ഇടുക്കി: കട്ടപ്പനയ്ക്കടുത്ത് നരിയമ്പാറയില്‍ പീഡനത്തിനിരയായ പതിനേഴുകാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. അറുപത്തിയഞ്ച് ശതമാനം പെള്ളലേറ്റെങ്കിലും കുട്ടി അപകടനില തരണംചെയ്തെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. കുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകനും ഓട്ടോഡ്രൈവറുമായ മനു (മനോജ്)ഒളിവിലാണ്. മനോജിനെ പുറത്താക്കിയതായി ഡിഐഎഫ്ഐ അറിയിച്ചു. രാവിലെ എട്ടരയോടെയാണ് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവം കണ്ട വീട്ടുകാര്‍ കുട്ടിയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചു.
രണ്ട് ദിവസം മുമ്പാണ് കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് വീട്ടുകാര്‍ കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയത്. നരിയമ്പാറയിലെ ഓട്ടോ ഡ്രൈവറായ മനു പീഡിപ്പിച്ചെന്നാണ് പരാതി. മൊഴിയെടുത്തപ്പോള്‍ കുട്ടി ഇത് ശരിവയ്ക്കുകയും ചെയ്തു. ഇതോടെ പോക്സോ ചുമത്തി മനുവിനെതിരെ കേസെടുത്തു. കുട്ടി ദളിത് വിഭാഗത്തില്പ്പെട്ടതായതുകൊണ്ട് അതിന്‍പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. എന്നാല്‍ പീഡനശേഷം ഒളിവില്‍പ്പോയ മനുവിനെ കണ്ടെത്താന്‍ ഇതുവരെ പൊലീസിനായിട്ടില്ല. ജില്ലയ്ക്ക് അകത്തും പുറത്തുമായി ഇയാള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് കട്ടപ്പന ഡിവൈഎസ്പി അറിയിച്ചു.
English summary
17-year-old girl tries to commit suicide by setting herself on fire