ബെയ്ജിങ്: കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള അതിതീവ്ര ശ്രമങ്ങൾക്കിടെ ചൈനയിൽ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 106 ആയി. 4193-പേരിൽ രോഗം സ്ഥിരീകരിച്ചതായി ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷൻ ചൊവ്വാഴ്ച രാവിലെ അറിയിച്ചു. തിങ്കളാഴ്ച മാത്രം 1300 പേരിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. തലസ്ഥാനമായ ബീജിങിലും ആദ്യമായി രോഗം കണ്ടെത്തി.
മരിച്ചവരുടെ എണ്ണത്തിൽ 23 ശതനമാനവും രോഗം ബാധിച്ചവരുടെ എണ്ണത്തിൽ 31 ശതമാനവും വർധനവാണ് ഒരു ദിവസത്തിനിടെ ഉണ്ടായിട്ടുള്ളത്. മരിച്ചവരിൽ മിക്കവരും വൈറസ് ആദ്യം റിപ്പോർട്ടുചെയ്ത ഹുബൈ പ്രവിശ്യയിലുള്ളവരാണ്. രോഗികളുമായി അടുത്ത് സമ്പർക്കം പുലർത്തിയ 32,799 പേർ നിരീക്ഷണത്തിലാണ്. ചൈനയിലെ എല്ലാ പ്രവിശ്യകളിലും വൈറസ് റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
ചൈനീസ് പ്രധാനമന്ത്രി ലി കുചിയാങ് തിങ്കളാഴ്ച ഹുബൈ തലസ്ഥാനമായ വുഹാനിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വൈറസ് ബാധ നിയന്ത്രിക്കാനുള്ള നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ ചെയർമാനാണ് കുചിയാങ്. ഇതിനിടെ ജർമനിയിലും ശ്രീലങ്കയിലും രോഗ ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. ഒരു ചൈനീസ് വനിതയിലാണ് ശ്രീലങ്കയിൽ രോഗം കണ്ടെത്തിയത്. ചൈനയിലേക്ക് യാത്ര ചെയ്യുന്നതിന് യുഎസ് പൗരൻമാർക്ക് കർശന മുന്നറിയിപ്പ് നൽകി.
ബെയ്ജിങ്ങിൽ അടിയന്തരയോഗം
സ്ഥിതി വിലയിരുത്താൻ ലോകാരോഗ്യ സംഘടന തിങ്കളാഴ്ച ബെയ്ജിങ്ങിൽ യോഗം ചേർന്നു. ചൈനീസ് ഭരണകൂടവുമായും ആരോഗ്യവിദഗ്ധരുമായും ഡബ്ല്യു.എച്ച്.ഒ. ഡയറക്ടർ ജനറൽ തെഡ്രോസ് അധാനോം ഗെബ്രിയെസൂസ് ചർച്ച നടത്തി. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ഡബ്ല്യു.എച്ച്.ഒ. നേരത്തേ വ്യക്തമാക്കിയിരുന്നു.
കൂടുതലാളുകളിലേക്ക് വൈറസ് പടരുന്നത് തടയാനായി ചൈനയിൽ പുതുവത്സരാവധിക്കാലം ഫെബ്രുവരി രണ്ടിലേക്ക് നീട്ടി. രാജ്യത്തുടനീളം ഗതാഗത-യാത്രാനിയന്ത്രണവും ശക്തമാക്കി. സമ്മേളനങ്ങൾക്കും ആഘോഷപരിപാടികൾക്കും വിലക്കുണ്ട്. അതിവേഗം പടരുന്ന തരത്തിൽ വൈറസ് ശക്തിപ്രാപിച്ചിട്ടുണ്ടെന്ന് വുഹാൻ മേയർ ജൗ ഷിയാൻവാങ് പറഞ്ഞു.
വിദേശപൗരന്മാരെ ഒഴിപ്പിക്കുന്നു
യാത്രാവിലക്കേർപ്പെടുത്തിയിട്ടുള്ള വുഹാനിൽ കുടുങ്ങിയ പൗരന്മാരെ ഒഴിപ്പിക്കാൻ വിദേശ സർക്കാരുകൾ ശ്രമം തുടങ്ങി. പൗരന്മാരെയും എംബസി ഉദ്യോഗസ്ഥരെയും കുടുംബങ്ങളെയും സാൻഫ്രാൻസിസ്കോയിലെത്തിക്കാൻ ചൊവ്വാഴ്ച ചാർട്ടേഡ് വിമാനം വുഹാനിലേക്കയക്കുമെന്ന് യു.എസ്. വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഫ്രാൻസ്, ജപ്പാൻ, ശ്രീലങ്ക, സ്പെയിൻ എന്നീ രാജ്യങ്ങളും വിമാനം അയയ്ക്കും. മുൻകരുതലിന്റെ ഭാഗമായി ചൈനയുമായുള്ള അതിർത്തി മംഗോളിയ അടച്ചു.
കേരളത്തിൽ 436 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തും ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്തി. രോഗബാധിത പ്രദേശത്തുനിന്ന് സംസ്ഥാനത്തേക്ക് 436 പേർ കഴിഞ്ഞദിവസംവരെ എത്തിയിട്ടുണ്ട്. ഇതിൽ 431 പേർ വിവിധ ആശുപത്രികളിലും അഞ്ചുപേർ വീടുകളിലും നിരീക്ഷണത്തിലാണ്. രോഗം സംശയിക്കുന്നവരുടെ രക്തസാമ്പിളുകൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. സംസ്ഥാനത്ത് ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.