പ്രശസ്‌ത പത്രപ്രവര്‍ത്തകനും മാതൃഭൂമി മുന്‍ എഡിറ്ററുമായ വി.പി. രാമചന്ദ്രന്‍ അന്തരിച്ചു

0

കൊച്ചി: പ്രശസ്‌ത പത്രപ്രവര്‍ത്തകനും മാതൃഭൂമി മുന്‍ എഡിറ്ററുമായ വി.പി. രാമചന്ദ്രന്‍ (98) അന്തരിച്ചു. എറണാകുളം കാക്കനാട്‌ മാവേലിപുരത്തെ വീട്ടില്‍ ഇന്നലെ രാത്രി എട്ടോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന്‌ ഉച്ചയ്‌ക്കു രണ്ടിനു കാക്കനാട്‌ അത്താണി പൊതുശ്‌മശാനത്തില്‍. രാവിലെ ഒന്‍പതു മുതല്‍ 12 വരെ മാവേലിപുരം എം.ആര്‍.എ. ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്‌ക്കും. ഭാര്യ: പരേതയായ ഗൗരി. മകള്‍: ലേഖ. മരുമകന്‍: ചന്ദ്രശേഖരന്‍.
വലിയ സ്‌കൂപ്പുകള്‍ക്കൊപ്പമാണ്‌ വെട്ടത്ത്‌ പുത്തന്‍വീട്ടില്‍ രാമചന്ദ്രന്‍ എന്ന വി.പി.ആറിന്റെ സ്‌ഥാനം. പ്രസിഡന്റ്‌ അയ്യൂബ്‌ ഖാന്‍ പാകിസ്‌താനില്‍ പട്ടാളനിയമം പ്രഖ്യാപിച്ച വാര്‍ത്ത ലോകമറിഞ്ഞതു വി.പി.ആറിലൂടെയായിരുന്നു. ഇന്ത്യ-ചൈന യുദ്ധവും ബംഗ്ലാദേശ്‌ പ്രശ്‌നവും വിയറ്റ്‌നാം യുദ്ധവും വി.പി.ആറിന്റെ കൈയൊപ്പു പതിഞ്ഞ റിപ്പോര്‍ട്ടുകളാണ്‌. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ വിശ്വസ്‌തനെന്നാണ്‌ അദ്ദേഹം അറിയപ്പെട്ടിരുന്നത്‌.
തിരുവില്വാമല സ്വദേശി അഡ്വ.തൊഴൂര്‍ ശേഖരന്‍നായരുടെയും വെട്ടത്ത്‌ രുഗ്മിണി അമ്മയുടെയും മകനായി 1924 ഏപ്രില്‍ 21 നു തൃശൂരിലെ വടക്കാഞ്ചേരി താണപടിയില്‍ ജനിച്ചു. പഠനശേഷം മിലിറ്ററി അക്കൗണ്ട്‌സില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കായി. അതിനിടെ ന്യൂസ്‌ ഏജന്‍സിയായ അസോസിയേറ്റഡ്‌ പ്രസ്‌ ഓഫ്‌ ഇന്ത്യ (എ.പി.ഐ.)യുടെ പുനെ ഓഫീസില്‍ ടൈപ്പിസ്‌റ്റായി നിയമനം ലഭിച്ചു. പിന്നീടു മുംബൈയിലെ ഹെഡ്‌ ഓഫീസില്‍ ടെലിപ്രിന്റര്‍ ഓപ്പറേറ്ററായി നിയമിച്ചു. എഡിറ്റോറിയല്‍ അസിസ്‌റ്റന്റ്‌ എന്ന തസ്‌തികയിലേക്കു പിന്നീടുയര്‍ന്നു. എ.പി.ഐയുടെ സ്‌ഥാനത്തു പി.ടി.ഐ. രൂപവത്‌കരിക്കപ്പെട്ടപ്പോള്‍ പത്രപ്രവര്‍ത്തകനായി. 1951 ലെ പൊതുതെരഞ്ഞെടുപ്പില്‍ പി.ടി.ഐയുടെ ഡല്‍ഹിയിലെ ഇലക്ഷന്‍ ഡെസ്‌കിലായിരുന്നു ആദ്യ നിയമനം. 1956 ലെ പൊതുതെരഞ്ഞെടുപ്പു വേളയില്‍ പഞ്ചാബില്‍ നിയമിക്കപ്പെട്ടു. ഇതിനു പിന്നാലെ ലാഹോറില്‍ വിദേശകാര്യ ലേഖകനായി. 1959 മുതല്‍ ആറു വര്‍ഷം ലാഹോറില്‍ ലേഖകനായിരുന്നു. ലാഹോറില്‍ അയൂബ്‌ ഖാന്‍ ഉള്‍പ്പെടെയുള്ളവരുമായി മികച്ച ബന്ധം സ്‌ഥാപിക്കാനായി. ഇന്ത്യ-ചൈന യുദ്ധകാലത്തു പട്ടാളക്കാരോടൊപ്പം യൂണിഫോമില്‍ യുദ്ധമുന്നണിയില്‍നിന്നു റിപ്പോര്‍ട്ട്‌ ചെയ്‌തു.
1964 ല്‍ പി.ടി.ഐ. വിട്ടു യു.എന്‍.ഐയില്‍ ചേര്‍ന്നു. 1965ല്‍ യു.എന്‍.ഐയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജരായി. 1971 വരെ ഈ സ്‌ഥാനത്തു തുടര്‍ന്നു. 1978 ലാണ്‌ യു.എന്‍.ഐ. വിട്ട്‌ മാതൃഭൂമിയില്‍ ചേര്‍ന്നത്‌. എക്‌സിക്യൂട്ടീവ്‌ എഡിറ്ററായിട്ടായിരുന്നു നിയമനം. 1979ല്‍ മാതൃഭൂമിയുടെ സ്‌ഥാപക പത്രാധിപര്‍ കെ.പി. കേശവമേനോന്‍ അന്തരിച്ചപ്പോള്‍ പത്രാധിപരായി. 1984ല്‍ മാതൃഭൂമിയില്‍നിന്നു രാജിവച്ചു. 1989ല്‍ പ്രസ്‌ അക്കാദമിയുടെ കോഴ്‌സ്‌ ഡയറക്‌ടറായി ചേര്‍ന്നു. മൂന്നു വര്‍ഷത്തിനുശേഷം അക്കാദമിയുടെ ചെയര്‍മാനുമായി.

LEAVE A REPLY

Please enter your comment!
Please enter your name here