ചെന്നൈ: തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച് നിവാർ ചുഴലിക്കാറ്റ്. തമിഴ്നാട്ടിൽ അഞ്ച് പേരാണ് ചുഴലിക്കാറ്റിൽ മരിച്ചത്. വ്യാപക കൃഷിനാശമുണ്ടായി. നിരവധി വീടുകൾ തകർന്നു. ലക്ഷകണക്കിന് പേരെ മാറ്റിപാർപ്പിച്ചതാണ് ആളപായം കുറച്ചത്. ചുഴലിക്കാറ്റിൻ്റെ തീവ്രത കുറഞ്ഞതോടെ വിമാന – ട്രെയിൻ സർവ്വീസുകൾ പുനരാരംഭിച്ചു.
മണിക്കൂറിൽ 145 കിലോമീറ്റർ വേഗത്തിലാണ് കടലൂർ – പുതുച്ചേരി തീരത്ത് ചുഴലിക്കാറ്റ് കര തൊട്ടത്. പുലർച്ച രണ്ടരയോടെ തീരത്തെത്തിയ നിവാർ ആറ് മണിക്കൂർ അതിതീവ്ര ചുഴലിക്കാറ്റായി വീശിയടിച്ചു. പുതുച്ചേരിയിലും തമിഴ്നാടിൻ്റെ തീരമേഖലയിലുമാണ് നാശനഷ്ടങ്ങൾ ഏറെയും റിപ്പോർട്ട് ചെയ്തത്. ചെന്നൈ നഗരത്തിൽ ഉൾപ്പടെ മരങ്ങൾ കടപുഴകി വീണു. നൂറ് കണക്കിന് വീടുകൾ തകർന്നു.
കാർഷിക മേഖലയായ തമിഴ്നാടിൻ്റെ വടക്കൻ ജില്ലകളിൽ ഏക്കറ് കണക്കിന് കൃഷി നാശമുണ്ടായി. വില്ലുപുരത്ത് വീട് തകർന്ന് വീണ് 47 വയസുള്ള സ്ത്രീയും വൈദ്യുതാഘാതമേറ്റ് 16 കാരൻ ഉൾപ്പടെ മൂന്ന് പേരും മരിച്ചു. ചെന്നൈയിൽ മരം തലയിൽ വീണ് 40 കാരൻ മരിച്ചു. ചെന്നൈയിൽ തുടരുന്ന ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തനിടിയിലായി.
പുതുച്ചേരിയിൽ മുഖ്യമന്ത്രി നാരായണസ്വാമിയുടെ വീട്ടിലടക്കം വെള്ളം കയറി. വെള്ളം നിറഞ്ഞതോടെ ചെന്നൈ നഗരത്തിൻ്റെ ജലസേചന ആവശ്യങ്ങൾ നിറവേറ്റുന്ന ചെമ്പരക്കം തടാകത്തിൻ്റെ ഏഴ് ഷട്ടറുകൾ കൂടി തുറന്നു. കനത്ത നാശനഷ്ടങ്ങൾക്കിടയിലും വലിയ ആളപായം സംഭവിക്കാതിരുന്നതിൻ്റെ ആശ്വാസത്തിലാണ് സർക്കാർ. കൃത്യമായ ആസൂത്രണത്തോടെ കേന്ദ്രസേനയുടെ മേൽനോട്ടത്തിൽ ദിവസങ്ങൾക്കു മുമ്പേ ആളുകളെ മാറ്റിപാർപ്പിച്ചതാണ് വൻ ദുരന്തം ഒഴിവാക്കിയത്. 5000 ക്യാമ്പുകളിലായി രണ്ടര ലക്ഷം ആളുകളാണ് നിലവിൽ കഴിയുന്നത്.
അതിതീവ്ര ചുഴലിക്കാറ്റായി എത്തിയ നിവാറിൻ്റെ വേഗം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. മണിക്കൂറിൽ 50 കിമി വേഗമുള്ള ചുഴലിക്കാറ്റായി നിവാർ വ്യാഴാഴ്ച ഉച്ചയോടെ മാറിയിട്ടുണ്ട്. ആശങ്ക ഒഴിഞ്ഞ് തുടങ്ങിയതോടെ പൊതുഗതാഗതം പുനരാരംഭിച്ചു തുടങ്ങി. ചെന്നൈ വിമാനത്താവളം പത്ത് മണിയോടെ തുറന്നു. ചെന്നൈ മെട്രോ സർവ്വീസ് പുനരാരംഭിച്ചു. ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് ഉൾപ്പടെയുള്ള ട്രെയിൻ സർവ്വീസും ഉടൻ തുടങ്ങുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. Chennai: Hurricane Nivar has wreaked havoc in southern Indian states. Five killed in Tamil Nadu cyclone There was widespread crop failure