Sunday, September 26, 2021

വയനാടൻ കാടകങ്ങളിലെ കടുവകളുടെ എണ്ണമെടുക്കാൻ പറമ്പിക്കുളം കടുവാസങ്കേതത്തിലെ 15-അംഗ ടൈഗർ മോണിറ്ററിങ് സംഘം

Must Read

മുതലമട: വയനാടൻ കാടകങ്ങളിലെ കടുവകളുടെ എണ്ണമെടുക്കാൻ പറമ്പിക്കുളം കടുവാസങ്കേതത്തിലെ 15-അംഗ ടൈഗർ മോണിറ്ററിങ് സംഘം. സെപ്റ്റംബർ ഒന്നുമുതൽ 10 വരെയാണ് ഈ രംഗത്തെ വിദഗ്ധനായ കെ. ശ്രീനിവാസനുൾപ്പെടെയുള്ളവർ വയനാട്ടിൽ താമസിച്ച് നിരീക്ഷണം നടത്തുക.

തൃശ്ശൂർമുതൽ കാസർകോടുവരെയുള്ള ജില്ലകളിലെ വനങ്ങളിൽ കടുവാ കണക്കെടുപ്പിന് പറമ്പിക്കുളത്തെ ക്യാമറകളാണ് ഉപയോഗിക്കുന്നതെന്ന് പറമ്പിക്കുളം കടുവാസങ്കേതം ഡെപ്യൂട്ടി ഡയറക്ടർ എസ്. വൈശാഖ് പറഞ്ഞു. നാല് ചതുരശ്രകിലോമീറ്ററിന് ഒരുജോടി ക്യാമറയാണ് വനത്തിനകത്ത് സ്ഥാപിക്കുക. ഒരു ക്യാമറ സ്ഥാപിച്ച് അതിന് എതിർവശത്തായി മറ്റൊരു ക്യാമറകൂടി സ്ഥാപിക്കുന്നതാണ് രീതി. ഈ ക്യാമറകൾക്ക് 32 ജി.ബി. മെമ്മറിയും 20 മെഗാപിക്സൽ ക്ലാരിറ്റിയും മൂന്നുമാസംവരെ ഉപയോഗശേഷിയുള്ള ബാറ്ററിയുമുണ്ട്. ക്യാമറയുടെ പരിധിയിലൂടെ മൃഗങ്ങൾ കടന്നുപോകുമ്പോൾ സെൻസർ പ്രവർത്തിച്ച് ചിത്രമെടുക്കും. ക്യാമറകൾ 30 ദിവസത്തിനുശേഷം മാറ്റി മെമ്മറികാർഡിലെ ചിത്രങ്ങൾ എടുത്താണ് അന്തിമ കണക്കെടുപ്പ് പൂർത്തിയാക്കുകയെന്ന് കടുവാ കണക്കെടുപ്പ്‌ ചുമതലയുള്ള പറമ്പിക്കുളം റേഞ്ച് ഓഫീസർ എൻ. ഗണേശൻ പറഞ്ഞു.

ആനയുൾപ്പെടെയുള്ള ചില മൃഗങ്ങൾ ഫ്ലാഷിന്റെ വെളിച്ചംവന്ന ഭാഗത്തെ ക്യാമറകൾ നശിപ്പിക്കാറുണ്ട്. ഇത്‌ കണക്കിലെടുത്ത് ആറുദിവസത്തെ ഇടവേളകളിൽ ഒരോ സ്ഥലത്തെയും ക്യാമറകളുടെ കേടുപാട്‌ പരിശോധിക്കും. വയനാട്ടിലെ വനം ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ചുള്ള ക്ലാസുകൾ നൽകും. പ്രവൃത്തിപരിചയം ഉണ്ടാക്കുന്നതിന് പറമ്പിക്കുളംസംഘം വയനാട് സംഘത്തിനൊപ്പം വനാന്തരത്തിലെത്തുകയും ചെയ്യും. പറമ്പിക്കുളത്ത് 2006 മുതലാണ് ക്യാമറ ഉപയോഗിച്ച് (ക്യാമറ ട്രാപ്പ്) കടുവകളുടെ കണക്കെടുപ്പ് നടത്തിത്തുടങ്ങിയത്.

അതിനുമുമ്പ് കാൽപ്പാട് നോക്കിയായിരുന്നു കണക്കെടുപ്പ്. എന്നാൽ, ഇത് കുറ്റമറ്റ രീതിയായിരുന്നില്ല. ഒരേ കടുവയുടെതന്നെ കാൽപ്പാട് ചെളിയിൽ വലുതായും മണലിൽ ചെറുതായും കാണപ്പെടും. പലപ്പോഴും ഇത്‌ രണ്ടു കടുവയുടേത് എന്ന നിലയിലാണ് കണക്കാക്കുക. ‘ക്യാമറ ട്രാപ്പ്’ വന്നതോടെ കടുവയുടെ ശരീരത്തിലെ വരകൾ വിലയിരുത്തി എളുപ്പത്തിൽ കണക്കെടുക്കാം. മൃഗങ്ങളുടെ കണക്കെടുപ്പിനൊപ്പം നായാട്ടുസംഘങ്ങളെയും ചന്ദനമോഷ്ടാക്കളെയും പിടികൂടുന്നതിനും വനാന്തരത്തിലെ ‘ക്യാമറ ട്രാപ്പ്’ ഉപയോഗപ്പെട്ടിട്ടുണ്ട്.

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News