ഡോളർക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇ ഡിക്ക് നൽകാനാവില്ലെന്ന് എറണാകുളം എ.സി.ജെ.എം കോടതി

0

ഡോളർക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇ ഡിക്ക് നൽകാനാവില്ലെന്ന് എറണാകുളം എ.സി.ജെ.എം കോടതി. രഹസ്യമൊഴി ആവശ്യപ്പെട്ട് കൊണ്ടുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ അപേക്ഷ കോടതി തള്ളി. കോടതി വഴി മൊഴി ഇഡിക്ക് നൽകുന്നതിനെ കസ്റ്റംസ് എതിർത്തിരുന്നു. അന്വേഷണം പൂർത്തിയാക്കാത്തതിനാൽ മൊഴി നൽകാനാവില്ലെന്നും കസ്റ്റംസ് വാദിച്ചതോടെയാണ് കോടതി ഇക്കാര്യം അറിയിച്ചത്.

രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഇ.ഡി.യുടെ അപേക്ഷയിൽ വ്യാഴാഴ്ച രാവിലെ കോടതി വിശദമായ വാദം കേട്ടിരുന്നു. അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ മൂന്നാമതൊരാൾക്ക് രഹസ്യമൊഴിയുടെ പകർപ്പ് നൽകാനാവില്ലെന്ന കാര്യം കസ്റ്റംസ് അഭിഭാഷകൻ കോടതിയിൽ സൂചിപ്പിച്ചു. ഇതുസംബന്ധിച്ച സുപ്രീംകോടതിയുടെ ഉത്തരവും പരാമർശിച്ചു. തുടർന്നാണ് ഇ.ഡി.യുടെ അപേക്ഷ കോടതി തള്ളിയത്.

അതിനിടെ, സ്വപ്ന സുരേഷ്, പി.സി. ജോർജ് എന്നിവർ പ്രതികളായ ഗൂഢാലോചന കേസിൽ സരിത്തിനെ പൊലീസ് ചോദ്യംചെയ്തു. കൊച്ചി പൊലീസ് ക്ലബിൽ വ്യാഴാഴ്ച രാവിലെ മുതലായിരുന്നു ചോദ്യംചെയ്യൽ. മൊഴികൾ പരിശോധിച്ച ശേഷം സരിത്തിനെ കേസിൽ പ്രതിചേർക്കണമോ എന്നതിലടക്കം പൊലീസ് തീരുമാനമെടുക്കും.

നേരത്തെ ഇതേ കേസിൽ ഷാജ് കിരണിനെയും സുഹൃത്ത് ഇബ്രാഹിമിനെയും പൊലീസ് ചോദ്യംചെയ്തിരുന്നു. സ്വർണക്കടത്ത് കേസിൽ ചോദ്യംചെയ്യലിനായി സ്വപ്ന സുരേഷും വ്യാഴാഴ്ച ഇ.ഡി.ക്ക് മുന്നിൽ ഹാജരായി.

അതേ സമയം സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്(ഇ.ഡി) നേരത്തെ കൈമാറിയിരുന്നു. ഇ.ഡി. നൽകിയ അപേക്ഷ പരിഗണിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് മൊഴി പകർപ്പ് ഇ.ഡി.യ്ക്ക് കൈമാറിയത്.

സ്വർണക്കടത്ത് കേസിലും ഡോളർ കടത്ത് കേസിലും 2020-ലാണ് സ്വപ്ന സുരേഷ് കസ്റ്റംസിന് രഹസ്യമൊഴി നൽകിയിരുന്നത്. ഈ മൊഴികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പി. ശ്രീരാമകൃഷ്ണൻ തുടങ്ങിയവർക്കെതിരേ പരാമർശങ്ങളുണ്ടെന്ന് കസ്റ്റംസ് കമ്മീഷണറായിരുന്ന സുമിത്ത്കുമാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും വെളിപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here