ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും ബസ് മോഷണം പോയി; 4 വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു; കലൂരിൽ ടിപ്പറുമായി കൂട്ടിയിടിച്ചതോടെ കള്ളന് കിട്ടിയത് എട്ടിൻ്റെ പണി

0

പോളി വടക്കൻ

കൊച്ചി: ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും ബസ് മോഷണം പോയി. ഇന്ന് വെളുപ്പിന് രണ്ടു മണിയോടെയാണ് സംഭവം. കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ യൂണിഫോമിൽ എത്തിയ യുവാവാണ് ബസുമായി കടന്നുകളഞ്ഞത്. സ്റ്റാൻ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ ബസ് കാറിൽ ഇടിച്ചു. തുടർന്ന് കാർ ഉടമ പരാതിയുമായി സ്റ്റേഷൻ മാസ്റ്ററുടെ അടുത്തെത്തി. എന്നാൽ അങ്ങനൊരു ബസ് ഡിപ്പോയിൽ ഇല്ലെന്നായിരുന്നു ആദ്യ പ്രതികരണം. പിന്നീട് നടത്തിയ അന്വേഷണത്തിൽ കോഴിക്കോടിന് പോകേണ്ട ബസ് ആണ് ഇടിച്ചത് എന്ന് വ്യക്തമായി.

ബസ് മോഷണം പോയതായി വ്യക്തമായതോടെ അന്വേഷണം തുടങ്ങി. അപ്പോഴേക്കും ബസ് മറ്റു മൂന്നു വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചിരുന്നു. ഇടിച്ചിട്ടും മുന്നോട്ടു പോയ ബസ് കലൂരിൽ ടിപ്പർ ലോറിയുമായി വീണ്ടും കൂട്ടി ഇടിച്ചു. ട്രാഫിക് ബ്ലോക്ക് ആയതോടെ മോഷ്ടാവ് ഇറങ്ങി ഓടി. നാട്ടുകാർ ഓടിച്ചിട്ട് പിടികൂടിയ യുവാവിനെ എറണാകുളം നോർത്ത് സ്റ്റേഷനിൽ ഏൽപ്പിച്ചു. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് നോർത്ത് പോലീസ് പറഞ്ഞു.

Leave a Reply