്തില്‍ വരുന്ന മൂന്നാഴ്ച അതീവജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

0

തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ വരുന്ന മൂന്നാഴ്ച അതീവജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നേരത്തെ കണക്കുകൂട്ടിയതിന് അനുസരിച്ചാണ് ഇപ്പോള്‍ കോവിഡ് വ്യാപനം സംഭവിക്കുന്നത്. കോവിഡ് വ്യാപനനിരക്ക് ദേശീയ തലത്തേക്കാള്‍ കേരളത്തില്‍ കുറവാണ്. രോഗം ബാധിക്കാത്ത 50 ശതമാനത്തിലേറെ ആളുകള്‍ കേരളത്തിലുണ്ട്. കോവിഡ് പ്രതിരോധത്തിന് ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമാക്കണം. എന്നാല്‍ മാത്രമേ കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് 60,000ലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗസ്ഥിരീകരണ നിരക്ക് 13 ശതമാനം കടന്നു. മലപ്പുറം ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ സ്ഥിതി സങ്കീര്‍ണമായി തുടരുകയാണ്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് ഏഴ് ജില്ലകളുണ്ട്. വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘത്തെ അയച്ചിട്ടുണ്ട്. രോഗവ്യാപനം കുറയ്ക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കാനും രോഗവ്യാപനത്തിന്റെ കാരണം കണ്ടെത്തുന്നതിനുമാണ് കേന്ദ്രസംഘം എത്തുന്നത്.

നിർദ്ദേശം ഇങ്ങനെ

സംസ്ഥാനത്ത് മൂന്നാഴ്ച വളരെ പ്രധാനമാണ്. രണ്ട് മൂന്നാഴ്ച ഏറെ ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം. വീട്ടിലെ ചടങ്ങുകളില്‍ പരമാവധി ആളുകളുടെ എണ്ണം കുറയ്ക്കണം .

സംസ്ഥാനത്ത് കോവിഡ് പ്രതിരോധം മികച്ച രീതിയിലാണ് നടക്കുന്നത്. പരമാവധി പേരെ പരിശോധന നടത്തി രോഗികളെ കണ്ടെത്തി അവരെ ക്വാറന്റൈനിലാക്കുകയും അവര്‍ക്ക് ചികിത്സ നല്‍കുകയും ചെയ്യുന്നു. ബുധനാഴ്ചയാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്. 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 മാത്രമാണുള്ളത്. ഇന്ന് 1,63,098 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. പോസിറ്റീവായ ഒരാളെപ്പോലും വിട്ടുപോകാതിരിക്കാനാണ് ശ്രമിക്കുന്നത്. എല്ലാ വകുപ്പുകളും വളരെ ഏകോപനത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ പൊതു സമൂഹം വളരെ പിന്തുണയാണ് നല്‍കുന്നത്.

ദേശീയ തലത്തില്‍ തന്നെ കേരളത്തിന്റെ കോവിഡ് പ്രതിരോധ സംവിധാനം വളരെ മികച്ചതാണെന്ന് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണത്തെ കേന്ദ്ര സംഘവും ഇതംഗീകരിച്ചതാണ്. സംസ്ഥാനത്ത് ബാധിച്ചിരിക്കുന്നത് ഡെല്‍റ്റാ വൈറസാണ്. രണ്ടാം തരംഗത്തില്‍ കുതിച്ചുയരാമായിരുന്ന ടി.പി.ആറിനെ വളരെ ദിവസം 10 ശതമാനത്തില്‍ തന്നെ നിര്‍ത്തിയിരുന്നു. ഇപ്പോള്‍ ടി.പി. ആര്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്ക വേണ്ട. കേസിന്റെ കാര്യത്തില്‍ ഏപ്രില്‍ പകുതിയോടെയാണ് രണ്ടാം തരംഗം ഇവിടെ ആരംഭിച്ചത്. മേയ് മാസത്തിലാണ് 43,000ലധികം രോഗികളുണ്ടായത്. ഏറ്റവും പുതിയ സിറോ സര്‍വയലന്‍സ് സര്‍വേയില്‍ കേരളത്തില്‍ 42 ശതമാനം പേര്‍ക്കാണ് ആന്റിബോഡി കണ്ടെത്തിയത്. ഇനിയും 50 ശതമാനത്തിലധികം പേര്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ട്. അവരെ സുരക്ഷിതമാക്കാന്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ശ്രമിക്കുകയാണ് കേരളം. ദേശീയ തലത്തില്‍ ജനസംഖ്യയുടെ 10 ലക്ഷമെടുത്താല്‍ ഏറ്റവുമധികം വാക്‌സിന്‍ നല്‍കുന്ന സംസ്ഥാനത്തിലൊന്നാണ് കേരളം.

സംസ്ഥാനത്ത് ചികിത്സ കിട്ടാതെയും ഓക്‌സിജന്‍ കിട്ടാതേയും ആരും ബുദ്ധിമുട്ടിയിട്ടില്ല. രോഗികളുടെ എണ്ണം കൂടുന്നെങ്കിലും ഐ.സി.യു.വിലും വെന്റിലേറ്ററിലും കഴിയുന്നവരുടെ എണ്ണം കുറഞ്ഞ് വരികയാണ്. കൂടുതല്‍ പേര്‍ വാക്‌സിന്‍ എടുത്തതിനാല്‍ അവര്‍ ഗുരുതരാവസ്ഥയിലേക്ക് പോകുന്നില്ല എന്നതാണ് കാണിക്കുന്നത്. കേന്ദ്ര സംഘം നാളെ വൈകുന്നേരം സംസ്ഥാനത്ത് വരുമെന്നറിയിച്ചിട്ടുണ്ട്.

English summary

Health Minister Veena George has called for extra vigilance in the coming three weeks

Leave a Reply