ന്യൂഡൽഹി: ഐആർസിടിസിയുടെ ഓൺലൈൻ ടിക്കറ്റ് റാക്കറ്റ് പരാമർശിക്കുന്ന ‘ഗുരുജി’ ഐആർസിടിയിൽ നേരത്തേ പ്രോഗ്രാമറായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണെന്ന് അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു. 2017ൽ ഇയാളെ സിബിഐ അറസ്റ്റു ചെയ്തിരുന്നു. പിന്നീടു ജാമ്യത്തിലിറങ്ങി മുങ്ങി. തട്ടിപ്പു സംഘത്തിന് രാജ്യത്തെ എല്ലാ ജില്ലകളിലും ബന്ധമുളളതായാണു വിവരം. ഐആർസിടിസി വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഒടിപിയോ, ക്യാപ്ചയോ ഇല്ലാതെ ടിക്കറ്റുകൾ ബുക്കു ചെയ്ത് മറിച്ചു വിൽക്കുകയാണു ചെയ്തിരുന്നത്. പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ചായിരുന്നു ഇതു ചെയ്തത്.
രാജ്യവ്യാപകമായി ഓൺലൈൻ ടിക്കറ്റ് തട്ടിപ്പു നടത്തിയ റാക്കറ്റ് നേതാവിനെ കഴിഞ്ഞ ദിവസം അധികൃതർ പിടികൂടിയിരുന്നു. പിടിയിലായ ജാർഖണ്ഡ് സ്വദേശി ഗുലാം മുസ്തഫയെ അന്വേഷകർ വിശദമായി ചോദ്യം ചെയ്യുകയാണ്. പെൺകെണിയിൽ കുടുക്കിയാണ് ഗുലാംമുസ്തഫയെ പിടികൂടിയത്. ഗുരുജി എന്നയാളാണ് പണം വിദേശത്തേക്കു കൈമാറാൻ സഹായിച്ചതെന്നാണ് ഇയാൾ പറഞ്ഞത്. പ്രതിമാസം 15 കോടി രൂപയാണ് രാജ്യത്തെ വിവിധ സ്ഥലങ്ങളിലുള്ള ഇയാളുടെ അക്കൗണ്ടുകളിലേക്കു വന്നിരുന്നത്. 536 ഐഡികൾ ഇയാൾ തന്നെ ഉപയോഗിച്ചിരുന്നു.
ഒരേ സമയം ലോഗ് ചെയ്ത് തട്ടിപ്പു സോഫ്റ്റ്വെയർ ഉപയോഗിച്ചാണു ടിക്കറ്റുകൾ ബുക്കു ചെയ്തിരുന്നത്. എസ്ബിഐയുടെ 2400 അക്കൗണ്ടുകളും പ്രാദേശിക ബാങ്കുകളിൽ 600 അക്കൗണ്ടുകളും ഇയാൾക്കുള്ളതാണു വിവരം. ആധാർ കാർഡ് ഉണ്ടാക്കാനുള്ള ആപ്ലിക്കേഷനും ഇയാളുടെ ലാപ്ടോപിലുണ്ടായിരുന്നു. മദ്രസ വിദ്യാഭ്യാസം മാത്രമാണ് ഇയാൾക്കുള്ളതെന്ന് അന്വേഷകർ പറഞ്ഞു.
സംഘത്തിന്റെ മുഖ്യ സൂത്രധാരനായ ഹാമിദ് അഷ്റഫ് ദുബായിലാണെന്നാണ് കരുതുന്നത്. താൻ കുറ്റക്കാരനല്ലെന്നും ഐആർസിടിസി വെബ്സൈറ്റിന്റേതാണു കുഴപ്പമെന്നും ഇയാൾ ആർപിഎഫിനു മെയിൽ അയച്ചിട്ടുണ്ട്. അറസ്റ്റു ചെയ്തതു കൊണ്ടു പ്രശ്നം തീരില്ലെന്നും പ്രതിമാസം 2 ലക്ഷം രൂപ ശമ്പളം തന്നാൽ എത്തിക്കൽ ഹാക്കറായി ഐആർസിടിസിയെ സഹായിക്കാമെന്നും ഇയാൾ വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
ഐആർസിടിസി സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റത്തിന്റെ സഹായത്തോടെ രൂപകൽപന ചെയ്ത ബുക്കിങ് സോഫ്റ്റ്വെയർ ഒരുപാടു പാളിച്ചകളുള്ളതാണെന്ന് 500 തവണയെങ്കിലും മെയിൽ മുഖേനയും വാട്സാപ് മുഖേനയും ബന്ധപ്പെട്ടവരെ അറിയിച്ചതായും ഹാമിദ് അഷ്റഫ് ആർപിഎഫിനോടു പറഞ്ഞു. പക്ഷേ ആരും പരിഗണിച്ചില്ല. പിന്നീടാണ് തട്ടിപ്പു നടത്താൻ തീരുമാനിച്ചത്.