Sunday, January 23, 2022

എറണാകുളം കിഴക്കമ്പലം ഇതരസംസ്ഥാന തൊഴിലാളികൾ പോലീസിനെ ആക്രമിച്ച കേസിൽ 10 പേർ കൂടി അറസ്റ്റിലായി

Must Read

കൊച്ചി: എറണാകുളം കിഴക്കമ്പലം ഇതരസംസ്ഥാന തൊഴിലാളികൾ പോലീസിനെ ആക്രമിച്ച കേസിൽ 10 പേർ കൂടി അറസ്റ്റിലായി. നാഗാലാ‌ൻഡ്, ജാർഖണ്ഡ്, ആസാം, ഉത്തർ പ്രദേശ് സ്വദേശികളായ തൊഴിലാളികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ തെളിവുകളും ദൃശ്യങ്ങളും ലഭിച്ചതിനെ അടിസ്ഥാനമാക്കിയാണ് കൂടുതൽ പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ സംഭവത്തിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 184 ആയി.

അതേസമയം കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ നടത്തിയ ആക്രമണത്തിൽ പൊലീസിന് താത്പര്യം പ്രതികളെ പിടിക്കാനല്ലെന്ന ആരോപണം ശക്തമാകുന്നു. സംഭവത്തിൽ ഉൾപ്പെട്ട പ്രധാന പ്രതികൾക്ക് രക്ഷപെടാൻ അവസരം ഒരുക്കുന്ന പൊലീസ് നടപടി വിവാദമാകുകയാണ്. സംഭവത്തിലെ പ്രധാന പ്രതികളിലൊരാൾ ഇന്നലെ മുങ്ങി. ജീപ്പ് തകർത്തവരുടെ കൂട്ടത്തിലുണ്ടായിരുന്ന ജാർഖണ്ഡ് സ്വദേശിയാണ് ഇന്നലെ ഉച്ചയോടെ അധികൃതരുടെ കണ്ണുവെട്ടിച്ചു സ്ഥലംവിട്ടത്.

സിസിടിവിയും മൊബൈൽ വിഡിയോ ദൃശ്യങ്ങളും പരിശോധിച്ച് അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടവർ എന്നു കിറ്റെക്‌സ് കമ്പനി കണ്ടെത്തിയ 11 അതിഥിത്തൊഴിലാളികളിൽ ഒരാളാണ് മുങ്ങിയത്. ഇയാളുൾപ്പെടെയുള്ളവരെ തിങ്കളാഴ്ച ഉച്ചയോടെ തന്നെ കിറ്റെക്‌സ് അധികൃതർ കണ്ടെത്തി പൊലീസിനെ വിവരം അറിയിച്ചെങ്കിലും ഇന്നലെ രാത്രി വരെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് എത്തിയില്ല. ഇത് ദുരൂഹമായി തുടരുകയാണ്. സംഭവത്തിന്റെ വിശദ സിസിടിവി ദൃശ്യങ്ങൾ കമ്പനിയിലുണ്ട്. ഇത് പൊലീസ് പരിശോധിക്കാൻ മടികാണിക്കുന്നുവെന്നും ആരോപണമുണ്ട്.

അതിഥിത്തൊഴിലാളികളെ ബന്തവസിൽ സൂക്ഷിക്കാനുള്ള സൗകര്യം ഇല്ലെന്നും പിടിയിലാകുമെന്ന സംശയം ഉണ്ടായാൽ ഇവർ സ്ഥലംവിടാനിടയുണ്ടെന്നും പൊലീസിനു മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും ‘മുങ്ങിയാൽ ഞങ്ങൾ കണ്ടെത്തിക്കോളാം’ എന്ന മറുപടിയാണു പൊലീസിൽനിന്നു ലഭിച്ചതെന്നു കിറ്റെക്‌സ് ഗാർമെന്റ്‌സ് എംഡി സാബു എം.ജേക്കബ് പറഞ്ഞു. മുൻപു കസ്റ്റഡിയിലെടുത്ത 164 പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട തിരക്കുമൂലമാണു കിറ്റെക്‌സ് അധികൃതർ കണ്ടെത്തിയ പ്രതികളെ ഏറ്റെടുക്കാൻ പൊലീസ് എത്താതിരുന്നതെന്നാണു വിശദീകരണം.

കുന്നത്തുനാട് ഇൻസ്‌പെക്ടറുൾപ്പെട്ട പൊലീസ് സംഘത്തെ ആക്രമിക്കുകയും വാഹനങ്ങൾ തല്ലിത്തകർക്കുകയും കത്തിക്കുകയും ചെയ്തവരെ തിരിച്ചറിഞ്ഞു നടപടി ഉറപ്പാക്കാനുള്ള വിവരമെല്ലാം കമ്പനിയുടെ സിസിടിവിയിൽ ഉണ്ട്. നാലപ്പതോളം പേരാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ബാക്കിയുള്ളവർ കാഴ്ചക്കാരായിരുന്നു. എന്നാൽ യഥാർത്ഥ പ്രതിയെ പിടിക്കാതെ കാഴ്ചക്കാരെ പൊലീസ് റിമാൻഡ് ചെയ്തുവെന്നതാണ് ഉയരുന്ന ആക്ഷേപം.

അതേസമയം, സംഭവത്തെ കിറ്റെക്സിനെ തകർക്കാനായി എൽഡിഎഫ് – യുഡിഎഫ് നേതാക്കൾ രാഷ്ട്രീയ ആയുധമാക്കുന്നെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സംഭവത്തിലെ പ്രതികളായ അന്യസംസ്ഥാന തൊഴിലാളികളെ പിടിക്കാനല്ല, മറിച്ച് കിറ്റെക്സിന് പൂട്ടിടാനാണ് അധികൃതർക്കും തിടുക്കം. അക്രമത്തിന് പിന്നാലെ എൽഡിഎഫ് – യുഡിഎഫ് നേതാക്കൾ കിറ്റെക്സിനെതിരെ പ്രതികരിച്ചതും അന്യസംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കണം എന്ന് ആഹ്വാനം ചെയ്തതും ഇതിന് ഉദാഹരണമാണ്.

അന്വേഷണത്തോട് കിറ്റെക്‌സ് കമ്പനി അധികൃതരും പൊലീസിനോടു സഹകരിക്കുന്നുണ്ട്. അന്വേഷണത്തിനു നേതൃത്വം നൽകുന്ന പെരുമ്പാവൂർ എഎസ്‌പി അനൂജ് പലിവാലിന്റെ നേതൃത്വത്തിൽ ഇന്നലെ കുന്നത്തുനാട് സ്‌റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം നടന്നു. കമ്പനി ക്വാർട്ടേഴ്‌സിനു മുൻപിൽ ഏർപ്പെടുത്തിയ പൊലീസ് പിക്കറ്റിങ്ങും പട്രോളിങ്ങും തുടരും.

പരുക്കേറ്റ പൊലീസുകാരുടെ ചികിത്സാച്ചെലവ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ ബാങ്ക് വിവരങ്ങൾ കൈമാറാൻ ആഭ്യന്തര വകുപ്പു നിർദ്ദേശിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത 164 പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച രാവിലെ ആരംഭിച്ച റിമാൻഡ് നടപടി ഇന്നലെ പുലർച്ചെയോടെയാണ് അവസാനിച്ചത്.

അതിനിടെ കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ നടത്തിയ അക്രമം തടയുന്നതിനിടെ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് പൊലീസ് വഹിക്കും. അതിക്രമത്തിന് ഇരയായ പൊലീസ് ഉദ്യോഗസ്ഥർ ചികിത്സയ്ക്കായി ഇതിനകം മുടക്കിയ പണം മടക്കി നൽകും. ചികിത്സ തുടരുന്നവർക്ക് ആവശ്യമായ പണം നൽകാനും തീരുമാനമായതായി ഡിജിപി അനിൽ കാന്ത് അറിയിച്ചു.

Leave a Reply

Latest News

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി. പരതയുമായി എത്തിയത് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരാണ്. ആശുപത്രിയിൽ നിന്നാണ് കൊവിഡ് പകർന്നതെന്ന് തെളിയിച്ചാൽ അവധി നൽകാമെന്നാണ്...

More News