സൗദിയിൽ മലയാളി അധ്യാപകന്റെ വൻ തട്ടിപ്പ്; ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി കൈക്കലാക്കിയത് 10 കോടിയോളം രൂപ; എൺപതോളം പേരിൽ നിന്നായി തട്ടിയെടുത്ത തുകയുമായി മുങ്ങിയത് കോഴിക്കോട് സ്വദേശിയെന്നും പരാതി

0

ജിദ്ദ: സൗദിയിൽ മലയാളി അധ്യാപകന്റെ വൻ തട്ടിപ്പ്. ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി എൺപതോളം പേരിൽ നിന്നായി 10 കോടിയോളം രൂപ കൈക്കലാക്കി മുങ്ങിയെന്നാണ് പരാതി. ഇയാളുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് വാർത്താസമ്മേളനം നടത്തിയാണ് ഇക്കാര്യം അറിയിച്ചത്. തട്ടിപ്പ് നടത്തിയ അധ്യാപകൻ കോഴിക്കോട് സ്വദേശിയാണെന്നും പരാതിയിൽ പറയുന്നുണ്ട്.

റിയാദ് ഇന്ത്യൻ എംബസി, നോർക്ക, ഡിജിപി എന്നിവർക്കു പരാതി നൽകിയതായി സഹപ്രവർത്തകർ അറിയിച്ചു. ആറു വർഷത്തോളം ബിൻ ലാദൻ കമ്പനിയിൽ ജോലി ചെയ്ത വ്യക്തി ഇപ്പോൾ മൂന്നു വർഷമായി റിയാദിലെ സ്വകാര്യ സ്‌കൂളിൽ കെമിസ്ട്രി അധ്യാപകനായാണു ജോലി ചെയ്തിരുന്നത്. ബിൻ ലാദൻ കമ്പനിയിലെ സഹപ്രവർത്തകരുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ച ഇയാൾ അവരിൽ പലരുടെയും ശമ്പളവും ജോലിയിൽ നിന്നു പിരിയുമ്പോൾ കിട്ടുന്ന സർവീസ് ആനുകൂല്യങ്ങളുമെല്ലാം ബിസിനസിനെന്ന് പറഞ്ഞു കൈക്കലാക്കി.

ഏതാനും നഴ്‌സുമാർ ബാങ്കുകളിൽ നിന്നു വായ്പയെടുത്ത് ഇദ്ദേഹത്തിനു നൽകിയിട്ടുണ്ട്. താൻ നൽകുന്ന ലാഭവിഹിതത്തിൽ നിന്നു ലോൺ അടച്ചുതീർത്താൽ മതിയെന്നു വിശ്വസിപ്പിച്ചാണ് ലോണെടുക്കാൻ അവരെ പ്രേരിപ്പിച്ചത്. ദുബായിൽ നിന്നു സൗദിയിലേക്ക് ചോക്‌ലറ്റ് ഇറക്കുമതി ചെയ്യുന്ന ബിസിനസാണെന്നാണു ചിലരോട് ഇദ്ദേഹം പറഞ്ഞിരുന്നത്. മറ്റു ചിലരിൽ നിന്നു ചിട്ടിയെന്നു വിശ്വസിപ്പിച്ച് എല്ലാ മാസവും വൻതുക വാങ്ങിയിരുന്നു. പലർക്കും പല സമയങ്ങളിലും ലാഭവിഹിതമായി ചെറിയ സംഖ്യകൾ നൽകുകയും ചെയ്തു.

കഴിഞ്ഞ ആറു വർഷത്തിനിടെ പലർക്കും നാമമാത്ര ലാഭം നൽകുന്നതോടൊപ്പം വൻതുക നിക്ഷേപം സ്വീകരിക്കുകയും ചെയ്തു. ഇത്രയും കാലത്തെ സമ്പാദ്യമാണ് ഇയാൾ അടിച്ചുമാറ്റിയതെന്ന് ഇവർ പറയുന്നു. അതിനിടെ ഭാര്യയുടെ ഉമ്മക്ക് സുഖമില്ലെന്നും അവരെ വിമാനത്താവളത്തിൽ എത്തിച്ച് തിരിച്ചുവരാമെന്നും പറഞ്ഞ് ഒന്നരമാസം മുമ്പാണ് ഇവിടെ നിന്നു മുങ്ങിയത്. എന്നാൽ നാട്ടിലന്വേഷിച്ചപ്പോൾ അങ്ങനെ ആർക്കും അസുഖമില്ലെന്നും അവർ അവിടെ എത്തിയിട്ടില്ലെന്നും വ്യക്തമായി. 13 വർഷമായി ബന്ധമില്ലെന്നാണ് വീട്ടുകാർ പറയുന്നതെങ്കിലും 2019ൽ അയാളുടെ മാതാപിതാക്കൾ റിയാദിൽ സന്ദർശക വിസയിൽ വന്നു താമസിച്ചിട്ടുണ്ട്.

ഇദ്ദേഹം ഇന്ത്യയിലെത്തിട്ടുണ്ടെന്ന് എംബസി അറിയിച്ചതായി ഇവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സാബിർ മുഹമ്മദ്, അൻസൽ മുഹമ്മദ്, സമദ് പള്ളിക്കൽ, സമീർ, സജീറുദ്ദീൻ, സതീഷ് കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply