പത്തനംതിട്ട : സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ കോടിക്കണക്കിന് രൂപ പാഴാകുന്നു. കേന്ദ്ര സര്‍ക്കാര്‍ അപൂര്‍ണമെന്നു വിശേഷിപ്പിച്ച ഡി.പി.ആര് തയാറാക്കിയതിന് ഉണ്ടായ ചെലവ് 27.27 കോടി രൂപ. കേന്ദ്രം തടസവാദങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ വീണ്ടും ഡി.പി.ആറില്‍ സമൂല മാറ്റം വരുത്തേണ്ട അവസ്ഥ ഉണ്ടാകും. പദ്ധതിക്കായി ദക്ഷിണ റെയില്‍വേയുടെ സ്ഥലം വിട്ടുകൊടുക്കാന്‍ റെയില്‍വേ മന്ത്രാലയം തയാറായില്ലെങ്കില്‍ പുതിയ അലെയ്ന്മെന്റ് കണ്ടെത്തണം. മാത്രമല്ല പഴയ അലെയ്ന്‍മെന്റില്‍ കാര്യമായ മാറ്റം വരുത്തേണ്ടതായും വരുമെന്നു വിദഗ്ധര്‍. അതിനായി ഡി.പി.ആര് തയാറാക്കാന്‍ വന്‍ തുക ഇനിയും വേണ്ടിവരും.
സാമൂഹിക ആഘാത പഠനത്തിന് എന്ന പേരില്‍ കല്ലിന് പകരം കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച വകയില്‍ പാഴായത് 2.44 കോടിയില്‍ അധികം. 530 കി.മീറ്റര്‍ വരുന്ന സില്‍വര്‍ ലൈന്‍ പാത കടന്നുപോകുന്ന മേഖലകളെ അഞ്ച് റീച്ചുകളായി തിരിച്ചാണ് കെ-റെയില്‍ കല്ലിടാന്‍ നടപടിയെടുത്തത്. ഇതിനായി വിളിച്ച ടെന്‍ഡറില്‍ പങ്കെടുത്തത് ഏഴ് സ്ഥാപനങ്ങള്‍ മാത്രം. റീച്ച് ഒന്ന്, അഞ്ച് എന്നിവയില്‍ കല്ലിടാന്‍ തയ്യാറായത് കേവലം ഒരു സ്ഥാപനം മാത്രം. ഏറ്റവും കുറഞ്ഞ തുക ടെന്‍ഡറില്‍ രേഖപ്പെടുത്തിയ കമ്പനികള്‍ക്കാണ് 20,000 കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത്.
കേരളാ സര്‍വേ ആന്‍ഡ് ബൗണ്ടറി ചട്ടങ്ങള്‍ക്കു വിരുദ്ധമായി 90 സെന്റീമീറ്റര്‍ ഉയരവും 15 സെന്റീമീറ്റര്‍ വീതിയുമുള്ള വൃത്താകൃതിയിലുള്ള കോണ്‍ക്രീറ്റ് തൂണുകളില്‍ മഞ്ഞയും കറുപ്പും പെയ്ന്റ് അടിച്ച് അതില്‍ കെ-റെയില്‍ എന്ന് രേഖപ്പെടുത്തിയാണു സ്ഥാപനങ്ങള്‍ കൈമാറിയത്.
ഇതില്‍ 4062 കല്ലുകള്‍ മാത്രമാണു ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നു സ്ഥാപിക്കാന്‍ കഴിഞ്ഞത്. അപ്പോഴേക്കും 1964-ലെ കേരളാ സര്‍വേ ആന്റ് ബൗണ്ടറീസ് ആക്റ്റിന്റെ ലംഘനം നടന്നതായി കണ്ടെത്തിയ ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23ന് തൂണു സ്ഥാപിക്കല്‍ തടഞ്ഞ് ഉത്തരവായി. അധികം വന്ന പതിനാറായിരത്തോളം കോണ്‍ക്രീറ്റ് തൂണുകളില്‍ ചിലത് കോട്ടയത്ത് വെള്ളുതുരുത്തിയില് കൂട്ടിയിട്ടിട്ടുണ്ട്. കോടതി ഉത്തരവ് വന്നതിനു ശേഷം സ്ഥാപിക്കാനായി എത്തിച്ച കോണ്‍ക്രീറ്റ് തൂണുകളാണിവ. നാട്ടുകാര്‍ ഇതിനുമുകളില്‍ റീത്ത് വച്ച് പ്രതിഷേധിക്കുകയും ചെയ്തു.
ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് 60 സെന്റീ മീറ്റര്‍ ഉയരവും 15 സെന്റീ മീറ്റര്‍ വീതിയുമുള്ള സ്ക്വയര്‍ ആകൃതിയുള്ള ഗ്രാനൈറ്റ് കല്ലുകള്‍ സ്ഥാപിക്കാനുള്ള നടപടിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി പ്രത്യേക ടെന്‍ഡര്‍ വിളിച്ചിരുന്നൊ എന്ന് അറിയില്ല.
പദ്ധതിക്കായി പരിസ്ഥിതി ആഘാത പഠനം എന്ന പേരില്‍ ഒരു വഴിപാട് പ്രക്രിയ കെ-റെയില്‍ നടത്തിയിരുന്നു. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് ഡവലപ്മെന്റ് എന്ന സ്ഥാപനത്തിന് ഇതിനായി നല്‍കിയത് 32 ലക്ഷം രൂപ. ഒടുവില്‍ അത് ഉപേക്ഷിച്ച് ഒരു വര്‍ഷം കൊണ്ട് സമഗ്ര പരിസ്ഥിതി ആഘാത പഠനം നടത്താന്‍ ഇ.ക്യു.എം.എസ് ഇന്ത്യാ എന്നൊരു സ്ഥാപനത്തെ ചുമതലപ്പെടുത്തി. ഇതിനായി ചെലവാകുന്നത് 85 ലക്ഷം രൂപയും ജി.എസ്.ടിയും. സില്‍വര്‍ ലൈനിന്റെ പേരില്‍ ബാക്കി എല്ലാ റെയില്‍വേ വികസന പദ്ധതികളും കെ-റെയില്‍ ഉപേക്ഷിച്ച മട്ടാണ്.