സംസ്ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ് കുതിച്ചുയരുന്നു

0

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ് കുതിച്ചുയരുന്നു. ഇന്ന് പ്രതിദിന കോവിഡ് രോഗികള്‍ 2,000 കടന്നു. ഇന്ന് 2271 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടുപേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നും എറണാകുളത്ത് തന്നെയാണ് ഏറ്റവുമധികം രോഗികള്‍. ജില്ലയില്‍ 622 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. തിരുവനന്തപുരമാണ് തൊട്ടുപിന്നില്‍. 416 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ എട്ടുദിവസമായി ആയിരത്തിന് മുകളിലാണ് സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികള്‍.

അതേസമയം സംസ്ഥാനത്ത് ഇന്ന് 32 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തു. വയനാട്ടിലാണ് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചത്. ഇതോടെ ഈ വർഷം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.
പകർച്ചപ്പനി ബാധിതരുടെ എണ്ണവും സംസ്ഥാനത്ത് വർധിക്കുകയാണ്. ഇന്ന് 10,204 പേർക്ക് പനി സ്ഥിരീകരിച്ചു.

സ്‌കൂളില്‍ മിന്നല്‍ സന്ദര്‍ശനം; മന്ത്രിക്ക് നൽകിയ ചോറില്‍ തലമുടി

തിരുവനന്തപുരം: ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധിക്കാനായി മിന്നല്‍ പരിശോധന നടത്തിയ മന്ത്രിക്ക് കിട്ടിയ ഭക്ഷണത്തില്‍ തലമുടി. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് ഭക്ഷ്യമന്ത്രി ജിആര്‍ അനിലിന് തലമുടി കിട്ടിയത്. തുടര്‍ന്ന് മുടി കിട്ടിയ ഭക്ഷണം മാറ്റി മന്ത്രിക്ക് വേറെ ഭക്ഷണം നല്‍കി.

ചില സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിലാണ് ഉച്ചഭക്ഷണവിതരണവുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായി മന്ത്രിമാര്‍ തന്നെ നേരിട്ടെത്തിയത്. ഇന്നലെ മന്ത്രി കോഴിക്കോട്ടെ സ്‌കൂളുകളിലും സന്ദര്‍ശനം നടത്തിയിരുന്നു.
ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങള്‍, വാട്ടര്‍ടാങ്ക്, ശൗചാലയങ്ങള്‍, ഉച്ചഭക്ഷണസാമഗ്രികളുടെ കാലപ്പഴക്കം തുടങ്ങിയവ പരിശോധനനടത്താന്‍ വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയേഗം തീരുമാനിച്ചിരുന്നു. പൊതുവിദ്യാഭ്യാസവകുപ്പ്, ആരോഗ്യവകുപ്പ്, പൊതുവിതരണവകുപ്പ്, ഭക്ഷ്യസുരക്ഷാവകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പരിശോധന.
ഒരാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ സ്‌കൂളുകളിലെയും കുടിവെള്ളപരിശോധന ജലഅതോറിറ്റിയുമായും മറ്റു വകുപ്പുകളുമായും ചേര്‍ന്ന് പൂര്‍ത്തിയാക്കും. ആറുമാസത്തിലൊരിക്കല്‍ കുടിവെള്ളപരിശോധനയുണ്ടാകും.ജില്ലകളിലെ ഉച്ചഭക്ഷണ സൂപ്പര്‍വൈസര്‍മാരും ഉപജില്ലാതലങ്ങളിലെ ഉച്ചഭക്ഷണ ഉദ്യോഗസ്ഥരും സ്‌കൂളുകളിലെത്തിയാകും പരിശോധന നടത്തുക. വിദ്യാര്‍ഥികള്‍ക്ക് ശുചിത്വബോധവത്കരണം നല്‍കും. പാചകത്തൊഴിലാളികള്‍ക്ക് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശീലനം നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here